പാര്‍ട്ടിയെ നേതൃത്വം തൂക്കിവില്‍ക്കുന്നു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ഗോകുല്‍ ദാസ്

കൽപ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഗോകുല്‍ ദാസ്. പാര്‍ട്ടിയെ നേതൃത്വം തൂക്കിവില്‍ക്കുകയാണെന്നും കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ലീഗിന് അടിയറ വെക്കുകയാണെന്നും ഗോകുല്‍ ദാസ് ആരോപിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം നാളെയാണ് എന്നിരിക്കെയാണ് ഗോകുലിന്റെ പ്രതിഷേധം. വയനാട് ഡിസിസി ഓഫീസിന് മുന്‍പില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
തദ്ദേശതിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നേതാക്കള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നേരത്തെത്തന്നെ
ഉടലെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഗോകുൽദാസിന്റെ രോഷപ്രകടനം.
തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളടക്കം പരിഹരിച്ച് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നതിനിടെയാണ് ഗോകുല്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. വയനാട്ടില്‍ ദീര്‍ഘകാലം കെഎസ്‌യു ജില്ലാ പ്രസിഡന്റായും ഗോകുല്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇതിനിടെ മീനങ്ങാടിയില്‍ കേരള കോണ്‍ഗ്രസിന്റെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ജഷീര്‍ പള്ളിവയലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്. തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കടക്കം സീറ്റ് ലഭിക്കാത്തതാണ് അണികള്‍ക്കിടയില്‍ ഭിന്നതയുണ്ടാകാന്‍ കാരണമായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സീറ്റുകളുടെ കാര്യത്തില്‍ ഏകദേശം ധാരണയായിട്ടുണ്ട്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇവിടെയുള്ള ചില സീറ്റുകളുടെ കാര്യത്തില്‍ കൂടി തീരുമാനം ആയാല്‍ ഉടന്‍ തന്നെ പ്രഖ്യാപനം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.