പട്യാലയിൽ പ്രണീത് കൗ‍റിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കർഷകൻ കൊല്ലപ്പെട്ടു, ബി.ജെ.പിക്കെതിരേ ആരോപണം

പ്രതിഷേധത്തിനിടെ കർഷകൻ കുഴഞ്ഞു വീണപ്പോൾ, പരിണീത് കൗ‍ർ | Photo: Screengrab/ https://twitter.com/Gagan4344
പ്രതിഷേധത്തിനിടെ കർഷകൻ കുഴഞ്ഞു വീണപ്പോൾ, പരിണീത് കൗ‍ർ | Photo: Screengrab/ https://twitter.com/Gagan4344

പട്യാല: പഞ്ചാബിലെ സെഹ്‌റ ഗ്രാമത്തില്‍ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. 

കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകന്‍ സുരേന്ദര്‍പാല്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ബി.ജെ.പി. നേതാക്കള്‍ സുരേന്ദറിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന ആരോപണവുമായി കിസാന്‍ യൂണിയന്‍ രംഗത്തെത്തി. എന്നാല്‍ ബി.ജെ.പി. ആരോപണം നിഷേധിച്ചു.

മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെയായിരുന്നു ഒരു സംഘം കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരെ എതിര്‍ക്കാനെന്നോണം ബി.ജെ.പി. പ്രവര്‍ത്തകരും രംഗത്തെത്തുകയായിരുന്നു. ഇരു സംഘങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും പിന്നാലെ കര്‍ഷകന്‍ വീണു മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള മുദ്രാവാക്യവുമായാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. സുരേന്ദര്‍പാലിന്റെ മൃതദേഹം രാജ്പുരയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നാണ് വിവരം.

പട്യാലയില്‍ നിന്നുള്ള സിറ്റിങ് എം.പി.യാണ് പ്രണീത് കൗര്‍. നേരത്തെ കോണ്‍ഗ്രസിലായിരുന്ന പ്രണീതിനെ പിന്നീട് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. 

Content Highlights: Farmer dies while protesting against BJP candidate Preneet Kaur in Patiala