തിരഞ്ഞെടുപ്പിനെ ബി.ജെ.പി. മതവത്കരിക്കുന്നു-എ. വിജയരാഘവന്‍

എ. വിജയരാഘവന്‍ | Photo: Mathrubhumi
എ. വിജയരാഘവന്‍ | Photo: Mathrubhumi

പാലക്കാട്: തിരഞ്ഞെടുപ്പ് മതവത്കരിച്ച് വോട്ടുപിടിക്കാനുള്ള കുതന്ത്രങ്ങളാണ് ബി.ജെ.പി. നടത്തുന്നതെന്ന് പാലക്കാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ. വിജയരാഘവന്‍. കോണ്‍ഗ്രസിന് അന്ധമായ ഇടതുപക്ഷ വിരോധമാണെന്നും രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അറിയാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കയായിരുന്നു വിജയരാഘവന്‍.

ബി.ജെ.പി. ആശയപരമായ പ്രതിയോഗിയാണ്. നിലനില്‍പ്പിനെ ബാധിക്കുന്ന ആശയങ്ങളുടെ വക്താക്കളെ വീണ്ടും ഭരണത്തിലെത്തിക്കാതിരിക്കാനാണ് ഇടതുപക്ഷം മത്സരിക്കുന്നത്. കേരളത്തിലെ സ്ഥിതിനോക്കിയാല്‍ കോണ്‍ഗ്രസിന്റെ നിലപാടുകളും എതിര്‍ക്കപ്പെടേണ്ടതാണ്. പൗരത്വനിയമഭേതഗതി അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് മൃതുഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചത്. പ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍പോലും ഇവിടത്തെ പ്രതിപക്ഷനേതാവിനോ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ കഴിയുന്നില്ല.

വ്യക്തമായ വികസനകാഴ്ചപ്പാടോടെയാണ് പാലക്കാട്ട് മത്സരിക്കാനെത്തിയത്. ഡാമുകള്‍ നവീകരിച്ചും ജലസംഭരണത്തോത് വര്‍ധിപ്പിച്ചും കൃഷിക്കും കുടിവെള്ളത്തിനും ജലലഭ്യത ഉറപ്പുവരുത്തും. റെയില്‍വേയുടെ വികസനവും ജില്ലയ്ക്കാവശ്യമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിര്‍ത്തി മെച്ചപ്പെടുത്തും. വ്യാവസായിക ഇടനാഴി യാഥാര്‍ഥ്യമാക്കുന്നതോടൊപ്പം ജില്ലയിലുള്ളവര്‍ക്ക് തൊഴില്‍സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: palakkad constituency candidate a vijayaraghavan against bjp