VVPAT മുഴുവന്‍ എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

1. വി.വി.പാറ്റ് മെഷീൻ, 2. സുപ്രീം കോടതി | ഫോട്ടോ: 1. അഖിൽ ഇ.എസ്. / മാതൃഭൂമി, 2. Press Trust of India
1. വി.വി.പാറ്റ് മെഷീൻ, 2. സുപ്രീം കോടതി | ഫോട്ടോ: 1. അഖിൽ ഇ.എസ്. / മാതൃഭൂമി, 2. Press Trust of India

ന്യൂഡല്‍ഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവന്‍ ഒത്തുനോക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് സംവിധാനം ബാലറ്റ് പേപ്പറുകളിലേക്ക് തിരിച്ചുപോകണം എന്ന ആവശ്യവും കോടതി തള്ളി.

തിരഞ്ഞെടുപ്പ് കമ്മിഷന് ചില നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടാണ് ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രണ്ട് നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. വോട്ടിങ് മെഷീനില്‍ ചിഹ്നം ലോഡുചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം, സിംബല്‍ ലോഡിംഗ് യൂണിറ്റ് സീല്‍ ചെയ്യണം എന്നതാണ് ഒരു നിര്‍ദേശം.

ഫലപ്രഖ്യാപനത്തിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം സിംബല്‍ ലോഡിങ് യുണിറ്റും  45 ദിവസത്തേക്ക് സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 

ഫലപ്രഖ്യാപനത്തിന് ശേഷംഅഞ്ച് ശതമാനം  ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയിലെ മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റ് ഇലക്ട്രാണിക് വോട്ടിങ് യന്ത്രം എന്‍ജിനീയര്‍മാരെ കൊണ്ട് പരിശോധിപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണം. തിരഞ്ഞെടുപ്പില്‍ രണ്ടും, മൂന്നും സ്ഥാനങ്ങളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികള്‍ എഴുതി നല്‍കിയാല്‍ ആണ് ഈ പരിശോധന നടത്തേണ്ടത്. ഫലപ്രഖ്യാപനം നടന്ന് ഏഴ് ദിവസത്തിനുള്ളിലാണ് പരിശോധന ആവശ്യപ്പെട്ട് കത്ത് നല്‍കേണ്ടത്. പരിശോധനയുടെ ചെലവ് സ്ഥാനാര്‍ത്ഥികള്‍ വഹിക്കണം. എന്നാല്‍ ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഈ തുക കമ്മിഷന്‍ തിരികെ നല്‍കണം.

Content Highlights: Supreme Court Dismisses Requests Seeking 100% Verification Of Votes