പോരാട്ട ചിത്രം തെളിഞ്ഞ് കര്‍ണാടക

#സുനില്‍ തിരുവമ്പാടി
Photo: ANI
Photo: ANI

ബെംഗളൂരു: കര്‍ണാടകത്തില്‍ ആകെയുള്ള 28 മണ്ഡലങ്ങളിലും കോണ്‍ഗ്രസും എന്‍.ഡി.എ.യും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 28 ഇടത്തും കോണ്‍ഗ്രസും എന്‍.ഡി.എ.യും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

എന്‍.ഡി.എ.യില്‍ ബി.ജെ.പി. ഇത്തവണ ജെ.ഡി.എസിനെ ചേര്‍ത്തുപിടിച്ചുള്ള പുതിയ പരീക്ഷണത്തിലാണ്. ബി.ജെ.പി. 25 സീറ്റിലും ജെ.ഡി.എസ്. മൂന്നുസീറ്റിലും മത്സരിക്കുന്നു. മാണ്ഡ്യ, ഹാസന്‍, കോലാര്‍ മണ്ഡലങ്ങളാണ് ജെ.ഡി.എസിനു നല്‍കിയത്. മാണ്ഡ്യ സിറ്റിങ് എം.പി.യായ നടി സുമലതയുയര്‍ത്തിയ അതൃപ്തി വകവെക്കാതെയാണ് ജെ.ഡി.എസിന് കൈമാറിയത്. ജെ.ഡി.എസിന്റെ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് ഇവിടെ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ഹാസനില്‍ സിറ്റിങ് എം.പി. പ്രജ്വല്‍ രേവണ്ണയെയും കോലാറില്‍ എം. മല്ലേഷ് ബാബുവിനെയും സ്ഥാനാര്‍ഥിയാക്കി.

ബി.ജെ.പി. മുതിര്‍ന്ന 14 എം.പി.മാരെ മാറ്റി പുതുമുഖങ്ങളെ ഇറക്കിയുള്ള പരീക്ഷണത്തിലാണ്. കേന്ദ്രമന്ത്രി എ. നാരായണസ്വാമി, മുന്‍ മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡ, മുന്‍ സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍, പ്രതാപ്സിംഹ, അനന്ദ്കുമാര്‍ ഹെഗ്ഡെ തുടങ്ങിയ പ്രമുഖര്‍ കളത്തിലില്ല. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും ശോഭാ കരന്തലജെയും ഇക്കുറിയും രംഗത്തുണ്ട്.

സ്വന്തം മണ്ഡലമായ ഉഡുപ്പി-ചിക്കമഗളൂരുവില്‍ ഗോ ബാക്ക് വിളി നേരിട്ട ശോഭയെ ബെംഗളൂരു നോര്‍ത്ത് നല്‍കി പിടിച്ചുനിര്‍ത്തി. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്രയ്‌ക്കെതിരേ മുതിര്‍ന്ന നേതാവ് കെ.എസ്. ഈശ്വരപ്പ ഉയര്‍ത്തിയ വിമതഭീഷണി ഇനിയും മാറിയിട്ടില്ല. കോണ്‍ഗ്രസില്‍പ്പോയി തിരിച്ചെത്തിയ ജഗദീഷ് ഷെട്ടാറിന് ബെലഗാവി സീറ്റ് നല്‍കി. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മരുമകന്‍ ഡോ. സി.എന്‍. മഞ്ജുനാഥാണ് മറ്റൊരു പ്രമുഖന്‍. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സ്ഥാനാര്‍ഥിയാണ്.

കോണ്‍ഗ്രസില്‍ ആറുസീറ്റുകളില്‍ മത്സരിക്കുന്നത് പ്രമുഖ മന്ത്രിമാരുടെ മക്കളാണ്. ഒരു മന്ത്രിയുടെ ഭാര്യയും സ്ഥാനാര്‍ഥിയാണ്. പാര്‍ട്ടിയുടെ ഏക എം.പി.യായ ഡി.കെ. സുരേഷ് ഇത്തവണയും രംഗത്തുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മരുമകന്‍ രാധാകൃഷ്ണ കലബുറഗിയില്‍ മത്സരിക്കാനിറങ്ങി. നടന്‍ ശിവരാജ്കുമാറിന്റെ ഭാര്യ ഗീത കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. സിറ്റിങ് എം.എല്‍.എ. ഇ. തുക്കാറാം ബല്ലാരിയില്‍ പോരാട്ടംകുറിച്ചു. ചിക്കബല്ലാപുരയില്‍ സി.പി.എം. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.ഐ. മത്സരരംഗത്തില്ല. അവരുടെ പിന്തുണ കോണ്‍ഗ്രസിനാണ്.

Content Highlights: karnataka ready to be in election battle ground