നക്‌സലിസം വിട്ടു, തീവ്രചിന്തയില്‍ നിന്ന് മിതവാദത്തിലേക്ക്; ഒല്ലൂരും തൃശ്ശൂരും ചെങ്കൊടി പാറിച്ച ഓര്‍മ

സി.എന്‍ ജയദേവന്‍
സി.എന്‍ ജയദേവന്‍

വി­ദ്യാർ­ഥി പ്ര­സ്ഥാ­ന­ത്തി­ലൂ­ടെ രാ­ഷ്‌­ട്രീ­യ­ത്തിൽ പ്ര­വേ­ശി­ച്ച് സമരമുഖങ്ങളിലൂടെ വളർന്ന നേതാവാണ് സി.എൻ ജയ​ദേവൻ. 1976­-79 കാലഘട്ടത്തില്‍ എ­ഐ­വൈ­എ­ഫി­ന്റെ തൃ­ശൂർ ജി­ല്ലാ സെ­ക്ര­ട്ട­റി­യാ­യി. 1982­-85­ ഘ­ട്ട­ത്തിൽ എ­ഐ­വൈ­എ­ഫ്‌ സം­സ്ഥാ­ന പ്ര­സി­ഡന്റായ കാലത്ത് `തൊ­ഴിൽ അ­ല്ലെ­ങ്കിൽ ജ­യിൽ` എ­ന്ന ച­രി­ത്ര­സ­മ­ര­ത്തി­ന്‌ നേ­തൃ­ത്വം നൽ­കി­യതിലൂടെയാണ് സി.എൻ ജയദേവൻ എന്ന നേതാവ് കൂടുതൽ ജനശ്രദ്ധനേടുന്നത്. 1990­-92ൽ ജി­ല്ലാ കൗൺ­സി­ലി­ന്റെ വൈ­സ്‌ പ്ര­സി­ഡന്റാ­യും പ്ര­വർ­ത്തി­ച്ചതിന് ശേഷം 1996ലെ പൊ­തു­തെ­ര­ഞ്ഞെ­ടു­പ്പിൽ ഒ­ല്ലൂർ നി­യ­മ­സ­ഭാ­മ­ണ്‌­ഡ­ല­ത്തിൽ നി­ന്ന്‌ മുൻ കൃ­ഷി­മ­ന്ത്രി­കൂ­ടി­യാ­യി­രു­ന്ന പി പി ജോർ­ജ്‌ മാ­സ്റ്റ­റെ പ­രാ­ജ­യ­പ്പെ­ടു­ത്തി പ­ത്താം കേ­ര­ള നി­യ­മ­സ­ഭ­യി­ലെ അം­ഗ­മാ­യി­. പിന്നീട് 2014 പൊതു തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്ന് യു.ഡി.എഫിന്റെ കെ.പി. ധനപാലനെ പരാജയപ്പെടുത്തി ലോകസഭാ അം​ഗമായി. ഇപ്പോൾ സി.പി.ഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമെന്ന നിലയിൽ ചുമതല വഹിക്കുകയാണ് അദ്ദേഹം. 2024 ഏപ്രിലിൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ആദ്യവോട്ട് ചെയ്തതിന്റെയും ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെയും ഓർമകൾ പങ്കുവയ്ക്കുകയാണ് ജയദേവൻ.

