എ.കെ ബാലന്റേത് ശരിയായ ഉത്കണ്ഠ; ദേശീയാംഗീകാരം നിലനിര്‍ത്താന്‍ ശ്രമിക്കും| ബിനോയ് വിശ്വം

പൊതുതിരഞ്ഞെടുപ്പിന് ഇനി മൂന്നാഴ്ചയേയുള്ളു. കേരളത്തില്‍ എല്‍.ഡി.എഫിന്റെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു
രാജ്യം ഫാസിസ്റ്റ് ശൈലിയിലേക്ക് നാള്‍ക്കുനാള്‍ നീങ്ങുമ്പോള്‍ മോദി സര്‍ക്കാറിനെ താഴെ ഇറക്കിയേ പറ്റു. മൂന്നാമതും മോദിക്ക് അവസരം ലഭിച്ചാല്‍ ഇന്ത്യയുടെ എല്ലാ പ്രിയപ്പെട്ട രാഷ്ട്രീയമൂല്യങ്ങളും തകര്‍ന്നടിയും. ആ രാഷ്ട്രീയ പ്രാധാന്യം ഈ തിരഞെടുപ്പിനുണ്ട്. കേരളത്തില്‍ നിന്ന് 20 എം.പി.മാരെ പാര്‍ലമെന്റില്‍ എത്തിച്ച് പോരാട്ടം ശക്തമാക്കണം. ഈ ജിവന്മരണപോരാട്ടത്തിലാണ് എൽ.ഡി.എഫ്.
മൂന്നാം ടേം ബി.ജെ.പി.ക്ക് ലഭിച്ചാലുണ്ടാവുന്ന അപകടത്തെ കുറിച്ച് പറഞ്ഞല്ലോ. ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യ മുന്നണി വേണ്ടത്ര മുന്നൊരുക്കം നടത്തിയെന്ന് അവകാശപ്പെടാനാവുമോ.
ആര്‍.എസ്.എസ് നയിക്കുന്ന ബി.ജെ.പിയുടെ കേന്ദ്രര്‍ക്കാര്‍ ഏറ്റവും വലിയ വിപത്താണെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 2015 ല്‍ ആദ്യം പ്രഖ്യാപിച്ചത് സി.പി.ഐ ആണ്. മുഖ്യശത്രു ബി.ജെ.പിയാണെന്ന് പാര്‍ട്ടി സംശയരഹിതമായി പ്രഖ്യാപിച്ചു. രാഷ്ട്രീയത്തില്‍ ആരാണ് മുഖ്യശത്രു എന്നൊരു ചോദ്യമുണ്ട്. മുഖ്യശത്രുവായ ബി.ജെ.പിയെ കണ്ടുകൊണ്ട് അതിനെ ചെറുക്കാന്‍ വിശാലമായ മതേതര, ജനാധിപത്യ ഐക്യനിരവേണമെന്ന് സി.പി.ഐ 2015-ല്‍ പറഞ്ഞു. അന്ന് പലര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ക്രമേണ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുദ്രാവാക്യമായി മാറി. ഇപ്പോള്‍ 28 പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഇന്ത്യാ സഖ്യം യാഥാര്‍ഥ്യമായി. പക്ഷേ, ഇന്ത്യാസഖ്യത്തിന്റെ ഭാഗമായുള്ള എല്ലാവര്‍ക്കും ഇതിന്റെ രാഷ്ട്രീയപ്രാധാന്യം വേണ്ടത്ര ബോധ്യപ്പെട്ടിട്ടില്ല. പ്രത്യേകിച്ച് വലിയ പങ്ക് വഹിക്കാന് ബാധ്യതപ്പെട്ട കോണ്‍ഗ്രസിന് ഇത്തരം ഗൗരവമേറിയ വിഷയത്തില്‍ കൃത്യമായ നിലപാട് ഇല്ല. അത് പുതിയ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ്.
