മണ്ഡലിനെ നേരിടാന്‍ മന്ദിര്‍; ബിജെപിക്ക് അടിത്തറ പാകിയ അദ്വാനിയുടെ രഥയാത്ര

എല്‍.കെ അദ്വാനിയുടെ രഥയാത്ര | Photo: PTI
എല്‍.കെ അദ്വാനിയുടെ രഥയാത്ര | Photo: PTI

ഹാഭാരതത്തിലേയും രാമായണത്തിലേയും രഥങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചിത്രപ്പണികളും അലങ്കാരവും വര്‍ണക്കുടയും ചേര്‍ന്ന രഥം പതിയെ മുന്നോട്ടുനീങ്ങാന്‍ ആരംഭിച്ചു. അന്തരീക്ഷത്തില്‍ മന്ത്രധ്വനികള്‍ അലയടിച്ചു..സോമനാഥ ക്ഷേത്രത്തിന് മുന്നിലെ വഴിക്ക് ഇരുവശവും നിന്ന ആയിരക്കണക്കിന് ജനങ്ങള്‍ നായകനെ ആശീര്‍വദിച്ച് യാത്രയാക്കി. 'രാജ്യത്ത് ഐക്യം വളര്‍ത്താനും ദേശീയതയെ ശക്തമാക്കാനുമുള്ള യജ്ഞമാണിത്. ഈ രഥത്തെ ആരും തടയരുത്. കാരണം ഇത് ജനങ്ങള്‍ ആഗ്രഹിക്കുന്ന യാത്രയാണ്. അയോധ്യയില്‍ തന്നെ ഞങ്ങള്‍ ക്ഷേത്രം നിര്‍മിക്കും. ആരാണ് തടയുന്നതെന്ന് കാണട്ടെ..' രഥയാത്രാ നായകനായ അദ്വാനി പറഞ്ഞുനിര്‍ത്തിയപ്പോഴേക്കും ആള്‍ക്കൂട്ടം ഇരമ്പിയാര്‍ത്തു. പുഷ്പവൃഷ്ടിയോടെ രഥം വീണ്ടും മുന്നോട്ട്, ചരിത്രത്തിലേക്ക് ചേര്‍ക്കപ്പെട്ടു. രാമരഥയാത്രയേയും അയോധ്യയേയും കുറിച്ച് പറയാതെ വര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തെക്കുറിച്ച് പറയാനാവില്ല. കാരണം ഇന്ന് ഇന്ത്യയില്‍ ഏറ്റവും വലിയ രാഷ്ട്രീയ സാംസ്‌കാരിക നേട്ടമായി ബിജെപി മുന്നോട്ടുവെക്കുന്ന രാമക്ഷേത്രത്തിന് അടിത്തറപാകിയത് 1990ല്‍ അദ്വാനി സംഘടിപ്പിച്ച രഥയാത്രയായിരുന്നു. ബിജെപിയുടെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തമായ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന ആ രഥയാത്രയും അതുണ്ടാക്കിയ ഓളങ്ങളും ചെറുതായൊന്നുമല്ല ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ സ്വാധീനിച്ചത്. എന്തായിരുന്നു രഥയാത്ര, എങ്ങനെയാണ് അത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയത്? രഥയാത്ര ബിജെപിക്ക് നല്‍കിയ നേട്ടങ്ങളെന്തൊക്കെയാണ്?  

രാമജന്മഭൂമിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. രാമന്റെ ജന്മസ്ഥലത്താണ് അയോധ്യയിലെ ബാബറി പള്ളി നിലനില്‍ക്കുന്നതെന്ന ചര്‍ച്ചകള്‍ ശക്തമായത് 1980കളിലാണ്. രാമജന്മഭൂമി വിഷയം പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതും രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും തിരികൊളുത്തുകയും ചെയ്തത് വിശ്വഹിന്ദു പരിഷത്ത്, ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളാണ്. പിന്നീട് ബിജെപി ആ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം നിര്‍മിക്കണമെന്ന രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രാമക്ഷേത്ര പ്രക്ഷോഭങ്ങളെ ഏറ്റെടുക്കുകയും ചെയ്തു. 1980ല്‍ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെയുണ്ടായ 1984ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നേടിക്കൊണ്ട് ബിജെപി ദേശീയരാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്ന കാലം കൂടിയായിരുന്നു അത്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്‍പുതന്നെ അയോധ്യപ്രക്ഷോഭം രാഷ്ട്രീയപരമായി ഏറ്റെടുക്കാന്‍ ബിജെപി തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് ബിജെപി അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര സംഘടിപ്പിച്ചത്. രാമജന്മഭൂമി വിഷയം സജീവമാക്കിയതോടെ അതിന്റെ ഫലങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പിലും വലിയതോതില്‍ പ്രതിഫലിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിന് പിന്നാലെ മണ്ഡല്‍ കമ്മീഷന്‍ വിഷയം ദേശീയരാഷ്ട്രീയത്തില്‍ ആളിക്കത്തി തുടങ്ങി. 

Content Highlights: BJP's journey from just two seats in Lok Sabha in 1984 to winning two back-to-back majority

Continue reading