ഹൂഡകളുടെ തലവര നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്; റോഹ്തക്കില്‍ ദീപേന്ദറിന് ജയം അനിവാര്യം

ഹരിയാണയിലെ റോഹ്തക് ലോക്‌സഭാമണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് ഇത്തവണയും പ്രാധാന്യമേറെയാണ്. ഈ മണ്ഡലത്തിലെ ജയം ഹൂഡകൾക്ക് അനിവാര്യമാണ്. ഹരിയാണയിലെ ഒൻപത് കോൺഗ്രസ് സ്ഥാനാർഥികളുടെയും ജയപരാജയങ്ങൾ ഹൂഡ നേതൃത്വത്തിന്റെ തലവരകൂടി നിശ്ചയിക്കുന്നതാണ്. കോൺഗ്രസ് കേന്ദ്രനേതൃത്വം ഹരിയാണയിൽ സ്ഥാനാർഥികളെ നിർണയിച്ചത് ഹൂഡകളുടെ അഭിപ്രായം പരിഗണിച്ചാണെന്നുള്ള വിമർശനം ഉയർന്നിരുന്നു.
കോൺഗ്രസിന്റെ ഏതെങ്കിലുമൊരു സ്ഥാനാർഥി പരാജയപ്പെട്ടാൽ ഹൂഡനേതൃത്വത്തിന്റെ പിഴവായാകും വിലയിരുത്തപ്പെടുക. റോഹ്തകിലെ കോൺഗ്രസിന്റെ വിജയം ഒക്ടോബറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് അടിത്തറ പാകുമെന്ന് ഭൂപീന്ദർ ഹൂഡയും ദീപേന്ദർ ഹൂഡയും പ്രഖ്യാപിക്കുകയുംചെയ്തു.
ബി.ജെ.പി. സ്ഥാനാർഥി സിറ്റിങ് എം.പി.യായ അരവിന്ദ് കുമാർ ശർമയാണ്. 1991 മുതൽനടന്ന തിരഞ്ഞെടുപ്പുകളിൽ 1999-ലും 2019-ലും ഒഴിച്ച് ബാക്കി ആറെണ്ണത്തിലും വിജയിച്ചത് അച്ഛൻ ഹൂഡയും മകൻ ഹൂഡയുമാണ്. ദീപേന്ദർ ഹൂഡയുടെ ഭാര്യ ശ്വേതാ ഹൂഡയും അമ്മ ആശാ ഹൂഡയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പ്രചാരണത്തിനിറങ്ങിയതും മത്സരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. 2019-ലെ തിരഞ്ഞെടുപ്പിൽ റോഹ്തകിലെ ഒൻപതിൽ അഞ്ചു നിയമസഭാമണ്ഡലങ്ങളിലും ലീഡുചെയ്തിട്ടും അരവിന്ദ് കുമാർ ശർമയോട് 7503 വോട്ടിനാണ് ദീപേന്ദർ ഹൂഡ പരാജയപ്പെട്ടത്. കലാനൂർ, കോസ്‌ലി, ബഹാദൂർഗഢ് നിയമസഭാമണ്ഡലങ്ങളിലെ ജാട്ടിതര വോട്ടർമാർ ബി.ജെ.പി.ക്ക് അനുകൂലമായി വോട്ടുചെയ്തതും കോൺഗ്രസിന്റെ പരാജയത്തിന് കാരണമായി. 2019-ൽ റോഹ്തക് ലോക്‌സഭാ മണ്ഡലത്തിലുൾപ്പെടുന്ന യാദവ വോട്ടർമാർ കൂടുതലുള്ള കോസ്‌ലി നിയമസഭാ മണ്ഡലത്തിൽ ദീപേന്ദർ ഹൂഡ ഏറെ വോട്ടുകൾക്ക് പിന്നിലായിരുന്നു. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോസ്‌ലി മണ്ഡലത്തിൽനിന്ന് വിജയിച്ചത് ബി.ജെ.പി.യുടെ ലക്ഷ്മൺ സിങ് യാദവായിരുന്നു.
Content Highlights: Rohtak Lok Sabha constituency: Analysis