മോദി കി ഗാരന്റിയില്‍ ബി.ജെ.പി.; രാജസ്ഥാനില്‍ സഖ്യത്തിലേറി കോണ്‍ഗ്രസ്

അതിവേനലിന്റെ ആദ്യപകുതിയില്‍ മരുഭൂമിയില്‍നിന്ന് വീശിയടിക്കുന്ന വരണ്ടകാറ്റില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ് രാജസ്ഥാനിലും. 2014-ലെയും 2019-ലെയും സമ്പൂര്‍ണ വിജയവും ആറുമാസംമുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചുവരവും ബി.ജെ.പി.ക്ക് ആത്മവിശ്വാസം പകരുമ്പോള്‍ മോദിയെയും മോദി കി ഗാരന്റിയെയും പിന്‍പറ്റി കളംപിടിക്കാനൊരുങ്ങിയിരിക്കുകയാണ് അവര്‍.
എന്നാല്‍, തുടരെയുള്ള തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇത്തവണ ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.ജെ.പി.യില്‍നിന്നെത്തിയ സിറ്റിങ് എം.പി.മാര്‍ക്കുള്‍പ്പെടെ സീറ്റ് നല്‍കിയതും ഈ കരുതലിന്റെ ഭാഗമായാണ്. ഇതൊക്കെക്കൊണ്ടുതന്നെ ആകെയുള്ള 25 മണ്ഡലങ്ങളില്‍ അരഡസന്‍ മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി.- ഇന്ത്യ സഖ്യത്തിന്റെ കടുത്തപോരാട്ടം ഉറപ്പാണ്. ഏപ്രില്‍ 19-ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ജയ്പുര്‍ സിറ്റി, ജയ്പുര്‍ റൂറല്‍ ഉള്‍പ്പെടെ പന്ത്രണ്ട് സീറ്റുകളിലാണ് വിധിയെഴുത്ത് നടക്കുക. ഏപ്രില്‍ 26-ന് മധ്യ, തെക്കന്‍ രാജസ്ഥാനിലെ 13 മണ്ഡലങ്ങളും ജനവിധി തേടും.
കോണ്‍ഗ്രസ് കണ്ണുവെക്കുന്നത് ആറ് മണ്ഡലങ്ങള്‍
സിക്കാര്‍, നാഗൗര്‍, ചുരു, കോട്ട, ബന്‍സ്വാര, ബാര്‍മര്‍ എന്നീ ആറു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ജയിക്കാനാവുമെന്നാണ് അവരുടെ ആഭ്യന്തര സര്‍വേ കണ്ടെത്തിയിട്ടുള്ളത്. പ്രാദേശികമായി പ്രബലരായ ഇന്ത്യസഖ്യ സ്ഥാനാര്‍ഥികളും ബി.ജെ.പി.യില്‍നിന്നെത്തിയ സിറ്റിങ് എം.പി.മാരെയുമാണ് കോണ്‍ഗ്രസ് ബി.ജെ.പി.ക്കെതിരേ രംഗത്തിറക്കിയിരിക്കുന്നത്. സാധാരണ പ്രവര്‍ത്തകരുടെ ശബ്ദം ബി.ജെ.പി.യില്‍ അടിച്ചമര്‍ത്തപ്പെട്ടുവെന്ന അവകാശവാദവുമായി കോണ്‍ഗ്രസിലെത്തിയ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തനായ പ്രഹ്ലാദ് ഗുഞ്ചാല്‍ കോട്ട മണ്ഡലത്തില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 2014 മുതല്‍ രണ്ടു തവണ ചുരു ലോക്സഭാ സീറ്റില്‍ വിജയിച്ച രാഹുല്‍ കസ്വാന്‍, ബി.ജെ.പി.സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിലെത്തിയിരുന്നു. ജാട്ട് പ്രബല മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഇദ്ദേഹം ബി.ജെ.പി.ക്ക് തലവേദന തന്നെയാണ്.
ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ പ്രധാനമുഖം സംസ്ഥാനത്ത് മോദിതന്നെയാണ്. മുഖ്യമന്ത്രിസ്ഥാനം നിഷേധിച്ചതില്‍ അതൃപ്തി പരസ്യമാക്കി പ്രകടിപ്പിച്ച് വസുന്ധര രാജെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. മകന്‍ ദുഷ്യന്ത് സിങ് മത്സരിക്കുന്ന ജാല്‍വാര്‍-ബാരണ്‍ മണ്ഡലത്തില്‍ അഞ്ചില്‍ത്താഴെ പ്രചാരണപരിപാടികളിലാണ് വസുന്ധര ഇതുവരെ ആകെ മുഖം കാണിച്ചത്. ജലോര്‍-സിരോഹിയില്‍നിന്ന് മകനെ ഇത്തവണയെങ്കിലും ജയിപ്പിക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗഹ്ലോത്. പിണക്കം മറന്ന് സച്ചിന്‍ പൈലറ്റ് സര്‍വ പിന്തുണയോടെ വൈഭബ് ഗഹ്ലോതിനായി പ്രചാരണപരിപാടികളില്‍ സജീവമായുണ്ട്.
