ദുരിതാശ്വാസത്തിൽ പോര്; കർണാടകത്തിൽ തിരഞ്ഞെടുപ്പു വിഷയമാണ്‌ ജലക്ഷാമവും വരൾച്ചയും

#എബിൻ മാത്യു
ടാങ്കറിലെത്തിക്കുന്ന വെള്ളത്തിനായി കാത്തുനില്‍ക്കുന്നവര്‍ | Photo : PTI
ടാങ്കറിലെത്തിക്കുന്ന വെള്ളത്തിനായി കാത്തുനില്‍ക്കുന്നവര്‍ | Photo : PTI

ബെംഗളൂരുവിൽ അടുത്തകാലത്തെങ്ങുമില്ലാത്ത വിധത്തിലുള്ള ജലക്ഷാമവും കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ വരൾച്ചയും പിടിമുറുക്കിയ സമയത്താണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ, ഉദ്യാനനഗരിയിലെ ജലക്ഷാമവും വരൾച്ചയും തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാവുകയാണ്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ പിടിപ്പുകേടാണ് ബെംഗളൂരുവിൽ ജലക്ഷാമം ഇത്രയും രൂക്ഷമാകാൻ കാരണമെന്ന് ബി.ജെ.പി. ആരോപിക്കുന്നു. കുടിവെള്ളം ഇല്ലാത്തസമയത്ത് ഗാരന്റി പദ്ധതികൾകൊണ്ട് എന്തു നേട്ടമാണുള്ളതെന്നും ബി.ജെ.പി. ചോദിക്കുന്നു. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം ബെംഗളൂരുവിലെ കുടിവെള്ളപ്രശ്നവും സംസ്ഥാനത്തെ വരൾച്ചയും കൊണ്ടുവരാൻ നേതാക്കൾ ശ്രമിക്കുന്നുണ്ട്. ഭൂഗർഭജലം കുറഞ്ഞ് ബെംഗളൂരുവിലെ കുഴൽക്കിണറുകളിൽ പകുതിയോളം വറ്റിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ദുരിതാശ്വാസത്തിൽ പോര്

ജലക്ഷാമത്തിന്റെയും വരൾച്ചയുടെയും പേരിലുള്ള ബി.ജെ.പി.യുടെ രാഷ്ട്രീയ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകാനാണ് കോൺഗ്രസിന്റെ ശ്രമം. കേന്ദ്രത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയെങ്കിൽ മാത്രമേ മേക്കേദാട്ട് അണക്കെട്ട് പദ്ധതിക്ക് അനുമതി നേടിയെടുത്ത് ബെംഗളൂരുവിൽ കുടിവെള്ളമെത്തിക്കാൻ സാധിക്കൂവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആവർത്തിക്കുന്നു.  സംസ്ഥാനത്ത് വരൾച്ചാദുരിതാശ്വാസം നൽകാത്തത് ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് ദുരിതാശ്വാസം വൈകാൻ കാരണമെന്ന് ബി.ജെ.പി. വാദിക്കുന്നു. രൂക്ഷമായ വരൾച്ചയിലൂടെ കടന്നുപോയി മൂന്നുമാസം കഴിഞ്ഞാണ് സംസ്ഥാനത്തെ വരൾച്ചബാധിതമായി പ്രഖ്യാപിച്ചതെന്നും അതിനാലാണ് ദുരിതാശ്വാസം വൈകുന്നതെന്നും ബി.ജെ.പി. പറയുന്നു.  എന്നാൽ, വരൾച്ചാ ദുരിതാശ്വാസം ആവശ്യപ്പെട്ടുള്ള അപേക്ഷ കർണാടകം കൃത്യസമയത്ത് നൽകിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡയും വ്യക്തമാക്കുന്നു.

