രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന വോട്ട് രേഖപ്പെടുത്തി വയനാട്; ജില്ലയില്‍ പോളിങ് ശതമാനം 78.32

കല്പറ്റ: രാഷ്ട്രീയപോരാട്ടത്തിന്റെ ചൂടില്‍ വയനാട്ടില്‍ ഉയര്‍ന്ന പോളിങ്. സംസ്ഥാനത്തെ രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം വയനാട്ടിലാണ്. ജില്ലയില്‍ 78.32 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലാപഞ്ചായത്ത് 78.40 ശതമാനവും നഗരസഭകളില്‍ 77.80 ശതമാനം പോളിങ്ങും ബ്ലോക്ക് പഞ്ചായത്തുകളില്‍ 78.42 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. 2020-ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ശതമാനം 79.47 ശതമാനമായിരുന്നു. നഗരസഭകളില്‍ 79.48 ശതമാനവും പഞ്ചായത്തുകളില്‍ ആകെ 79.46 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്.
വലിയ അനിഷ്ടസംഭവങ്ങളില്ലാതെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. പൂതാടിയിലെ 23-ാം വാര്‍ഡ് നടവയല്‍ എല്‍പി സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണമുയര്‍ന്നു. ത്രേസ്യ മത്തായിയെന്ന വോട്ടറാണ് പരാതി ഉന്നയിച്ചത്. ഇവര്‍ ചലഞ്ചിങ് വോട്ട് രേഖപ്പെടുത്തി. തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ തൃശ്ശിലേരി ജിഎച്ച്എസ്എസിലെ വോട്ടിങ് കേന്ദ്രത്തിനകത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥന നടത്തിയെന്ന് യുഡിഎഫ് ആരോപിച്ചു. ഇതേത്തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. എടയൂര്‍കുന്ന് ജിഎല്‍പി സ്‌കൂളില്‍ വോട്ടര്‍മാരെ വാഹനത്തില്‍ എത്തിക്കുന്നതുസംബന്ധിച്ച് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
വ്യാഴാഴ്ച രാത്രി 9.35-ന് ലഭ്യമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം കല്പറ്റ നഗരസഭയില്‍ 77.26 ശതമാനവും മാനന്തവാടി നഗരസഭയില്‍ 78.68 ശതമാനവും സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ 77.48 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ ബൂത്തുകളില്‍ 78.96 ശതമാനവും സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ ബൂത്തുകളില്‍ 79.37 ശതമാനവും കല്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ ബൂത്തുകളില്‍ 80.14 ശതമാനവും പനമരം ബ്ലോക്ക് പഞ്ചായത്തിലെ ബൂത്തുകളില്‍ 75.21 ശതമാനവും പോളിങ് രേഖപ്പെടുത്തി.
ജില്ലയിലെ 23 ഗ്രാമപ്പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി സജ്ജീകരിച്ച 828 ബൂത്തുകളില്‍ ആകെ 6,47,378 വോട്ടര്‍മാരാണുള്ളത്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പത്തുശതമാനം വോട്ടര്‍മാരും ബൂത്തുകളിലെത്തിയിരുന്നു. 11 മണിക്കകം പോളിങ് ശതമാനം 25 കടന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ ആകെ വോട്ടര്‍മാരുടെ പകുതിയിലധികംപേര്‍ ബൂത്തുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. ഉച്ചയ്ക്കുശേഷം പോളിങ് പലയിടങ്ങളിലും മന്ദഗതിയിലായിരുന്നെങ്കിലും വൈകിട്ടോടെ കൂടുതല്‍ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. വൈകീട്ട് അഞ്ചുകഴിഞ്ഞപ്പോള്‍ വോട്ടിങ് ശതമാനം 75 കടന്നു. പലയിടങ്ങളിലും ആറുമണിക്കുശേഷവും വോട്ടര്‍മാര്‍ ക്യൂവിലുണ്ടായിരുന്നതിനാല്‍ പോളിങ് നീണ്ടു.
വോട്ടിങ് പൂര്‍ത്തിയാക്കി സീല്‍ ചെയ്ത ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ രാത്രിയോടെയാണ് ജില്ലയിലെ ഏഴ് സ്വീകരണകേന്ദ്രങ്ങളില്‍ എത്തിച്ചത്. റിട്ടേണിങ് ഓഫീസര്‍മാര്‍ ഏറ്റുവാങ്ങിയ വോട്ടിങ് മെഷീനുകള്‍ പ്രത്യേകം സജ്ജീകരിച്ച സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. അതീവസുരക്ഷയില്‍ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കുന്ന മെഷീനുകള്‍ ഡിസംബര്‍ 13-ന് വോട്ടെണ്ണല്‍ദിവസം രാവിലെ പുറത്തെടുക്കും.
Content Highlights: Wayanad leads Kerala`s second phase of elections with an impressive 78.32% voter turnout. Explore the details and key highlights of the polling day.