തൃശ്ശൂരിൽ യുഡിഎഫിന്റെ കൊടിയേറ്റ്; അടിപതറി ഇടതുപക്ഷം, മായുന്നോ 'സുരേഷ് ഗോപി' ഫാക്ടർ

ശക്തന്റെ മണ്ണിൽ യുഡിഎഫിന്റെ വൻ തിരിച്ചുവരവ്. പത്ത് വർഷം കൂട്ടിയും കിഴിച്ചുമുള്ള കണക്കിന്റെ ബലത്തിൽ ഇടതുപക്ഷം ഭരിച്ചിരുന്ന കോർപ്പറേഷനിൽ വ്യക്തമായ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ കൊടിയേറ്റ്. ഗ്രാമപഞ്ചായത്തിലേയും മുനിസിപ്പാലിറ്റിയിലേയും സീറ്റ് എണ്ണം പരിശോധിക്കുമ്പോഴും നഷ്ടം ഇടതിനുതന്നെ. കോർപ്പറേഷന്റെ ഭരണം നിലനിർത്താനും മറ്റിടങ്ങളിൽ നഷ്ടം വരാതെ നോക്കാനും യുഡിഎഫിനായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നേട്ടം ആവർത്തിക്കാനായില്ലെന്ന് മാത്രമല്ല വെച്ചുപുലർത്തിയ പ്രതീക്ഷകളുടെ നിഴൽ മാത്രമാണ് ബിജെപിയെ സംബന്ധിച്ച് തൃശ്ശൂരിലെ തദ്ദേശഫലം.
കോർപ്പറേഷൻ 'കൈ'പ്പിടിയിൽ
ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ചിടത്താണ് എൽഡിഎഫിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകൊണ്ടൊരു ഫലം തൃശ്ശൂർ കോർപ്പറേഷനിൽ നിന്നുണ്ടാകുന്നത്. 33 ഡിവിഷനുകളിൽ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചുകയറി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഒട്ടേറെ സീറ്റുകളും അവർ തിരിച്ചുപിടിച്ചതും ആശ്വാസമായി. 2020-ലെ ആലസ്യം വരുത്തിവെച്ച ഫലത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്. അതുകൊണ്ട് തന്നെ മറ്റുള്ളവരേക്കാൾ ഒരുപടി മുന്നിൽ തന്നെ കോൺഗ്രസ് പ്രചാരണത്തിനിറങ്ങി. സിപിഎമ്മും ബിജെപിയുമൊക്കെ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കോർപ്പറേഷനിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയായിരുന്നു പുറത്തുവന്നത്.
കുട്ടനെല്ലൂർ ഡിവിഷനിൽ നിന്ന് ജനവിധി തേടിയ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഹരീഷ് മോഹൻ 500-ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കെപിസിസി സെക്രട്ടറി എ. പ്രസാദ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാർ, മുൻ ഡെപ്യൂട്ടി മേയർ സുബി ബാബു എന്നിവരും വിജയം കൈപ്പിടിയിലൊതുക്കി. വലിയ വിജയത്തിലേക്ക് നീങ്ങുമ്പോഴും കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ പാട്ടുരായക്കൽ ഡിവിഷനിൽ പരാജയപ്പെട്ടത് ക്യാമ്പിനെ നിരാശയിലാക്കുന്നുണ്ട്. കണ്ണൻകുളങ്ങര ഡിവിഷൻ ബിജെപിക്ക് കൈവിട്ടതും തിരിച്ചടിയായി.