ജാതിവോട്ടുകള്‍ പിടിക്കാന്‍
അഗ്നിവീര്‍ പദ്ധതി, കര്‍ഷകസമരം, ഗുസ്തിസമരം തുടങ്ങിയ പ്രശ്‌നങ്ങള്‍ ജാട്ട് സമുദായങ്ങള്‍ ഏറെയുള്ള സിക്കര്‍, ജുന്‍ജുനു, ചുരു മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ഷെഖാവത്തി മേഖലയില്‍ ബി.ജെ.പി.ക്ക് വെല്ലുവിളി തന്നെയാണ്. ജാട്ട് സമുദായ നേതാക്കളെയും മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ മുന്നില്‍ നിര്‍ത്തിയാണ് ബി.ജെ.പി. ഇതിനെ നേരിടുന്നത്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി, ഇത്തവണ ഗുജ്ജര്‍ സമുദായം കോണ്‍ഗ്രസിനൊപ്പമാണ്. മുന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോത് ഉള്‍പ്പെട്ട മാലി, കുംഹാര്‍ സമുദായങ്ങള്‍ മുസ്ലിങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ തുടങ്ങിയവരും കോണ്‍ഗ്രസിനോട് ഇത്തവണ ചായ്വ് പുലര്‍ത്തുന്നുണ്ട്. ഗുജറാത്തില്‍ കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല അടുത്തിടെ നടത്തിയ പ്രസ്താവന ബി.െജ.പി.യെ ശക്തമായി പിന്തുണച്ചിരുന്ന രജപുത്രര്‍ വിഭാഗത്തെയും പിണക്കി. രജപുത്ര സ്ത്രീകള്‍ ബ്രിട്ടീഷുകാരെയും മറ്റും വിവാഹം കഴിച്ച് സമുദായത്തിന്റെ പരിശുദ്ധി ചോര്‍ത്തിയെന്ന രൂപാലയുടെ വിവാദ പരാമര്‍ശം തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കുമോ എന്നും കാണേണ്ടതുണ്ട്.
അരനൂറ്റാണ്ടിനു ശേഷമുള്ള സഖ്യം
രാജസ്ഥാനില്‍ 53 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടുന്നത്. 2019-ല്‍ ബി.ജെ.പി.യുമായുള്ള സഖ്യത്തില്‍ വിജയിച്ച ആര്‍.എല്‍.പി. നേതാവ് ഹനുമാന്‍ ബെനിവാള്‍, അദ്ദേഹത്തിന്റെ ശക്തികേന്ദ്രമായ നാഗൗറിലെ ഇന്ത്യസഖ്യ സ്ഥാനാര്‍ഥിയാണ്. അതുപോലെ, വര്‍ഷങ്ങളായി ഇടതുപക്ഷ ശക്തികളുടെ കോട്ടയായ സിക്കാറില്‍നിന്ന് ഇന്ത്യസഖ്യ സ്ഥാനാര്‍ഥിയായി സി.പി.എം. മുന്‍ എം.എല്‍.എ. അമ്രാ റാം ജനവിധി തേടുന്നു. എന്നാല്‍, ബന്‍സ്വാര-ദുംഗര്‍പുരില്‍ കോണ്‍ഗ്രസിന് പിഴച്ചു.
ഭാരത് ആദിവാസി പാര്‍ട്ടി (ബി.എ.പി.) സ്ഥാനാര്‍ഥി രാജ്കുമാര്‍ റോട്ടിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അരവിന്ദ് ദാമോര്‍ പത്രിക പിന്‍വലിക്കാന്‍ തയ്യാറായില്ല. ദാമോറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെങ്കിലും മത്സരത്തില്‍ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇതോടെ സമ്മതമില്ലാതെയുള്ള ത്രികോണമത്സരത്തിന് കോണ്‍ഗ്രസിന് ഇവിടെ ഭാഗമാകും. മുന്‍ കോണ്‍ഗ്രസ് ആദിവാസി നേതാവും മുന്‍ മന്ത്രിയുമായ മഹേന്ദ്രജീത് സിങ് മാളവ്യയാണ് ബന്‍സ്വാരയിലെ ബി.ജെ.പി.സ്ഥാനാര്‍ഥി
Content Highlights: lok sabha election rajasthan india alliance and modi