സഹാരന്‍പുര്‍ പിടിക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പി.യും

സഹാരന്‍പുര്‍: ''പിന്നാക്ക, ദളിത്, മുസ്ലിം വോട്ടുകള്‍ മാത്രമല്ല, മുന്നാക്കവോട്ടുകളും ഇക്കുറി കോണ്‍ഗ്രസ് നേടും. ഇമ്രാന്‍ മസൂദ് എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവാണ്'' -സഹാരന്‍പുരിലെ തിരഞ്ഞെടുപ്പ് സമിതി ഓഫീസിലിരുന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആവേശഭരിതനായി.
സാമുദായികമായി വളരെ സങ്കീര്‍ണമാണ് ഉത്തര്‍പ്രദേശിലെ ലോക്സഭാ മണ്ഡലമായ സഹാരന്‍പുര്‍. ആദ്യഘട്ടമായ ഈ മാസം 19-നാണ് ഇവിടെ വോട്ടെടുപ്പ്. പ്രചാരണം ഉച്ചസ്ഥായിയില്‍. ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി ഇവിടെയുണ്ട്. ബി.ജെ.പി.യും കോണ്‍ഗ്രസ്-എസ്.പി. സഖ്യമായ ഇന്ത്യമുന്നണിയും ബി.എസ്.പി.യും വാശിയോടെ കളത്തില്‍.
''കോണ്‍ഗ്രസ്, ബി.എസ്.പി. സ്ഥാനാര്‍ഥികളിലൊരാള്‍ 2.50 ലക്ഷത്തിലധികം വോട്ടുപിടിച്ചാല്‍ ബി.ജെ.പി ജയമുറപ്പ്'' -ബി.ജെ.പി തിരഞ്ഞെടുപ്പ് സമിതി ഓഫീസിലിരുന്ന് പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍നിന്ന് മുന്‍ എം.പി.യും ദീര്‍ഘകാലം പാര്‍ലമെന്റില്‍ സഹാരന്‍പുരിനെ പ്രതിനിധാനം ചെയ്ത റഷീദ് മസൂദിന്റെ അനന്തരവനുമായ ഇമ്രാന്‍ മസൂദ് ആണ് ഇക്കുറി സ്ഥാനാര്‍ഥി. ബി.ജെ.പി.യില്‍നിന്ന് ബ്രാഹ്‌മണസമുദായത്തില്‍പ്പെട്ട രാഘവ് ലഘന്‍പാല്‍ മത്സരിക്കുന്നു. കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തോറ്റു. 2014-ല്‍ പക്ഷേ, അതേ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
ബി.എസ്.പി. സ്ഥാനാര്‍ഥിയും മുസ്ലിം വിഭാഗത്തില്‍നിന്നാണ്. ബി.എസ്.പി.യുടെ സിറ്റിങ് സീറ്റായ ഇവിടെ അവരുടെ സിറ്റിങ് എം.പി. ഹാജി ഫസലുര്‍ റഹ്‌മാനെ മാറ്റി ഇക്കുറി മജീദ് അലിയെയാണ് അവര്‍ പരീക്ഷിക്കുന്നത്. ഫസലുര്‍ റഹ്‌മാന്റെ അനുയായികള്‍ക്ക് ഇതില്‍ അമര്‍ഷമുണ്ട്.
2017-ലെ സഹാരന്‍പൂര്‍ കലാപം രാജ്യമാകെ കുപ്രസിദ്ധി നേടിയതാണ്. താക്കൂര്‍- രാജ്പുതുകളും ദളിതുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി ദളിത് വീടുകള്‍ അഗ്‌നിക്കിരയായി. നിരവധി പേര്‍ കൊല്ലപ്പെട്ടു. അംബേദ്കര്‍ ജയന്തി ആഘോഷിക്കുന്ന ദളിത് കോളനിയിലേക്ക് മഹാറാണ പ്രതാപിന്റെ പുഷ്പാര്‍ച്ചനച്ചടങ്ങിനെത്തിയ രാജ്പുതുകള്‍ കോളനിക്കകത്തേക്ക് അധികൃതരുടെ അനുമതിയില്ലാതെ കടന്നുവെന്നതാണ് കലാപത്തിലേക്ക് നയിച്ച പ്രധാനകാരണം. രാജ്പുതുകളടക്കമുള്ള മുന്നാക്കക്കാര്‍ നിര്‍ണായകമാണ് മണ്ഡലത്തില്‍. ഇവരെ ബി.ജെ.പി ഇക്കുറി തീരേ പരിഗണിച്ചില്ലെന്നതിലുള്ള പ്രതിഷേധം ഈ തിരഞ്ഞെടുപ്പുകാലത്ത് ശക്തിപ്പെടുന്നത് പടിഞ്ഞാറന്‍ യു.പിയില്‍ ബി.ജെ.പിയെ വലയ്ക്കുന്ന ഘടകമാണ്. രാജ്പുത് വിഭാഗക്കാര്‍ ബി.ജെ.പിക്കെതിരെ പരസ്യപ്രതിഷേധവുമായി റാലി നടത്തിയതും സഹാരന്‍പൂരിലാണെന്നതാണ് ശ്രദ്ധേയം.