നക്‌സലിസം വിട്ടു, തീവ്രചിന്തയിൽ നിന്ന് മിതവാദത്തിലേക്ക്

14-15 വയസ്സുള്ളപ്പോഴാണ് ഞാൻ വിദ്യാർഥി രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. ഒരിക്കലും ഒരു രാഷ്ടീയക്കാരനാകുമെന്നോ പദവികളിലെത്തുമെന്നോ ഒന്നും ചിന്തിച്ചിരുന്നില്ല. പഠിക്കണം വായിക്കണം എന്തെങ്കിലും ജോലിയ്ക്ക് കയറണം എന്നാണ് ആഗ്രഹിച്ചത്. തുടക്കക്കാലത്ത് കുറച്ച് തീവ്രമായ നിലപാടുകളായിരുന്നു എനിക്ക്. 1968 തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതിയായിരുന്നു. പിന്നീട് കോങ്ങാട് നാരായണൻ കുട്ടി നായർ കൊലപാതകക്കേസിൽ എനിക്ക് ബന്ധമില്ലാതിരുന്നിട്ടും പോലീസ് കസ്റ്റഡിയിൽ ദീർഘകാലം കിടക്കേണ്ടി വന്നു. 1975 ആയപ്പോഴേക്കും ഞാൻ നക്‌സലിസത്തിൽ നിന്ന് മാറി മിതവാദിയായി.  

ജില്ലാ കൗൺസിലിലെ  ജയം

1971 ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ട് ചെയ്തത്. അക്കാലത്ത് 21 വയസ്സിലാണ് വോട്ടവകാശം ലഭിക്കുക. രാഷ്ട്രീയമായി കടുത്ത ഇടതുപക്ഷക്കാരനായതിനാൽ ആർക്ക് വോട്ട് ചെയ്യണമെന്ന് എനിക്ക് യാതൊരു ആശങ്കയുമുണ്ടായിരുന്നില്ല. സി ജനാർദ്ദനനായിരുന്നു സിപി.ഐ സ്ഥാനാർഥി. അദ്ദേഹം ജയിക്കുകയും ചെയ്തു. ആദ്യമായി വോട്ട് ചെയ്യുമ്പോൾ ഒരു കൗതുകയും ജിജ്ഞാസയുമുണ്ടായിരുന്നു. മാത്രവുമല്ല ചെറുപ്പക്കാലത്ത് തന്നെ രാഷ്ട്രീയത്തിൽ സജീവമായതിനാൽ തിരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് നോക്കി കണ്ടിരുന്നത്. 

ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജില്ലാ കൗൺസിൽ എന്ന് പറഞ്ഞ സംവിധാനം നിലവിൽ വന്നു. അതിലാണ് ആദ്യമായി മത്സരിക്കുന്നത്. താന്ന്യവും ചാഴൂരും ചേർന്നൊരു ഡിവിഷനായിരുന്നു അത്. എൽ.ഡി.എഫിന് നല്ല മുൻതൂക്കമുണ്ടായിരുന്നു. വോട്ട് കൂടുതൽ വർധിപ്പിക്കുക എന്നലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. അല്ലാതെ മറ്റു ആശങ്കകളൊന്നും തന്നെ ഇല്ലായിരുന്നു. നല്ല ഭൂരിപക്ഷത്തോടെ അവിടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പ്രതികൂലമായ സാഹചര്യത്തിലും ഒല്ലൂരിലെ വിജയം

