തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്‌ സിപിഎം അംഗത്വം സ്വീകരിച്ച്‌ ചൂരല്‍മലയിലെ 32 അതിജീവിത കുടുംബങ്ങള്‍

#Election Desk
സിപിഎം അംഗത്വം സ്വീകരിച്ച ജനശബ്ദം കർമസമിതി ചെയർമാൻ നസീർ ആലക്കലിനെ സിപിഎം ജില്ലാസെക്രട്ടറി കെ. റഫീഖ് ഹാരമണിയിച്ച് സ്വീകരിക്കുന്നു. എൽഡിഎഫ് കൺവീനർ സി.കെ. ശശീന്ദ്രൻ ഉൾപ്പെടെയുള്ളവർ സമീപം.|Photo: K Rafeeq
സിപിഎം അംഗത്വം സ്വീകരിച്ച ജനശബ്ദം കർമസമിതി ചെയർമാൻ നസീർ ആലക്കലിനെ സിപിഎം ജില്ലാസെക്രട്ടറി കെ. റഫീഖ് ഹാരമണിയിച്ച് സ്വീകരിക്കുന്നു. എൽഡിഎഫ് കൺവീനർ സി.കെ. ശശീന്ദ്രൻ ഉൾപ്പെടെയുള്ളവർ സമീപം.|Photo: K Rafeeq

കല്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്ത അതിജീവിതരുടെ കൂട്ടായ്മയായ ജനശബ്ദം കര്‍മസമിതിയുടെ ചെയര്‍മാന്‍ നസീര്‍ ആലക്കല്‍ ഉള്‍പ്പെടെ ദുരന്തബാധിതപ്രദേശത്തെ 32 കുടുംബങ്ങളില്‍നിന്നുള്ള 77 പേര്‍ സിപിഎം അംഗത്വം സ്വീകരിച്ചു. ചൂരല്‍മല-മുണ്ടക്കൈ ദുരന്തവും പുനരധിവാസപ്രവര്‍ത്തനങ്ങളും പ്രധാന ചര്‍ച്ചയായ വയനാട്ടില്‍ തദ്ദേശതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍മാത്രം അവശേഷിക്കെയാണ് അതിജീവിതകുടുംബങ്ങളെ സിപിഎമ്മില്‍ എത്തിച്ചത്.

സര്‍ക്കാരിന്റെ പുനരധിവാസപ്രക്രിയയെ വിമര്‍ശിച്ചും പുനരധിവാസപ്പട്ടികയില്‍ അപാകങ്ങളാരോപിച്ചുമുള്ള സമരങ്ങളില്‍ നേതൃത്വം വഹിച്ചയാളാണ് നസീര്‍ ആലക്കല്‍. കോണ്‍ഗ്രസിന്റെ ബ്ലോക്ക്‌ വൈസ് പ്രസിഡന്റും കല്പറ്റ മുന്‍ ബ്ലോക്ക്‌ പഞ്ചായത്തംഗവുമാണ് നസീര്‍ ആലക്കല്‍.

അതിജീവിതരെ സംരക്ഷിച്ച, ഇനിയും സംരക്ഷിക്കുമെന്ന് വിശ്വാസമുള്ള പ്രസ്ഥാനവുമായി യോജിച്ചുപ്രവര്‍ത്തിക്കാനാണ് സിപിഎമ്മില്‍ ചേരുന്നതെന്ന് നസീര്‍ ആലക്കല്‍ പറഞ്ഞു. പുനരധിവാസംസംബന്ധിച്ച് ചിലകാര്യങ്ങളില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുറ്റപ്പെടുത്തലുകളായിട്ടല്ല, അവ വിലയിരുത്തി ദുരന്തബാധിതരെ പരിഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭൂമി കണ്ടെത്തിയെങ്കില്‍ അതു പറയാനെന്താണ് പ്രയാസം. തങ്ങള്‍ക്കെന്ത് ലാഭമെന്ന് ചിന്തിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ദുരന്തബാധിതര്‍ക്കുവേണ്ടി പുറമേ കാണിക്കുന്ന പൊറാട്ടുനാടകമല്ലാതെ കല്പറ്റ എംഎല്‍എ എന്താണ് ചെയ്തിട്ടുള്ളത്. മുസ്‌ലിംലീഗ് 107 വീടുകള്‍ നല്‍കി. എന്നാല്‍, ഇതില്‍ നൂറിലധികം വീടുകളും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കാണ് നല്‍കിയത്. ദുരന്തബാധിതപട്ടികയിലെ അപാകങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്വം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും അതിന്റെ നേതൃത്വത്തിലുള്ള ജില്ലാപഞ്ചായത്ത് പ്രസിഡന്റിനും മേപ്പാടി പഞ്ചായത്ത് 10, 11, 12 വാര്‍ഡ് അംഗങ്ങള്‍ക്കുമാണ്. ദുരന്തബാധിതപ്രദേശത്തെ അറുപതോളം കുടുംബങ്ങളെക്കൂടി പരിഗണിക്കണമെന്നാണ് സര്‍ക്കാരിനോടുള്ള അപേക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മേപ്പാടി പഞ്ചായത്തിലെ 10, 11 വാര്‍ഡുകളില്‍പ്പെട്ടവരാണ് പുതുതായി സിപിഎമ്മിനൊപ്പം ചേര്‍ന്നത്. കല്പറ്റ പള്ളിത്താഴെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ പുതുതായി പാര്‍ട്ടിയിലെത്തിയവരെ എല്‍ഡിഎഫ് കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍, സിപിഎം ജില്ലാസെക്രട്ടറി കെ. റഫീഖ്, കല്പറ്റ ഏരിയാസെക്രട്ടറി വി. ഹാരിസ്, കെ.എം. ഫ്രാന്‍സിസ്, കെ. വിനോദ്, എം. ബൈജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Content Highlights: 77 survivors from 32 families affected by Churammala-Mundakkai disaster, led by Nazeer Alakkal, join CPM just before local polls in Wayanad.