എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കാത്തുനിന്നു, സ്ഥാനാര്‍ഥികള്‍ പര്യടനത്തിന് എത്തിയില്ല

കാട്ടിക്കുളം: തദ്ദേശതിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തിരുനെല്ലിയില്‍ എല്‍ഡിഎഫിലുണ്ടായ ഭിന്നത മറനീക്കി പുറത്ത്. തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ ചേലൂരിലെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മുന്നണി ഐക്യം തകര്‍ക്കുന്നത്. വര്‍ഷങ്ങളായി സിപിഐയ്ക്ക് നല്‍കിയിരുന്ന സീറ്റ് ഇത്തവണ സിപിഎമ്മിനു വേണമെന്നാവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഈ പ്രശ്‌നം പരിഹരിക്കാന്‍ ദിവസങ്ങളെടുത്തതോടെ എല്‍ഡിഎഫില്‍നിന്ന് സിപിഎമ്മിന്റെയും സിപിഐയുടെയും സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനിറങ്ങി. ഒട്ടേറെത്തവണ സിപിഎം-സിപിഐ ജില്ലാനേതൃത്വമുള്‍പ്പെടെ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിച്ചില്ല. ഒടുക്കം അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നത്തില്‍ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി മുകള്‍വിളയില്‍ ഷീജ മത്സരത്തിനിറങ്ങിയപ്പോള്‍ മൊബൈല്‍ഫോണ്‍ ചിഹ്നവുമായി സിപിഎം നേതാവുകൂടിയായ പുഷ്പയും ജനവിധിതേടുകയാണ്. ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്നയാള്‍ക്ക് മുന്നണിമര്യാദകള്‍ ലംഘിച്ച് സിപിഎം സഹായം നല്‍കുന്നതായും ആരോപണമുണ്ട്. ഷീജയ്‌ക്കെതിരേ മത്സരത്തിനിറങ്ങിയ പുഷ്പയുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ജില്ലാപഞ്ചായത്തംഗം എ.എന്‍. സുശീലയുള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ പോയിരുന്നു.
ചൊവ്വാഴ്ച ചേലൂര്‍ വാര്‍ഡില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കാനിരുന്ന സ്വീകരണയോഗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുനെല്ലി ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്ന കെ.ആര്‍. ജിതിനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരുനെല്ലി ഡിവിഷനില്‍നിന്ന് മത്സരിക്കുന്ന സി.ആര്‍. ഷീലയും കാട്ടിക്കുളം ഡിവിഷനില്‍നിന്ന് മത്സരിക്കുന്ന ടി. വസന്തകൃഷ്ണനും പനവല്ലി ഡിവിഷനില്‍നിന്ന് മത്സരിക്കുന്ന വി. ബേബിയും എത്തിയില്ല. സ്വീകരണപരിപാടിക്കായി നോട്ടീസ് ഉള്‍പ്പെടെ അടിച്ച് എല്‍ഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി നേരത്തേ പ്രചാരണം തുടങ്ങിയിരുന്നു. ചൊവ്വാഴ്ചത്തെ പര്യടനം പനവല്ലിയില്‍നിന്നുതുടങ്ങി ചെമ്പകമൂലയിലാണ് സമാപിച്ചത്.
സിപിഎം സംസ്ഥാനകമ്മിറ്റിയംഗംകൂടിയായ മന്ത്രി ഒ.ആര്‍. കേളു ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേലൂര്‍ ഒഴികെയുള്ള എല്ലാ കേന്ദ്രങ്ങളിലുമെത്തി. രണ്ടുമണിക്ക് നിശ്ചയിച്ചിരുന്ന ചേലൂരിലെ സ്വീകരണത്തില്‍ പങ്കെടുക്കാതെ ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ ബാവലിയിലേക്കാണ് പോയത്. ചേലൂരില്‍ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സിപിഎം ജില്ലാനേതൃത്വം ഇടപെട്ട് സീറ്റ് സിപിഐയ്ക്കു കൊടുക്കാന്‍ ധാരണയായിരുന്നെങ്കിലും പ്രാദേശികനേതൃത്വം ഇതിനു തയ്യാറായില്ല. നിലവില്‍ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിക്കുന്നയാള്‍ അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നം ഒഴിവാക്കി സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കണമെന്ന ആവശ്യം എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി മുന്നോട്ടുവെച്ചെങ്കിലും അതിന് സിപിഐയും തയ്യാറായില്ല. ഇതിനെത്തുടര്‍ന്നാണ് രണ്ടുപേരും മത്സരത്തിനിറങ്ങിയത്.
ചേലൂരിലുണ്ടായ ഭിന്നത തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പ്രതിഫലിക്കാനിടയുണ്ട്. തിരുനെല്ലിയില്‍ നിലവിലുള്ള ഭരണസമിതിക്ക് പ്രതിപക്ഷംപോലുമില്ല. മുന്നണിക്കിടയിലുണ്ടായ അഭിപ്രായഭിന്നത വോട്ടാകുമെന്ന പ്രതീക്ഷയിലാണ് മറ്റു മുന്നണികള്‍. ചേലൂര്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ ഗ്രാമപ്പഞ്ചായത്തംഗം ഇളമ്പിലാത്തൊടി പി.വി. വാസന്തിയും ബിജെപി സ്ഥാനാര്‍ഥിയായി ചാത്തന്‍പറമ്പില്‍ എം.ഡി. രഞ്ജിനിയും മത്സരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ സിപിഎം-സിപിഐ ഭിന്നത മറനീക്കി പുറത്തുവരുന്നത് പതിവാണ്. എല്ലാ തിരഞ്ഞെടുപ്പുകാലത്തും ഏതെങ്കിലും പേരില്‍ മുന്‍പ് മാനന്തവാടിയില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം സാമൂഹികമാധ്യമങ്ങളില്‍ നിറയാറുമുണ്ട്.
Content Highlights: LDF coalition in Thirunelli faces internal conflict in the Chelur ward over candidate nomination. A split between CPM and CPI threatens their unity as elections approach.