1996 ലാണ് നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുന്നത്. ഒല്ലൂരിൽ നിന്ന്. എന്റെ ജന്മസ്ഥലവും പൊളിറ്റിക്കൽ കരിയറുമായി ബന്ധമില്ലാത്ത ഒരു പ്രദേശമായിരുന്നു അതുവരെ ഒല്ലൂർ. പൊതുവെ ഒരു യു.ഡി.എഫ് അനുകൂല മണ്ഡലമാണ് ഒല്ലൂർ. രാഘവൻ പുഴക്കടവിൽ, പി.പി ജോർജ്ജ് മാഷ് തുടങ്ങിയവരെല്ലാം ജയിച്ചുവരുന്ന മണ്ഡലമാണ്.  എനിക്ക് പരിചിതമായ പ്രദേശമായിരുന്നില്ല. അക്കാലത്ത് മണ്ഡലത്തിൽ എഴുപത് ശതമാനാവും ഹൈറേഞ്ചേഴ്സാണ്. അവരുടെ സംഭാഷണരീതീയുമായി ഇഴുകി ചേരാനൊക്കെ തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നിരുന്നാലും രണ്ടും കൽപ്പിച്ച് ജോർജ്ജ് മാഷിനെതിരേ മത്സരത്തിനിറങ്ങി. അന്ന് കോൺഗ്രസിൽ നിന്നു തന്നെ ഒരു വിമത സ്ഥാനാർഥിയും മത്സരിക്കാനുണ്ടായിരുന്നു. അത് എന്നെ സംബന്ധിച്ച് ഒരു പോസിറ്റീവായി. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് നല്ലപോലെ പ്രവർത്തിക്കാൻ സാധിച്ചതും എനിക്ക് അനുകൂലമായി. നാലായിരത്തിലേറെ വോട്ടിന് എനിക്ക് അവിടെ നിന്ന് വിജയിക്കാനും സാധിച്ചു. 2001 ൽ രണ്ടാവട്ടവും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2009 ലാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പി.സി ചാക്കോയായിരുന്നു എതിരാളി. വളരെ ദുഷ്‌കരമായ മത്സരമായിരുന്നു. എൽ.ഡി.എഫിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം അന്ന് ഇല്ലായിരുന്നു. പി.സി ചാക്കോ ജയിക്കുകയും ചെയ്തു. 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഞാൻ വീണ്ടും മത്സരിച്ചു. കെ.പി ധനപാലനായിരുന്നു എതിരാളി. ആ വർഷം വിജയം എനിക്കൊപ്പമായിരുന്നു.

സ്ഥാനാർഥിയും മുന്നണിയും എന്തു തന്നെ ആയാലും തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമ്പോൾ ജനങ്ങൾ വളരെ സ്‌നേഹത്തോടെ സംസാരിക്കുന്ന അനുഭവമാണ് എനിക്ക് ഉണ്ടായിട്ടുള്ളത്. ചിലർ പറയും, ഞങ്ങൾ കോൺഗ്രസുകാരാണ്, പക്ഷേ സർ ഇത്തവണ ജയിക്കുമെന്നാണ് തോന്നുന്നത് എന്നൊക്കെ. 

തൃശ്ശൂരിൽ കോൺഗ്രസ് മൂന്നാമത് പോകും

വളരെ കടുത്ത മത്സരമുള്ള മണ്ഡലമാണ് തൃശ്ശൂർ. സുനിൽകുമാറിന്റെ പേര് മാധ്യമങ്ങളൊക്കെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പക്ഷേ ഞങ്ങളുടെ സ്ഥാനാർഥി ആരാണെന്ന് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തൃശ്ശൂരിൽ കോൺഗ്രസ് മൂന്നാമത് പോകുമെന്നാണ് എന്റെ വിലയിരുത്തൽ. ജനപ്രതിനിധി എന്ന നിലയിൽ പണ്ടുണ്ടായിരുന്ന ഗ്ലാമർ ഇപ്പോൾ പ്രതാപനില്ല. പ്രതാപൻ മത്സരിക്കുന്നില്ലെന്ന് സ്വയം പ്രഖ്യാപിച്ചു.  അങ്ങനെ ചെയ്യുന്നത് പോലും തോൽവി മുൻകൂട്ടി കണ്ടിട്ടാണ്. പിന്നീട് പാർട്ടിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം മത്സരിക്കാൻ പോകുന്നുവെന്നൊക്കെ കേൾക്കുന്നു. അതിന്റെ സത്യാവസ്ഥ അറിയില്ല. സുരേഷ് ഗോപിയുടെ പല പ്രവർത്തനങ്ങളും പൊളിറ്റിക്കലായി തോന്നുന്നില്ല. വിഷു കൈനീട്ടം കൊടുക്കുന്നത് മറ്റും. പക്ഷേ ഒരുപാട് ആളുകൾ ആ ഗിമ്മിക്‌സില്‍ വീഴാൻ സാധ്യതയുണ്ട്.

Content Highlights: cn jayadevan, CPI, Former MLA, MP, parliament election 2024, suresh gopi, sunil kumar, tn prathapan