ബസുമതി അരിയുടെ നാടാണ് സഹാരന്‍പൂര്‍. എന്നാല്‍ 2017ലെ കലാപത്തിന് ശേഷം ബസുമതിയുടെ സുഗന്ധത്തിന് പകരം വംശീയവിദ്വേഷത്തിന്റെ ദുര്‍ഗന്ധം പലപ്പോഴായി വമിക്കപ്പെടുന്ന മണ്ഡലമാണ് സഹാരന്‍പൂര്‍ എന്ന് രാഷ്ട്രീയനിരീക്ഷകര്‍.
ബി.ജെ.പിയോടുള്ള താക്കൂറുകളുടെ അമര്‍ഷം തിരിച്ചറിഞ്ഞ് അവരെയടക്കം തന്നിലേക്കടുപ്പിക്കാനാണ് ഇമ്രാന്‍ മസൂദിന്റെ ശ്രമം. അമ്മാവന്‍ റഷീദ് മസൂദിന് എല്ലാ ഹിന്ദുസമുദായങ്ങള്‍ക്കിടയിലും ഉണ്ടായിരുന്ന വലിയ സ്വീകാര്യത തിരിച്ചുപിടിക്കാന്‍ ഇമ്രാന്‍ ശ്രമിക്കുന്നു. അതുകൊണ്ടുകൂടിയാണ് വന്‍കിട റാലികള്‍ നടത്തുന്നത് ഇക്കുറി ഇമ്രാന്‍ ഒഴിവാക്കിയതെന്ന് പ്രചരണമുണ്ട്.
'വന്‍കിട റാലികള്‍ നടത്തുമ്പോള്‍ വന്‍തോതില്‍ മുസ്ലിങ്ങള്‍ സംഘടിച്ചെത്തും. അത് കണ്ട് ഹിന്ദു ഏകീകരണം മറുവശത്ത് സംഭവിക്കും. അതൊഴിവാക്കുന്നതാണ് നല്ലത് '- കോണ്‍ഗ്രസുകാരന്‍ മനസ്സിലിരിപ്പ് തുറന്നുപറഞ്ഞു.
മുസ്ലിം, ദളിത് വോട്ടുബാങ്ക് നിര്‍ണായകമാണ് ഇവിടെ. അത് തിരിച്ചറിഞ്ഞ് സ്ഥാനാര്‍ഥികള്‍ നിരന്തരം ദളിത് കോളനികള്‍ കയറിയിറങ്ങുന്നതും പതിവ് കാഴ്ച. കാര്‍ഷികമേഖലയായ ഇവിടെ സൈനി, കശ്യപ്, ഗുജ്ജാര്‍ സമുദായങ്ങളും നിര്‍ണായകം. ഇവരെ ഏകീകരിപ്പിച്ച് വരുതിയിലാക്കാന്‍ ബി.ജെ.പി കൊണ്ടുപിടിച്ച് ശ്രമിക്കുന്നു. നിയമസഭാ മണ്ഡലങ്ങളിലെല്ലാം മേല്‍ക്കൈ ബി.ജെ.പിക്കാണ്.
'ഞങ്ങളുടെ എം.എല്‍.എമാരെല്ലാം കഠിനാധ്വാനത്തിലാണ്. എല്ലാവരും ഉറക്കമിളച്ചാണ് തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തിക്കുന്നത് '- ബി.ജെ.പി തിരഞ്ഞെടുപ്പ് ചുമതലക്കാരിലൊരാളായ സന്തോഷ് ചൗധരി പറഞ്ഞു.
2019ല്‍ എസ്.പി- ബി.എസ്.പി സഖ്യസ്ഥാനാര്‍ഥിയായി മത്സരിച്ചാണ് ഹാജി ഫസലുര്‍ റഹ്‌മാന്‍ വിജയിച്ചത്. കേവലം 23,362 വോട്ടുകളുടെ ഭൂരിപക്ഷം മാത്രം. കോണ്‍ഗ്രസിന് വേണ്ടി ഇമ്രാന്‍ മസൂദ് തനിച്ച് മത്സരിച്ച് രണ്ട് ലക്ഷത്തില്‍പ്പരം വോട്ട് പിടിച്ചിരുന്നു. 2014ല്‍ കോണ്‍ഗ്രസും എസ്.പിയും ബി.എസ്.പിയും വെവ്വേറെ മത്സരിച്ചപ്പോള്‍ ഇമ്രാന്‍ മസൂദ് രാഘവ് ലഖന്‍പാലിനോട് തോറ്റത് 64,445 വോട്ടിനാണ്. അതിനാല്‍ ഇത്തവണത്തെ സവിശേഷ സാഹചര്യത്തില്‍ എസ്.പിയും കോണ്‍ഗ്രസും കൂട്ടുചേരുമ്പോള്‍ വിജയിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ബി.എസ്.പിയുടെ വരവിലൂടെ ആ കണക്കുകൂട്ടല്‍ പൊളിക്കാമെന്ന് ബി.ജെ.പിയും ചിന്തിക്കുന്നു. അതിനാല്‍ പോരാട്ടത്തിന് തീച്ചൂടാണ്
Content Highlights: up election lok sabha election 2024