ഇടപെട്ട് കേന്ദ്രനേതാക്കളും

കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് റാലിക്ക് കർണാടകത്തിലെത്തിയ കേന്ദ്രമന്ത്രിമാരായ അമിത്ഷായും നിർമലാ സീതാരാമനും വരൾച്ചയെക്കുറിച്ചും ബെംഗളൂരുവിലെ ജലക്ഷാമത്തെക്കുറിച്ചും സംസാരിച്ചത് തിരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന സർക്കാരിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ, വരൾച്ചാദുരിതാശ്വാസം അനുവദിക്കുന്നത് വൈകിയെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ സമ്മതിച്ചത് സർക്കാരിന്റെ വാദം ശരിയാണെന്നതിന്റെ തെളിവാണെന്ന് കോൺഗ്രസ് നേതാക്കൾ വാദിക്കുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കേന്ദ്രത്തിന് ഇപ്പോൾ ഫണ്ട് അനുവദിക്കാൻ സാധിക്കില്ല. ദുരിതാശ്വാസം വൈകിയത് മനഃപൂർവമല്ലെന്നും ദുരിതാശ്വാസം അനുവദിക്കുന്നതിനുള്ള നടപടികൾക്കായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയെന്നുമാണ് നിർമലാ സീതാരാമൻ പറഞ്ഞത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് ദുരിതാശ്വാസ ഫണ്ട് അനുവദിക്കാത്തതെന്ന നിർമലാ സീതാരാമന്റെ വാദത്തെ എതിർത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. കേന്ദ്രമന്ത്രി കള്ളം പറയുകയാണെന്നും വരൾച്ചാദുരിതാശ്വാസം ആവശ്യപ്പെട്ടുള്ള നിവേദനം സംസ്ഥാനം നേരത്തേ നൽകിയതാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഐ.ടി.ക്ക് സംരക്ഷണം

ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ചതായി കേരള വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചതും രാഷ്ട്രീയ ചർച്ചയായിരുന്നു. ഒരു സംസ്ഥാനമെന്ന നിലയിൽ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങൾ നടത്താൻ കേരളത്തിന് സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന്റെ പേരിലുള്ള വിലകുറഞ്ഞ രാഷ്ട്രീയം ശരിയല്ലെന്നാണ് കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീൽ മറുപടി നൽകിയത്. നഗരത്തിലെ ഐ.ടി. കമ്പനികളുടെ പ്രവർത്തനത്തെ ജലക്ഷാമം കാര്യമായി ബാധിച്ചിട്ടില്ലെന്ന് സർക്കാർ പറയുന്നു. നിലവിൽ ബെംഗളൂരുവിലെ പ്രധാന ഐ.ടി. കമ്പനികളൊന്നും വെള്ളമില്ലാത്തതിന്റെപേരിൽ വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടില്ല. ഐ.ടി. കമ്പനികളിലേക്ക് ആവശ്യമായ ജലത്തിന്റെ ലഭ്യത സംബന്ധിച്ച് ബെംഗളൂരു ജലഅതോറിറ്റി ഉറപ്പു നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ശുദ്ധീകരിച്ച വെള്ളം ലഭ്യമാക്കാമെന്നും ജല അതോറിറ്റി ഐ.ടി. കമ്പനികളെ അറിയിച്ചിട്ടുണ്ട്.

ജലക്ഷാമം തരണംചെയ്യാൻ...

അതിനിടെ, ബെംഗളൂരു കോർപ്പറേഷനുമായും ജല അതോറിറ്റിയുമായും സഹകരിച്ച് കുടിവെള്ളക്ഷാമം ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങൾ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്നുവരുകയാണ്. ജലക്ഷാമം തരണംചെയ്യാൻ ഒട്ടേറെ മാർഗനിർദേശങ്ങൾ സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. പൂന്തോട്ടം നനയ്ക്കാനും വാഹനങ്ങൾ കഴുകാനും കുടിവെള്ളം ഉപയോഗിക്കരുതെന്നും നീന്തൽക്കുളങ്ങളിൽ കുടിവെള്ളം ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ 5000 രൂപയാണ് പിഴ. ജലക്ഷാമത്തിന്റെ മറവിൽ കുടിവെള്ളത്തിന് അമിതവിലയീടാക്കുന്ന സ്വകാര്യ ടാങ്കറുകൾക്ക് സർക്കാർ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. 12,000 ലിറ്ററിന്റെ ടാങ്കറിന് അഞ്ചുകിലോമീറ്റർ ചുറ്റളവിൽ ഈടാക്കാവുന്ന പരാമാവധി തുക 1000 രൂപയാണ്. ദൂരം അഞ്ചുകിലോമീറ്ററിന് മുകളിലാണെങ്കിൽ 200 രൂപ അധികം ഈടാക്കാം. 6000 ലിറ്ററിന്റെ ടാങ്കറിന് അഞ്ചുകിലോമീറ്റർ ചുറ്റളവിൽ 600 രൂപയും അഞ്ചുകിലോമീറ്ററിന് മുകളിൽ 750 രൂപയും ഈടാക്കാനാണ് അനുമതി. 

Content Highlights: lok sabha election karnataka bengaluru water scarcity issue