മേയർ സ്ഥാനാർഥിയായി എൽഡിഎഫ് ഉയർത്തിക്കാട്ടി നോവലിസ്റ്റ് ലിസി ജോയ് പരാജയപ്പെട്ടത് എൽഡിഎഫിന് കനത്ത തിരിച്ചടിയായി. ലാലൂർ ഡിവിഷനിൽ നിന്നാണ് ഇവർ മത്സരിച്ചിരുന്നത്. വോട്ടെണ്ണൽ തുടങ്ങിയതിന് ശേഷം എതിർസ്ഥാനാർഥിക്ക് ഒരു വെല്ലുവിളി സൃഷ്ടിക്കാൻ പോലുമാകാതെയാണ് ലിസി പരാജയം ഏറ്റുവാങ്ങിയത്. മുൻ മേയർ അജിത ജയരാജൻ കൊക്കാലയിൽ പരാജയപ്പെട്ടതും ഇടതുപക്ഷത്തിനേറ്റ ആഘാതമായി. ഇവിടെ എൻഡിഎയുടെ വിൻഷി അരുൺകുമാർ ആണ് വിജയിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 30 ഡിവിഷനിൽ നേടിയ മേൽക്കൈ ആയിരുന്നു എൻഡിഎയുടെ പ്രതീക്ഷ. എന്നാൽ, ഈ പ്രതീക്ഷയെ അസ്ഥാനത്താക്കുന്ന വിധിയാണ് ജനങ്ങൾ അവർക്കു മുമ്പിൽ വെച്ചുനീട്ടിയത്. പുതുമുഖങ്ങളെയടക്കം രംഗത്തിറക്കി വൻ പ്രചാരണമെല്ലാം നടത്തിയെങ്കിലും ഒടുവിലത്തെ ഫലം ബിജെപിയെ സംബന്ധിച്ച് ആശാവഹമല്ല. കഴിഞ്ഞ തവണ ആറ് സീറ്റ് ഇക്കുറി എട്ട് സീറ്റായി എന്നതാണ് ആകെയുള്ള മെച്ചം.
2020-ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇടതിനും വലതിനും ഒരുപോലെ നിരാശയായിരുന്നു ഫലം. കേവല ഭൂരിപക്ഷം നേടാനാകാതെ പോയത് ഇരുകൂട്ടർക്കും ക്ഷീണമായി. 54 ഡിവിഷനുകളിൽ എൽഡിഎഫ്- 24, യുഡിഎഫ്- 23, എൻഡിഎ- ആറ്, കോൺഗ്രസ് വിമതൻ-ഒന്ന് എന്നിങ്ങനെയായിരുന്നു അന്നത്തെ കക്ഷിനില. എന്നാൽ, കോൺഗ്രസ് വിമതനെ മേയറാക്കി എൽഡിഎഫ് കോർപ്പറേഷൻ ഭരണത്തിൽ തുടർന്നു.
2015-ൽ 25 ഡിവിഷനുകളിലായിരുന്നു എൽ.ഡി.എഫിന് വിജയിക്കാനായത്. പിന്നീട് സ്വതന്ത്രരായി ജയിച്ച രണ്ടുപേരെക്കൂടി കൂടെക്കൂട്ടിക്കൊണ്ടായിരുന്നു അന്ന് ഭരണം പിടിച്ചത്. യു.ഡി.എഫിന് 22 ഡിവിഷനുകളാണ് 2015-ൽ ലഭിച്ചത്.
മേയറുടെ നിലപാട് വലത്തോട്ട്?
കോർപ്പറേഷൻ ഭരണം തൃശങ്കുവിലായതോടെയാണ് മേയർ സ്ഥാനത്തിനുള്ള നറുക്ക് കോൺഗ്രസ് വിമതനായി ജയിച്ച എം.കെ. വർഗ്ഗീസിന് വീഴുന്നത്. ആദ്യത്തെ രണ്ടുവർഷം മേയർ സ്ഥാനം കൊടുക്കാമെന്നായിരുന്നു ഇടതുമുന്നണിയിൽ ധാരണയെങ്കിലും ഇത് കൃത്യമായി പാലിക്കാൻ വർഗീസ് തയ്യാറായില്ല. പലഘട്ടങ്ങളിലും പ്രസ്താവനയിലൂടെയും പ്രവൃത്തിയിലൂടെയും മേയർ വിവാദം ക്ഷണിച്ചുവരുത്തിയെങ്കിലും അദ്ദേഹത്തെ കൈവിടാൻ മുന്നണി തയ്യാറായില്ല. മുഖ്യഘടകകക്ഷിയായ സിപിഐയുടെ കടുത്ത എതിർപ്പിലേക്ക് വരെ കാര്യങ്ങൾ എത്തിയെങ്കിലും സിപിഎം ജില്ലാ നേതൃത്വം മേയർക്ക് സംരക്ഷണമൊരുക്കി.
എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തതോടെ വർഗീസ് വീണ്ടും ഇടതുമുന്നണിയെ കുഴപ്പത്തിലാക്കി. ഭരണനേട്ടങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും എൽ.ഡി.എഫിനായി പ്രചരണത്തിനിറങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുരേഷ് ഗോപി ചെയ്ത നല്ല കാര്യങ്ങൾ പറയുമെന്നും അദ്ദേഹം പറഞ്ഞുവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കെ.എം വർഗീസിൻറെ നീക്കമെന്നാണ് വിലയിരുത്തൽ. ഒല്ലൂരിലോ തൃശ്ശൂരിലോ മത്സരിക്കാൻ തന്നെ ക്ഷണിക്കുന്ന കക്ഷിക്കൊപ്പം അദ്ദേഹം നിന്നേക്കുമെന്നും സൂചനകളുണ്ട്.
മങ്ങുന്നോ ‘സുരേഷ് ഗോപി’ ഫാക്ടർ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണമത്സരമെന്നനിലയിൽ സംസ്ഥാനം ഉറ്റുനോക്കിയ തൃശ്ശൂരിൽ ആരേയും അമ്പരപ്പിക്കുന്ന വിജയമായിരുന്നു സുരേഷ് ഗോപി സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പുകാലത്ത് ഒന്നിലധികം തവണ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിലെത്തിയിരുന്നു. ഇതോടെ, മോദിയുമായുള്ള അടുപ്പം കേന്ദ്രമന്ത്രിസഭയിലേക്കുള്ള വഴിതുറക്കുമെന്ന പ്രചാരണവും ശക്തമായി. കേരളത്തിൽ നിന്ന് ലോക്സഭയിലെത്തുന്ന ആദ്യ ബിജെപി പ്രതിനിധിയെന്ന നിലയിൽ ക്യാബിനെറ്റ് പോലും സ്വന്തമായേക്കുമെന്ന് പ്രചാരണം കത്തിപ്പടർന്നു. ഇതോടെ, കാര്യങ്ങൾ അന്ന് അദ്ദേഹത്തിന് അനുകൂലമായി.
എന്നാൽ, ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. പ്രതീക്ഷിച്ചടത്തൊന്നും വലിയ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചില്ല. കോർപ്പറേഷൻ ഭരണം പിടിക്കുമെന്ന അവകാശവാദമൊക്കെ ഉണ്ടായിരുന്നെങ്കിലും ദയനീയമായ പരാജയമായിരുന്നു ഫലം. കൊടുങ്ങല്ലൂർ പോലെ വലിയ പ്രതീക്ഷവെച്ച നഗരസഭയും കൈവിട്ടതോടെ ബിജെപി ജില്ലാ നേതൃത്വം പരുങ്ങലിലാണ്.
തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വൻ വോട്ടുവേട്ടയായിരുന്നു പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻഡിഎ നടത്തിയത്. ഗുരുവായൂർ ഒഴികെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലും അന്ന് സുരേഷ് ഗോപി ഒന്നാമതെത്തി. പാർട്ടി പോലും പ്രതീക്ഷവയ്ക്കാത്ത മണ്ഡലങ്ങളിൽ മുന്നണി നേതൃത്വം കണക്കുകൂട്ടിയതിനേക്കാൾ വോട്ട് സുരേഷ്ഗോപിയുടെ പെട്ടിയിൽ വീണു. എന്നാൽ, ഈ പ്രതീക്ഷയോടെയാണ് തദ്ദേശപ്പോരിനിറങ്ങിയ ബിജെപിക്ക് കാലിടറി.
