നിന്നാല്‍ ജയിച്ചിരിക്കും; കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥിത്വം തള്ളാതെ ബ്രിജ്ഭൂഷണ്‍

ബ്രിജ്ഭൂഷണ്‍ റാലിയില്‍ |ഫോട്ടോ:PTI
ബ്രിജ്ഭൂഷണ്‍ റാലിയില്‍ |ഫോട്ടോ:PTI

ലക്‌നൗ: കൈസര്‍ഗഞ്ജില്‍ ഇത്തവണയും താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി ബി.ജെ.പി നേതാവും മുന്‍ ഗുസ്തി ഫെഡറേഷന്‍  പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍. മണ്ഡലത്തില്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി ഞാന്‍ തന്നെയാണ്. പാര്‍ട്ടി ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 99.9 ശതമാനവും താന്‍ തന്നെയായിരിക്കും ഇവിടെ മത്സരിക്കുകയെന്നും ബ്രിജ്ഭൂഷണ്‍ പറഞ്ഞു. 

പാര്‍ട്ടി ഇവിടെ പത്രിക സമര്‍പ്പിക്കുന്നതിന്‌ ഒരു മണിക്കൂര്‍ മുമ്പ് സ്ഥാനാര്‍ഥിയായി തന്നെ പ്രഖ്യാപിച്ചാലും ജനങ്ങള്‍ വിജയിപ്പിക്കും. കഴിഞ്ഞ തവണ രണ്ടര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അവസരം കിട്ടിയാല്‍ ഇത്തവണ അഞ്ചുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും ബ്രിജ്ഭൂഷണ്‍ പറഞ്ഞു. 

മണ്ഡലത്തില്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥി ഞാന്‍ തന്നെയാണ്. ദൈവം തീരുമാനിച്ചാല്‍ മത്സരിക്കുമെന്നും ബ്രിജ്ഭൂഷണ്‍ ചൂണ്ടിക്കാട്ടി. എ.എന്‍.ഐ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു ബ്രിജ്ഭൂഷണ്‍. 2009 മുതല്‍ കൈസര്‍ഗഞ്ജ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്‌ ബ്രിജ്ഭൂഷനാണ്. വനിതാ ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയില്‍ വലിയ വിവാദത്തിലായ ബി.ജെ.പി നേതാവായിരുന്നു ബ്രിജ്ഭൂഷണ്‍. 

ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണിനെതിരേ ഡല്‍ഹി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരേ  ചുമത്തിയിരുന്നത്. 
 

Content Highlights: will brij bhushan contest from UPs kaiserganj