ഫലപ്രദമായി സീറ്റ് ധാരണകള്‍ ഉണ്ടാക്കാന്‍ കഴിയാത്തതില്‍ കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്താനാവുമോ. മറ്റ് പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമില്ലേ
തിരഞെടുപ്പില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും രാഷ്ട്രീയസാന്നിദ്ധ്യം അറിയിച്ചേ പറ്റു. അതിരുകവിഞ്ഞ അവകാശവാദമൊന്നും സി.പി.ഐ എവിടെയും ഉന്നയിച്ചിട്ടില്ല. യു.പി.യില്‍ ഒരു സീറ്റ് മാത്രമാണ് ചോദിച്ചത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ ദൂരകാഴ്ചയില്ലായ്മകൊണ്ടാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി ഭരിക്കുന്നത്. യോജിപ്പുള്ളവരുമായി മാന്യമായ ധാരണയുണ്ടാക്കിയിരുന്നെങ്കില്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്നുണ്ടാവും. ഇതാണ് പുതിയ കോണ്‍ഗ്രസിന്റെ അവസ്ഥ.
മൂന്നാംതവണയും മോദി അധികാരത്തില്‍ വരില്ല എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയുമോ ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍
കോണ്‍ഗ്രസ് അതിന്റെ പങ്കിനെ കുറിച്ച് രാഷ്ട്രീയബോധ്യം ഉള്ളതുക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ ഇപ്പോഴും അത് സാധ്യമാവും. പരാജയഭീതികാരണമാണ് മോദി 400 സീറ്റ് എന്ന അവകാശവാദമൊക്കെ വെക്കുന്നത്. ഇ.ഡി, ഐ.ടി തുടങ്ങിയ ഏജന്‍സികളെ കയറൂരിവിട്ടത് ഈ പരാജയഭീതികൊണ്ടാണ്.
കേരളത്തില്‍ സഹകരണബാങ്ക് അഴിമതി, സ്വര്‍ണക്കടത്ത് കേസ് തുടങ്ങിയ എല്ലാ ക്രമക്കേടുകളും ചെന്നെത്തുന്നത് ഒരു ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇ.ഡി. കേരളത്തിലും എത്തിയ പശ്ചാത്തലത്തില്‍ എങ്ങനെയാണ് ഇതിനെ പ്രതിരോധിക്കുക.
ആ ഓഫീസിനെ പറ്റി പലതും കഴിഞ്ഞ നിയമസഭാ തിരഞെടുപ്പ് കാലത്തും പറഞ്ഞു പ്രചരിപ്പിച്ചതാണല്ലോ. ജനം അതൊക്കെ തള്ളിക്കൊണ്ടല്ലേ വീണ്ടും മുഖ്യമന്ത്രിയെ അധികാരത്തിലെത്തിച്ചത്. സഹകരണബാങ്ക് വിഷയത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാരെ സംരക്ഷിക്കാനോ മൂടിവെക്കാനോ ശ്രമിക്കില്ല. ഇടതുപക്ഷം അഴിമതിയുടെ കാവല്‍ക്കാരല്ല. അങ്ങനെ ആവാന്‍ പാടില്ല. നിക്ഷേപകര്‍ക്ക് അവരുടെ തുക ഉടനെ ലഭ്യമാക്കാനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.
സി.പി.ഐയെ എന്നും തിരുത്തല്‍ശക്തിയായാണ് കണ്ടിട്ടുള്ളത്. പൂക്കോട് വെറ്ററിനറി കോളേജ് വിഷയത്തില്‍ സി.പി.എം നേതാവും മുന്‍ എം.പിയുമായ കെ.സുരേഷ്‌കുറുപ്പിന്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് താങ്കള്‍ എസ്.എഫ്.ഐ യെകുറ്റപ്പെടുത്തിയിരുന്നല്ലോ
കമ്യൂണിസ്റ്റ് മൂല്യബോധമാണ് എന്നും സി.പി.ഐ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. കമ്യൂണിസ്റ്റ്പാര്‍ട്ടി കാണിക്കേണ്ട ജാഗ്രതയെ കുറിച്ച് സി.പി.ഐക്ക് എന്നും ബോധ്യമുണ്ട്. സുരേഷ് കുറുപ്പ് പറഞ്ഞത് വളരെ ശരിയാണ്. എസ്.എഫ്.ഐ നാമധാരികളായ ചിലരാണ് അവിടെ കുഴപ്പം കാണിച്ചത്. അവര്‍ക്ക് എസ്.എഫ്.ഐയെ അറിയില്ല. എസ്.എഫ്.ഐയെ നയിക്കുന്ന മഹത്തായ രാഷ്ട്രീയത്തിന്റെ വില അറിയില്ല. അതിന്റെ ആശയത്തിന്റെ വിശുദ്ധിയും മാനവികതയും അറിയില്ല. ഇത്തരക്കാര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ എസ്.എഫ്.ഐയെ അതിന്റെ പാരമ്പര്യങ്ങളെ വലിയ അളവില്‍ അപഹാസ്യമാക്കുന്നു. ഇത് വിലയിരുത്തി പരിഹാരം കാണാന്‍ എസ്.എഫ്.ഐക്ക് സാധിക്കും എന്നാണ് മുന്‍ എ.ഐ.എസ്.എഫുകാരനായ ഞാന്‍ വിശ്വസിക്കുന്നത്.