ജില്ലാ പഞ്ചായത്തും ബ്ലോക്കും എൽഡിഎഫിന്
ജില്ലാപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഇപ്പോഴുള്ള അപ്രമാദിത്വം നിലനിർത്താൻ സാധിച്ചില്ലെങ്കിലും ഇടതിന് ആശ്വാസമേകുന്ന ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ 30 ഡിവിഷനുകളിൽ അവസാനം കണക്ക് പരിശോധിക്കുമ്പോൾ 21 ഇടങ്ങളിൽ എൽഡിഎഫ് മുമ്പിലാണ്. ഒമ്പതിടത്ത് യുഡിഎഫും 2020-ൽ 24 ഇടങ്ങളിൽ ഇടതുമുന്നണിയായിരുന്നു ജയിച്ചത്.
16 ബ്ലോക്ക് പഞ്ചായത്തിൽ 10 എണ്ണത്തിൽ ഭരണം നേടാൻ എൽഡിഎഫിന് കഴിയും. എങ്കിലും മാളയിലും മുല്ലശ്ശേരിയിലും തളിക്കുളത്തും ഭരണം നഷ്ടമായത് എൽഡിഎഫിന് വലിയ നഷ്ടമാണ്. അഞ്ച് ഇടങ്ങളിൽ യുഡിഎഫ് ജയിച്ചു. പുഴയ്ക്കലിൽ ഇരുവർക്കും ഏഴ് ഡിവിഷനുകൾ വീതമാണുള്ളത്.
ശ്രദ്ധാകേന്ദ്രമായത് നഗരസഭകൾ
സംസ്ഥാനത്താകെ വലിയ നഷ്ടം സംഭവിച്ചപ്പോഴും തൃശ്ശൂരിൽ നിലവിലുള്ള നഗരസഭകളുടെയൊന്നും ഭരണം കൈവിട്ടില്ല എന്നത് ഇടതുപക്ഷത്തിന് ആശ്വാസമേകുന്ന കാര്യമാണ്. സീറ്റുകളിലുണ്ടായിരിക്കുന്ന കുറവും പല കോട്ടകളിൽ വീണ വിള്ളലും പാർട്ടിയെ പ്രതിരോധത്തിലാക്കുമെങ്കിലും ഭരണം കൈവിടാതെ നിന്നത് പാർട്ടിക്ക് പ്രതീക്ഷ നൽകുന്നു. 2020-ൽ തങ്ങൾക്കുണ്ടായിരുന്ന വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കുന്നംകുളം, ചാവക്കാട് എന്നീ നഗരസഭകൾ ഇക്കുറിയും ഇടതിനൊപ്പം നിന്നു. അതേസമയം, ചാലക്കുടിയും ഇരിങ്ങാലക്കുടയും യുഡിഎഫിന് കൈകൊടുത്തു.
കൊടുങ്ങല്ലൂർ
ഏറെക്കുറേ ഉറപ്പിച്ച മട്ടിലായിരുന്നു കൊടുങ്ങല്ലൂർ നഗരസഭയിലെ ബിജെപിയുടെ പ്രചാരണം. 2020-ലെ പ്രകടനമാണ് ഇത്തരമൊരു പ്രചാരണത്തിന് അവർക്ക് ആത്മവിശ്വാസമേകിയത്. ഇരുമുന്നണികളെയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു 2020-ൽ എൻഡിഎ കൊടുങ്ങല്ലൂർ നഗരസഭയിൽ ഇവർ കാഴ്ചവെച്ചത്. ഇഞ്ചോടിച്ച് പോരാട്ടം നടന്നിടത്ത് അന്ന് ആർക്കും ഭൂരിപക്ഷം നേടാനായില്ല. 44 വാർഡുകളിൽ 22 ഇടത്ത് എൽഡിഎഫും 21 ഇടത്ത് എൻഡിഎയും വിജയിച്ചുകയറി. യുഡിഎഫ് ഒറ്റ സീറ്റിലേക്ക് ഒതുങ്ങി.
