എന്നും യുഡിഎഫിനൊപ്പം; ഇക്കുറി കല്പറ്റ ബ്ലോക്ക് ചരിത്രം തിരുത്തുമോ

#Election Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കല്പറ്റ: എന്നും യുഡിഎഫിനൊപ്പംനിന്ന ചരിത്രമാണ് കല്പറ്റ ബ്ലോക്ക് പഞ്ചായത്തിനുള്ളത്. യുഡിഎഫിന്റെ ഉരുക്കുകോട്ട. ഈ കോട്ട ഭേദിക്കാൻ ഇക്കുറിയെങ്കിലും ഇടതിനാകുമോ എന്നതാണ് തദ്ദേശതിരഞ്ഞെടുപ്പിൽ ഉയരുന്ന ചോദ്യം.

14 ഡിവിഷൻ ഉണ്ടായിരുന്ന പഞ്ചായത്തിൽ ഒൻപതും യുഡിഎഫിനൊപ്പമായിരുന്നു കഴിഞ്ഞതവണ. കോൺഗ്രസിന്റെയും മുസ്‍ലീംലീഗിന്റെയും രാഷ്ട്രീയവോട്ടുകൾത്തന്നെയാണ് മുന്നണിയുടെ ആത്മവിശ്വാസം. ബ്ലോക്ക് പഞ്ചായത്തിന്റെ രൂപവത്‌കരണകാലംമുതൽ അത് യുഡിഎഫിനെ തുണയ്ക്കുന്നു. ഇതിനൊപ്പം വൈത്തിരി ഗവ. താലൂക്കാശുപത്രി, മേപ്പാടി, തരിയോട് കുടുംബാരോഗ്യകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുനടത്തിയ വികസനം, ഷീ ലോഡ്ജ്, സഞ്ചരിക്കുന്ന മൃഗാശുപത്രി, കാലിത്തീറ്റ സബ്‌സിഡി തുടങ്ങിയ വികസനപ്രവർത്തനങ്ങളും വോട്ടാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു.

ഇക്കുറി രണ്ടുഡിവിഷൻ കൂടുതലായി 16 ഡിവിഷൻ ആയിട്ടുണ്ട്. ഇതിൽ ഒൻപതിൽ കോൺഗ്രസും ഏഴ്‌ ഡിവിഷനിൽ മുസ്‌ലിംലീഗും മത്സരിക്കുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി സി.എ. അരുൺദേവും കോൺഗ്രസ്‌ കല്പറ്റ മണ്ഡലം മുൻ പ്രസിഡന്റുമായിരുന്ന ബി. സുരേഷ് ബാബുവും ഉൾപ്പെടുന്ന സ്ഥാനാർഥിനിരയാണ് യുഡിഎഫിനായുള്ളത്. സ്ഥാനാർഥിനിർണയത്തിലെ അതൃപ്തികളാണ് യുഡിഎഫിനുള്ള ആശങ്ക. രാഷ്ട്രീയവോട്ടിൽ ഏറെ മുന്നിലുള്ള ഡിവിഷനുകളെപ്പോലും അണികൾക്കിടയിലെ അതൃപ്തികൾ അട്ടിമറിക്കുമെന്ന് യുഡിഎഫ് നേതൃത്വവും ഭയപ്പെടുന്നു.

2005-ൽ കോൺഗ്രസ് പിളർന്ന് ഡിഐസി രൂപവത്കരിച്ച് അവർ ഇടതിനൊപ്പംനിന്ന ചുരുങ്ങിയകാലംമാത്രമാണ് കല്പറ്റ ബ്ലോക്ക് ഭരണം എൽഡിഎഫിന്റെ കൈകളിലെത്തിയത്. രുഗ്മിണി ഭാസ്കരൻ പ്രസിഡന്റും പി. ഗഗാറിൻ വൈസ് പ്രസിഡന്റുമായ ഭരണസമിതിക്ക് കാലാവധി പൂർത്തിയാക്കാനും സാധിച്ചില്ല. ഡിഐസി വീണ്ടും കോൺഗ്രസിൽ ലയിച്ചതോടെ ഭരണംപോയി. എന്നാൽ, ഇക്കുറി എൽഡിഎഫ് വലിയപ്രതീക്ഷയിലാണ്. യുഡിഎഫിന്റെ ഏകപക്ഷീയമായ ഭരണത്തുടർച്ച കാരണമുള്ള വികസനമുരടിപ്പ് ജനം തിരിച്ചറിഞ്ഞുവെന്നും മാറ്റത്തിനായി വോട്ടർമാർ തയ്യാറെടുത്തുവെന്നുമാണ് അവകാശവാദം.

ജനങ്ങളുടെ ആവശ്യം തിരിച്ചറിയാനോ ഭാവനാത്മകമായി പദ്ധതികൾ രൂപവത്കരിക്കാനോ കഴിഞ്ഞ ഭരണസമിതിക്ക് കെല്പുണ്ടായിരുന്നില്ലെന്നും വികസനമുരടിപ്പാണ് ഉണ്ടായതെന്നുമാണ് എൽഡിഎഫിന്റെ പ്രചാരണം. ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റുവിഹിതത്തിൽനിന്ന് നല്ലൊരുശതമാനം ചെലവഴിച്ചെങ്കിലും ഷീ ലോഡ്ജ് പൂർത്തീകരിക്കാൻ സാധിച്ചില്ല.

ബ്ലോക്കിനുകീഴിൽ ഒൻപതുപഞ്ചായത്തുകൾ ഉണ്ടെങ്കിലും അവയെതമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനത്തിൽ ശ്രദ്ധയുണ്ടായില്ല. വൈത്തിരി ആശുപത്രിയിൽ സംസ്ഥാനസർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങളിൽ മേനിനടിക്കുക മാത്രമാണെന്നും എൽഡിഎഫ് ആരോപിക്കുന്നു.

16 ഡിവിഷനുകളിൽ 12 ഡിവിഷനിൽ സിപിഎമ്മും രണ്ടുഡിവിഷനിൽ സിപിഐയും ഓരോ ഡിവിഷനിൽ ആർജെഡിയും എൻസിപിയുമാണ് മത്സരിക്കുന്നത്. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക, മേപ്പാടി പഞ്ചായത്തംഗവും ആർവൈജെഡി സംസ്ഥാനസെക്രട്ടറിയുമായ അജ്മൽ സാജിദ്, എൻസിപി സംസ്ഥാനസെക്രട്ടറി സി.എം. ശിവരാമൻ തുടങ്ങിയവർ ഉൾപ്പെടുന്ന സ്ഥാനാർഥിനിരയാണ് എൽഡിഎഫിനായുള്ളത്.

മൂപ്പൈനാട് ഡിവിഷൻ ഒഴികെ എല്ലായിടത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും ഇക്കുറി സജീവമായുണ്ട്. ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ തങ്ങളുടെ വോട്ടുവിഹിതം ഉയർത്തുകയെന്ന ലക്ഷ്യമാണ് ബിജെപിക്ക്. വൈത്തിരി, അരപ്പറ്റ ഡിവിഷനുകളിൽ ആം ആദ്മി പാർട്ടിക്കും, മേപ്പാടിയിൽ എസ്ഡിപിഐക്കും സ്ഥാനാർഥികളുണ്ട്. ഇരുപാർട്ടികളും പ്രചാരണത്തിലും സജീവമാണ്.

Content Highlights: Kalpetta Block Panchayat, a UDF bastion, faces a tough electoral battle. Can the opposition break this stronghold? Find out about the candidates, issues, and prospects.