കമ്യൂണിസ്റ്റ് മൂല്യബോധത്തെകുറിച്ച് പറഞ്ഞല്ലോ. ആ പാതയില്‍ നിന്ന് സി.പി.എം വ്യതിചലിക്കുന്നതായി തോന്നിയിട്ടുണ്ടോ.
തോന്നിയിട്ടുണ്ട്. സി.പി.എമ്മും സി.പി.ഐയും സംഘടനാരേഖയില്‍ തെറ്റുകളും ദൗര്‍ബല്യങ്ങളും രാഷ്ട്രീയവീഴ്ചകളും ചര്‍ച്ച ചെയ്യാറുണ്ട്. ഇത് ചര്‍ച്ചചെയ്യാനായി സി.പി.എം പാലക്കാട് പ്രത്യേക പ്ലീനം തന്നെ ചേര്‍ന്നു. അതില്‍ തെറ്റുകള്‍ എണ്ണിയെണ്ണി പറയുന്നുണ്ട്. ആ തെറ്റുകളിലേക്ക് പോവാതിരിക്കാന്‍ കാണിക്കേണ്ട ജാഗ്രതയെ കുറിച്ചും പറയുന്നുണ്ട്. എങ്കിലും ആ തീരുമാനത്തെ വേണ്ടത്ര പരിപാലിക്കാന്‍ പല കാരണങ്ങളാല്‍ കഴിയാതെ പോയി എന്ന് സി.പി.എമ്മിന് ബോധ്യമുണ്ട്. അത് മറികടക്കാന്‍ അവര്‍ക്ക് കഴിയുമെന്നാണ് എന്റെ വിശ്വാസം.
സി.പി.ഐ കൈകാര്യം ചെയ്യുന്ന സിവില്‍ സപ്ലൈസ് വകുപ്പിനെ കുറിച്ച് ഏറെ പരാതികളുണ്ട്. സപ്ലൈകോയില്‍ സാധനമില്ല. ഇത്തരം കാര്യങ്ങള്‍ എല്‍.ഡി.എഫില്‍ ഉന്നയിച്ച് പരിഹാരം കാണാന്‍ ശ്രമിച്ചിട്ടുണ്ടോ.
കേരളത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച സാമ്പത്തിക പ്രതിസന്ധി ഒരു യാഥാര്‍്ഥ്യമാണ്. ഇത് രാഷ്ട്രീയവൈരാഗ്യം മൂലമുള്ള സാമ്പത്തിക ഉപരോധമാണ്. ഇത് സി.പി.ഐയുടെ വകുപ്പിനെ മാത്രമല്ല എല്ലാ വകുപ്പുകളെയും ബാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐ വഹിക്കേണ്ട പങ്ക് വഹിക്കുന്നുണ്ട്. ഇതിനെ സി.പി.എം-സി.പി.ഐ പ്രശ്‌നമായി കാണേണ്ടതില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുക ടി.വിയിലൂടെയും പത്രങ്ങളിലൂടെയും പറഞ്ഞുകൊണ്ടല്ല. എല്ലാ വഴികളും അടഞ്ഞാല്‍ മാത്രം അങ്ങനെ പറയണം. എല്ലാ വഴികളും അടഞ്ഞിട്ടില്ല. ഫോണിന്റെ അപ്പുറവും ഇപ്പുറവും മുഖ്യമന്ത്രിയുണ്ട്, സി.പി.എം സെക്രട്ടറി എം.വി.ഗോവിന്ദനുണ്ട്. ഞങ്ങള്‍ പരസ്പരം സംസാരിച്ച് പരിഹാരം കാണുന്നുണ്ട്.