എന്നാൽ, നിലവിലെ സ്ഥിതി എൽഡിഎഫിന് അനുകൂലമാണ്. 46 വാർഡുകളിൽ 25 ഇടത്ത് എൽഡിഎഫ് വിജയിച്ചു. 18 സീറ്റുകളാണ് എൻഡിഎയ്ക്കുള്ളത്. എൽഡിഎയെ സംബന്ധിച്ച് 18 സീറ്റുകളുണ്ടെങ്കിലും തങ്ങളുടെയെല്ലാ പ്രതീക്ഷകളും തച്ചുടക്കുന്ന ജനവിധിയാണ് ഇന്നുണ്ടായത്. യുഡിഎഫിന് മൂന്ന് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 43 വർഷം തുടർച്ചയായി ഇടതുമുന്നണി ഭരിച്ച നഗരസഭ ഇപ്പോഴും എൽഡിഎഫിനൊപ്പം തന്നെയെന്നത് പാർട്ടിക്ക് വലിയ ആശ്വാസമാണ്.
വടക്കാഞ്ചേരി
42 വാർഡുകളുള്ള വടക്കാഞ്ചേരി നഗരസഭയിൽ 22 സീറ്റുകളിൽ മികച്ച വിജയം നേടാൻ എൽഡിഎഫിന് സാധിച്ചു. 18 ഇടത്ത് യുഡിഎഫും ഒരു സീറ്റിൽ എൻഡിഎയും വിജയിച്ചു. 2020-ലെ തിരഞ്ഞെടുപ്പിലും വടക്കാഞ്ചേരി നഗരസഭ ഇടതിനൊപ്പമായിരുന്നു. അന്നത്തെ കണക്കുപ്രകാരം 41 സീറ്റുകളിൽ 23 എണ്ണം അന്ന് ഇടതിനൊപ്പം നിന്നും. 17 സീറ്റുകൾ അന്ന് യുഡിഎഫും നേടി.
ചാവക്കാട്
ചാവക്കാട് നഗരസഭയിലും കാര്യങ്ങൾ എൽഡിഎഫിന് അനുകൂലമാണ്. ആകെയുള്ള 33 സീറ്റുകളിൽ 20 എണ്ണവും ഇടതിനൊപ്പംനിന്നു. 11 സീറ്റുകളിലാണ് യുഡിഎഫ് ജയിച്ചത്. ഒറ്റ വാർഡിലും ജയിക്കാൻ എൻഡിഎയ്ക്ക് സാധിച്ചില്ല. കഴിഞ്ഞ തവണത്തെ കണക്ക് പരിശോധിക്കുമ്പോൾ ആകെയുള്ള 32 സീറ്റുകളിൽ 23 എണ്ണവും അന്ന് ഇടതിനൊപ്പം നിന്നു. കോൺഗ്രസ് -7, കേരള കോൺഗ്രസ് (ജോസഫ്)-ഒന്ന്, മുസ്‌ലിം ലീഗ്-ഒന്ന് എന്നിങ്ങനെ ബാക്കിയുള്ള ഒമ്പത് സീറ്റുകളിൽ യുഡിഎഫും വിജയിച്ചു.
ഗുരുവായൂർ
കാൽനൂറ്റാണ്ടായി ഇടതുമുന്നണി ഭരിക്കുന്ന ഗുരുവായൂർ നഗരസഭയിൽ ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ എൽഡിഎഫ് ഒന്ന് ഞെട്ട് എന്നത് സത്യമാണ്. എന്നാൽ, പതുക്കെ കാര്യങ്ങൾ മാറി. അന്തിമഫലം പുറത്തുവരുമ്പോൾ ആകെയുള്ള 46 വാർഡുകളിൽ 23 സീറ്റുകൾ എൽഡിഎഫിന് സ്വന്തമാണ്. യുഡിഎഫിന് 16 സീറ്റും എൻഡിഎയ്ക്ക് രണ്ട് സീറ്റുമുണ്ട്. 2020-ലെ കണക്കുകൾ പരിശോധിച്ചാൽ അന്നത്തെ 43 വാർഡുകളിൽ 28 എണ്ണവും ഇടതിനൊപ്പമായിരുന്നു.
