തമ്മിലടിക്കും പോര്‍വിളിക്കുമൊടുവില്‍ വയനാട്ടില്‍ സമവായം; കെഎസ്‌യു, യൂത്ത് കോണ്‍. പ്രസിഡന്റുമാര്‍ ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

കല്പറ്റ: സ്ഥാനാര്‍ഥി ചര്‍ച്ചകളുടെ പേരില്‍ തമ്മിലടിക്കും പോര്‍വിളിക്കും ശേഷം യുവനേതാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കി യുഡിഎഫ് ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ തങ്ങളെ പരിഗണിക്കുന്നില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ വഴിമുടക്കികളാവുന്നുവെന്നുമുള്ള യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു നേതാക്കളുടെ ആരോപണങ്ങളെ തുടര്‍ന്ന് കെപിസിസി നേ തൃത്വത്തിന്റെകൂടി മേല്‍നോട്ടത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയം അവസാനിപ്പിച്ചത്.
ചര്‍ച്ചകളും വിമതഭീഷണിയും മാധ്യമങ്ങള്‍ക്ക് മുന്നിലെ പരസ്യപ്രതികരണ ഭീഷണിയുമെല്ലാമായി നാടകീയരംഗങ്ങളാണ് രണ്ടുദിവസമായി ഡിസിസി ഓഫീസില്‍ അരങ്ങേറിയത്. ഇതിനൊടുവില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് പത്രക്കുറിപ്പിറക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ജില്ലാപഞ്ചായത്തില്‍ കേണിച്ചിറ ഡിവിഷനില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാപഞ്ചായത്തംഗവുമായ അമല്‍ജോയി മത്സരിക്കും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് മീനങ്ങാടിയില്‍നിന്ന് മത്സരിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ദേഹം താത്പര്യപ്പെട്ടതുപോലെ പനമരം ബ്ലോക്ക് പഞ്ചായത്തിലെ പൂതാടി ഡിവിഷനില്‍നിന്ന് മത്സരിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ദേവ് കല്പറ്റ ബ്ലോക്കില്‍ മുപ്പൈനാട് നിന്ന് മത്സരിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ജഷീര്‍ പള്ളിയാല്‍ താത്പര്യപ്പെട്ട സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മത്സരത്തില്‍നിന്ന് വിട്ടുനിന്നു.
മുസ്ലിംലീഗിന് വിട്ടുനല്‍കിയ മുട്ടില്‍ സീറ്റിലേക്ക് കോണ്‍ഗ്രസ് പരിഗണിച്ചിരുന്ന ചന്ദ്രിക കൃഷ്ണന്‍ വൈത്തിരി ഡിവിഷനില്‍നിന്ന് മത്സരിക്കും. മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ ജിനി തോമസ് അമ്പലവയല്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കും. അതേസമയം മുള്ളന്‍കൊല്ലി ജില്ലാപഞ്ചായത്ത് സീറ്റിലേക്ക് അവകാശവാദം ഉന്നയിച്ചിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഒ.ആര്‍. രഘു പരിഗണിക്കപ്പെട്ടേയില്ല.
പനമരം ബ്ലോക്കില്‍ പാക്കം, എസ്ടി ജനറല്‍ സംവരണസീറ്റായ ആനപ്പാറ എന്നിവ പ്രഖ്യാപിച്ചിട്ടില്ല. ഈ സീറ്റിലേക്ക് പരിഗണിക്കപ്പെടുമോ എന്നുള്ളതാണ് ഇനി നോക്കുന്നത്. കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗവും പനമരം ബ്ലോക്കിലെ ഒഴിച്ചിട്ടസീറ്റുകളില്‍ താത്പര്യമറിയിച്ചിട്ടുണ്ട്.
ചര്‍ച്ചകളില്‍ ഒരു സമവായത്തിനും വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത സമീപനമാണ് യുവനേതാക്കള്‍ സ്വീകരിച്ചതെന്ന അതൃപ്തി നേതാക്കളില്‍ ഒരുവിഭാഗത്തിനുണ്ട്. ഒരു യുവനേതാവ് രാത്രി നടന്ന ചര്‍ച്ചകളില്‍ ഡിസിസി ഓഫീസില്‍വെച്ച് പൊട്ടിത്തെറിക്കുകയും വാക്കേറ്റത്തിന് മുതിരുകയുമുണ്ടായി. മുന്‍ ഡിസിസി പ്രസിഡന്റും ജില്ലാപഞ്ചായത്ത് പ്രസിഡന്റു തലമുതിര്‍ന്ന നേതാവിനെ ഉന്നംവെച്ചും ചര്‍ച്ചകളുണ്ടായി.
സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് യുവപ്രാതിനിധ്യം മാത്രം ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അര്‍ഹതപ്പെട്ട പലരും തഴയപ്പെട്ടു. ഇതോടെ ബ്ലോക്ക് സീറ്റുകളില്‍ ജനസമ്മിതിയും സാധ്യത കല്പിച്ചിരുന്നവരുമായ നേതാക്കള്‍ പലരും ഡിസിസി ഓഫീസില്‍ നേരിട്ടെത്തി അതൃപ്തി പരസ്യമാക്കി. മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ചര്‍ച്ചയാക്കി സീറ്റുപിടിച്ചെടുക്കലാണ് നടന്നതെന്നും ഇതിന് കോണ്‍ഗ്രസ് നേതൃത്വം വഴിപ്പെട്ടുവെന്നുമാണ് ആരോപണം. അതൃപ്തിയുള്ള പ്രവര്‍ത്തകരില്‍ ഒരുവിഭാഗം വിമതരായി മത്സരിക്കാനൊരുങ്ങു ന്നതായും സൂചനയുണ്ട്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു പകല്‍മാത്രം ശേഷിക്കെ എങ്ങനെയെങ്കിലും സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തിലാണ് ഒടുക്കം രമ്യതയിലെത്തിയത്.
വയനാട് ജില്ലാപഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍: തവിഞ്ഞാല്‍-ലിസി ജോസ്, തിരുനെല്ലി-ഫിലിപ്പ് ജോര്‍ജ്, പനമരം-ബീനാ സജി, മുള്ളന്‍കൊല്ലി - ഗിരിജാ കൃഷ്ണന്‍, കേണിച്ചിറ-അമല്‍ജോയ്, മീനങ്ങാടി-ഗൗതം ഗോകുല്‍ദാസ്, നൂല്‍പ്പുഴ-ഷിജാ സതീഷ്, അമ്പല വയല്‍-ജിനി തോമസ്, വൈത്തിരി-ചന്ദ്രികാ കൃഷ്ണന്‍, എടവക-ജില്‍സണ്‍ തൂപ്പുംകര, തോമാട്ടു ചാല്‍-വി.എന്‍. ശശീന്ദ്രന്‍.
Content Highlights: Tensions ease as UDF announces district and block panchayat candidates, ensuring youth representation after heated debates.