കേരളത്തില്‍ ഇന്ത്യാമുന്നണിയിലെ ഘടകക്ഷികളാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളായി പരസ്പരം ഏറ്റുമുട്ടുന്നത്. ഇത്തവണ രണ്ടക്ക സീറ്റുകള്‍ നേടുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. ഒരു സീറ്റെങ്കിലും ഇത്തവണ ബി.ജെ.പിക്ക് കേരളത്തില്‍ കിട്ടിയാല്‍ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇരു മുന്നണികള്‍ക്കും ഒഴിഞ്ഞുമാറാന്‍ സാധിക്കുമോ.
കേരളത്തില്‍ പതിറ്റാണ്ടുകളായി എല്‍.ഡി.എഫ്- യു.ഡി.എഫ് തമ്മിലാണ് മത്സരം. ഞങ്ങളുടെ ഒന്നാം നമ്പര്‍ ശത്രുവാണ് ബി.ജെ.പി. കോണ്‍ഗ്രസിന്റെ കാര്യം അവരാണ് പറയേണ്ടത്. തിരുവനന്തപുരത്തും തൃശ്ശുരും വയനാട്ടിലും കാലങ്ങളായി സി.പി.ഐ ആണ് മത്സരിക്കുന്നതെന്ന് ആര്ക്കാണ് അറിയാത്തത്. വയനാട്ടില്‍ പ്രധാനപ്പെട്ട നേതാവിനെ രാഹുല്‍ഗാന്ധിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസാണ്. രാഹുലിനോട് എനിക്ക് വ്യക്തിപരമായി നല്ല അടുപ്പമുണ്ട്, ആദരവും സ്‌നേഹവുമുണ്ട്. കോണ്‍ഗ്രസിന്റെ പ്രതീക്ഷയുടെ വാഗ്ദാനമാണ് രാഹുല്‍. അദ്ദേഹത്തെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ ആരാണ് പറഞ്ഞയച്ചത്. കോണ്ഗ്രസിന്റെ ദൂരക്കാഴ്ചയില്ലായ്മയാണ് ഇതിലൂടെ പ്രകടമായത്. ഇത് കോണ്‍്ഗ്രസ് സ്വയംകൃതാര്‍ഥമായ സാഹചര്യം. ഇവിടെ കോണ്‍ഗ്രസ് -ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. 1991ലെ പോലെ ഇവിടെ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ സഖ്യമുണ്ട്.
ഏത് മണ്ഡലത്തിലാണ് ഇങ്ങനെ സഖ്യം എന്ന് പറയാമോ
പ്രത്യേകിച്ച് ഒരു മണ്ഡലത്തില്‍ മാത്രമല്ല, എല്ലായിടത്തുമുണ്ട്. ഞങ്ങള്‍ അത് മുന്‍കൂട്ടി കാണുന്നു.
തിരഞെടുപ്പില്‍ വേണ്ടത്ര എം.പി.മാരെ ജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ സി.പി.എമ്മിന്റെ ദേശീയ അംഗീകാരം നഷ്ടപ്പെടുമെന്നും പിന്നെ ഈനാമ്പേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളിള്‍ മത്സരിക്കേണ്ടിവരുമെന്നും എ.കെ.ബാലന്‍ പറഞ്ഞിരുന്നു. സി.പി.ഐയും സമാനസാഹചര്യം നേരിടുന്നില്ലേ.
ഇക്കാര്യത്തില്‍ തമാശയുടെ മേമ്പൊടി ചേര്‍ത്ത് പറഞ്ഞതാണെങ്കിലും എ.കെ.ബാലന് ശരിയായ ഉത്കണ്ഠയാണ് രേഖപ്പെടുത്തിയത്. ഗൗരവമുള്ള ഈ പ്രശനം അണികളെ ബോധ്യപ്പെടുത്താനാണ് ബാലന്‍ ഉദാഹരണത്തിലൂടെ ശ്രമിച്ചത്. സി.പി.ഐ ക്ക് ഒരു നഷ്ടം സംഭവിച്ചാല്‍ സി.പി.എമ്മിന് നോവണം. തിരിച്ചും അത് വേണം. പരമാവധി വോട്ടും സീറ്റും നേടി ദേശീയാംഗീകാരം നിലനിർത്താൻ ശ്രമിക്കും. എന്നെങ്കിലും ഒരു ദിവസം സി.പി.ഐയും സി.പി.എമ്മും ഒന്നാവണമെന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍
Content Highlights: binoy viswam interview talks about lok sabha election, india alliance