'പാര്‍ട്ടിയ്ക്കുള്ളില്‍ അപമാനിതനായി, ആത്മാഭിമാനത്തിന് ക്ഷതമേറ്റു; ഏറെക്കാലമായി കമല്‍നാഥ് അസ്വസ്ഥന്‍'

കമല്‍നാഥ് | Photo: PTI
കമല്‍നാഥ് | Photo: PTI

ന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിനെ ആശങ്കയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം നോക്കിക്കാണുന്നത്. മുതിര്‍ന്ന നേതാവ് അശോക് ചവാന്‍ ബി.ജെ.പിയില്‍ എത്തി ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത വരുന്നത്. കോണ്‍ഗ്രസിന്റെ അതികായന്മാരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കമല്‍നാഥ്, ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ഏറെക്കാലമായി കോണ്‍ഗ്രസിനകത്ത് കമല്‍നാഥ് അസ്വസ്ഥനായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം പാര്‍ട്ടിയെ ധരിപ്പിച്ചിട്ടുണ്ടായിരുന്നുവെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നു. കമല്‍നാഥ് ഡല്‍ഹിയില്‍ എത്തിയതും മകനും എം.പിയുമായ നകുല്‍നാഥ്, ട്വിറ്റര്‍ ബയോയില്‍ 'കോണ്‍ഗ്രസ്' എടുത്തുമാറ്റിയതും വളരെ സൂക്ഷ്മമായാണ് രാഷ്ട്രീയ നിരീക്ഷകരടക്കം നോക്കിക്കാണുന്നത്.

പാര്‍ട്ടിക്കുള്ളില്‍ കമല്‍നാഥിന്റെ ആത്മാഭിമാനത്തിന് ക്ഷതമേറ്റുവെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായി സജ്ജന്‍ സിങ് വര്‍മ പറഞ്ഞു. കമല്‍നാഥ് അപമാനിതനായെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു. 

'പരിഗണന, അപമാനം, ആത്മാഭിമാനം എന്നീ മൂന്ന് കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതില്‍ ഏതെങ്കിലും ഒന്നിന് മുറിവേറ്റാല്‍ ഒരാള്‍, തന്റെ തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതനാകും. കഴിഞ്ഞ 45 വര്‍ഷമായി രാജ്യത്തിനും കോണ്‍ഗ്രസിനും വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവ്, മാറിച്ചിന്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഈ മൂന്ന് കാര്യങ്ങളൊക്കെ തന്നെയാകാം അതിന് കാരണം- സജ്ജന്‍ സിങ് വര്‍മ പറഞ്ഞു. എന്നാല്‍ ഇതുവരെ കമല്‍നാഥ് മറ്റൊരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും ഊഹാപോഹങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയുടെ തിരക്കിലാണ്. മുതിര്‍ന്ന നേതാക്കളായ ജയ് റാം രമേഷ്, കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജെവാലയെപ്പോലെയുള്ളവരാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. കോണ്‍ഗ്രസിനകത്ത് കമല്‍നാഥ് ഏറെക്കാലമായി അസ്വസ്ഥനായിരുന്നു'- കമല്‍നാഥുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു. 

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടാത്തത് കൊണ്ടായിരുന്നോ കമല്‍നാഥ് പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥനായിരുന്നത് എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങള്‍ ശരിയല്ല എന്നായിരുന്നു അടുത്തവൃത്തങ്ങളുടെ പ്രതികരണം. എന്നാല്‍ ബി.ജെ.പിയില്‍ ചേരുന്നതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. 

'അത്തരത്തില്‍ എന്തെങ്കിലും ഒന്ന് ഉണ്ടെങ്കില്‍ തന്നെ അക്കാര്യം ആദ്യം അറിയിക്കുന്നത് നിങ്ങളോടായിരിക്കും' എന്നായിരുന്നു കമല്‍നാഥിന്റെ മറുപടി. ബിജെപിയില്‍ ചേരുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Content Highlights: Kamal Nath Considering Joining BJP Unhappy Sources