രാജ്യസഭ ലക്ഷ്യമിട്ട് കമല്‍നാഥ്: അനുമതി നൽകാതെ കോൺഗ്രസ് നേതൃത്വം; എംഎൽഎമാർക്ക് വിരുന്നൊരുക്കി

രാഹുലിനൊപ്പം കമല്‍നാഥ് |ഫോട്ടോ:PTI
രാഹുലിനൊപ്പം കമല്‍നാഥ് |ഫോട്ടോ:PTI

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചുവരാനുള്ള നീക്കം പിഴച്ചതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണുവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. രാജ്യസഭയിലേക്ക് മത്സരിക്കാനാണ് കമല്‍നാഥ് ഇപ്പോള്‍ തയ്യാറെടുക്കുന്നത്. എന്നാല്‍, നിലവില്‍ എംഎല്‍എ ആയിട്ടുള്ള കമല്‍നാഥ് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്‍കിയിട്ടില്ല.

രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ കമല്‍നാഥ് കോണ്‍ഗ്രസ് എംഎല്‍എമാരെ അത്താഴവിരുന്നിന് ക്ഷണിച്ചിരിക്കുകയാണ്. ഫെബ്രുവരി 15-നാണ് നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള അവസാനദിവസം. ഫെബ്രുവരി 13-നാണ് കമല്‍നാഥ് എംഎല്‍എമാരെ വിരുന്നിന് ക്ഷണിച്ചിരിക്കുന്നത്.

രാജ്യസഭാ മോഹംസൂചിപ്പിച്ച് അടുത്തിടെ കമല്‍നാഥ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ബന്ധപ്പെട്ടിരുന്നു. സോണിയ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍, സോണിയ അനുകൂല സമീപനമല്ല സ്വീകരിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരച്ചടിയില്‍ കമല്‍നാഥുമായി അത്ര രസത്തിലല്ല പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. മധ്യപ്രദേശില്‍ തീരുമാനങ്ങളെടുക്കാന്‍ കമല്‍നാഥിന് പൂര്‍ണ്ണ അധികാരം നല്‍കിയിട്ടും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായതില്‍ രാഹുല്‍ അസ്വസ്ഥനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് എഐഎന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 27-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് മധ്യപ്രദേശില്‍ അഞ്ചു സീറ്റുകളാണ് ഒഴിവുള്ളത്. ഇതില്‍ നാല് സീറ്റുകള്‍ ബിജെപിയുടേതും ഒരു സീറ്റ് കോണ്‍ഗ്രസിന്റേതുമായിരുന്നു. ഒരു സീറ്റിലാണ് ഇപ്പോഴും കോണ്‍ഗ്രസിന് വിജയമുറപ്പുള്ളത്. സോണിയയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് എംഎല്‍എമാരെ വിളിച്ചുവരുത്തി ശക്തികാണിക്കാനുള്ള കമല്‍നാഥിന്റെ ശ്രമം.

2018-ലെ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പാണ് മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷനായി കമല്‍നാഥ് ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങുന്നത്. പിന്നീട് പാര്‍ട്ടിയെ പുനഃസംഘടിപ്പിച്ച കമല്‍നാഥ് 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിനെ മധ്യപ്രദേശില്‍ അധികാരത്തിലേറ്റിയിരുന്നു. എന്നാല്‍, പാര്‍ട്ടിയിലെ വിഭാഗീയതമൂലം മുഖ്യമന്ത്രിസ്ഥാനത്ത് അദ്ദേഹത്തിന് അധികനാള്‍ തുടരാനായില്ല. 

2022-ല്‍, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയായ ഗ്വാളിയോര്‍ ഉള്‍പ്പെടെ മധ്യപ്രദേശിലെ 16 മേയര്‍ സീറ്റുകളില്‍ അഞ്ചെണ്ണം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ഇത് പാര്‍ട്ടിക്ക് കമല്‍നാഥില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. എന്നാല്‍, 2023 നവംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പരപ്പിക്കുന്ന പരാജയമാണ് പാര്‍ട്ടിക്കുണ്ടായത്. തുടര്‍ന്ന് കമല്‍നാഥിനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കുകയും ജിതു പട്‌വാരിയെ സംസ്ഥാന അധ്യക്ഷനായി നിയോഗിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് കാര്യമായ ചുമതലകളൊന്നും വഹിക്കാനില്ലാതായതോടെയാണ് കമല്‍നാഥ് വീണ്ടുംദേശീയ രാഷ്ട്രീയത്തിലേക്കുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള രാജ്യസഭാ സീറ്റിലേക്ക് ദളിത്-ഒബിസി വിഭാഗത്തിലുള്ള നേതാക്കളെ കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ തീരുമാനം. പാര്‍ട്ടിയില്‍ എതിരാളിയായ അരുണ്‍ യാദവ് ഉള്‍പ്പടെയുള്ളവര്‍ സീറ്റിനായി രംഗത്തുണ്ട്. 

ഇതിനിടെ, കമല്‍നാഥും മകനും പാര്‍ലമെന്റ് അംഗവുമായ നകുല്‍ നാഥും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. കമല്‍നാഥിന്റെ ശക്തികേന്ദ്രമായ ചിന്ദ്വാരയില്‍ നകുലിന് ഇത്തവണ സീറ്റ് നല്‍കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അഭ്യൂഹം. എന്നാല്‍, കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് കമല്‍നാഥ് ഇതിനെ നേരിട്ടത്.

'സത്യത്തിന്റെയും നീതിയുടെ പ്രത്യേയശാത്രമാണ് കോണ്‍ഗ്രസിന്റേത്. എല്ലാ മതങ്ങളോടും ജാതികളോടും ഭാഷകളോടും പ്രദേശങ്ങളോടും കോണ്‍ഗ്രസ് തുല്യസ്ഥാനവും ആദരവുമാണ് നല്‍കുന്നത്. കോണ്‍ഗ്രസ് അതിന്റെ 138 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കാലം ചെലവിട്ടത് സമരത്തിനും സേവനങ്ങള്‍ക്കുമാണ്. ഇന്ന് രാജ്യത്ത് പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍, ജനാധിപത്യം ആക്രമിക്കപ്പെടുമ്പോള്‍, ഏകാധിപത്യത്തെ പ്രതിരോധിച്ച് ലോകത്തെ ഏറ്റവും മനോഹരവും ശക്തവുമായ ജനാധിപത്യമാക്കി മാറ്റുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ പ്രത്യയശാസ്ത്രവും മാത്രമാണ്', കമല്‍നാഥ് എക്‌സില്‍ കുറിച്ചു.

Content Highlights: Kamal Nath meets Sonia Gandhi, aims at Rajya Sabha seat- invites Cong MLAs for dinner