കാഫിർ സ്ക്രീൻഷോട്ട്: യൂത്ത് ലീഗ് നേതാവിനെതിരെ തെളിവില്ലെന്ന് പോലീസ്, 'പോരാളി ഷാജി'ക്കെതിരെ അന്വേഷണം

കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ടിൽ മുസ്‍ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് പി.കെ. മുഹമ്മദ് ഖാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും ഖാസിമിന്റെ ഫോണിൽ നിന്നല്ലെന്നും പോലീസ് കോടതിയെ അറിയിച്ചു. മുഹമ്മദ് ഖാസിം സമർപ്പിച്ച ഹർജിയിൽ വടകര റൂറൽ എസ്.പി. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
റൂറൽ പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടും പോസ്റ്റുകൾ നീക്കം ചെയ്യാത്തതിനാണ് കേസിൽ ഫേസ്ബുക്ക് നോഡൽ ഓഫീസറെ പ്രതി ചേർത്തത്. പോസ്റ്റ് ആദ്യം വന്ന 'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിനെതിരെയും പോസ്റ്റ് ഇപ്പോഴും നീക്കം ചെയ്യാത്ത 'പോരാളി ഷാജി' പേജിനെതിരേയും അന്വേഷണം തുടങ്ങിയെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
തന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശം സൃഷ്ടിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് ഖാസിം ഹര്‍ജി നൽകിയത്. വിവാദവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് പോലീസ് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കകം അറിയിക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് നിർദേശിക്കുകയായിരുന്നു.
കേസിൽ അന്വേഷണം നടക്കുകയാണ്. ഫേസ്ബുക്കിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടിയാൽ മാത്രമേ കേസിലെ യഥാർഥ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലേക്ക് ഉൾപ്പെടെ കടക്കാനാകൂ. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
Content Highlights: No evidence against youth league leader PK Kasim, says police in high court on Kafir screenshot row