കുന്നംകുളം
കഴിഞ്ഞ തവണത്തേതിന് സമാനമായി കേവലഭൂരിപക്ഷം മറികടക്കാൻ ഇത്തവണയും മുന്നണികൾക്കായില്ല. ആകെയുള്ള 39 സീറ്റുകളിൽ 18 സീറ്റുകൾ എൽഡിഎഫിനുണ്ട്. ഒമ്പത് സീറ്റുകളിൽ കോൺഗ്രസും നാല് സീറ്റുകളിൽ ആർഎംപിയും വിജയിച്ചിട്ടുണ്ട്. ഏഴെണ്ണത്തിൽ ജയിക്കാൻ എൻഡിഎയ്ക്കുമായി. 2020-ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 18 സീറ്റുകൾ നേടിയ സിപിഎമ്മായിരുന്നു അന്നത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണം പിടിച്ചതും ഇടതുപക്ഷംതന്നെ. എട്ട് സീറ്റുകളിൽ ബിജെപിയും ഏഴെണ്ണത്തിൽ കോൺഗ്രസും വിജയിച്ചു.
ഇരിങ്ങാലക്കുട
എൻഡിഎ പ്രതീക്ഷ വെച്ച നഗരസഭകളിൽ ഒന്നായിരുന്നു ഇരിങ്ങാലക്കുട. എന്നാൽ, വെറും ആറു സീറ്റിൽ എൻഡിഎയ്ക്ക് ഒതുങ്ങേണ്ടിവന്നു. കരുവന്നൂർ, ഐടിസി ബാങ്ക് വിഷയങ്ങൾ ഉണ്ടായിരുന്നത് ഇരിങ്ങാലക്കുടയിലാണ് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വിഷയങ്ങൾക്കിടയിലും ജനം യുഡിഎഫിനൊപ്പം നിന്നും. 2020-ലെ 41 വാർഡുകളിൽ 17 സീറ്റുകൾ യുഡിഎഫ് നേടിയിരുന്നു. ഇക്കുറി അത് 22 ആയി ഉയർന്നു. എൽഡിഎഫ് 12 ഇടങ്ങളിൽ ജയിച്ചു.
ചാലക്കുടി
ചാലക്കുടിയിൽ യുഡിഎഫിന്റെ തുടർഭരണം. ആകെയുള്ള 37 വാർഡുകളിൽ 22 സീറ്റുകൾ യുഡിഎഫിനൊപ്പം നിന്നു. 12 സീറ്റുകൾ എൽഡിഎഫ് നേടിയപ്പോൾ എൻഡിഎ ഒറ്റ സീറ്റിലേക്ക് ഒതുങ്ങി. 2020-ലും വലിയ വിജയം ചാവക്കാട്ട് സ്വന്തമാക്കാൻ യുഡിഎഫിന് സാധിച്ചിരുന്നു. 36-ൽ 26 സീറ്റുകൾ നേടിയാണ് അന്ന് യുഡിഎഫ് നഗരസഭാഭരണം പിടിച്ചെടുത്തത്.
ഗ്രാമങ്ങൾ കൈവിട്ടോ?
ജില്ലയിലെ ഗ്രാമങ്ങളിൽ എൽഡിഎഫിനുണ്ടായിരുന്നു മുൻതൂക്കം നഷ്ടപ്പെടുന്നുവെന്ന് വ്യക്തമാക്കുന്ന ഫലമായിരുന്നു ഇന്ന് പുറത്തുവന്നത്. വലിയ തോതിൽ ഇടതിന് സീറ്റ് നഷ്ടമുണ്ടായി. 2020-ൽ 69 ഗ്രാമപഞ്ചായത്തുകളിൽ ഭരണമുണ്ടായിടത്തുനിന്ന് എൽഡിഎഫ് 44-ലേക്ക് വീണു. നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടായിടത്ത് നിന്നാണ് ഈ വീഴ്ച. യുഡിഎഫ് ആകട്ടെ തങ്ങളുടെ നില മെച്ചപ്പെടുത്തുകയും ചെയ്തു. വെറും 16 സീറ്റുകളിൽ നിന്ന് അവർ 34-ലേക്ക് കുതിച്ചു. തിരുവില്ല്വാമല പഞ്ചായത്തിൽ മാത്രമാണ് എൻഡിഎയ്ക്ക് ഭരണംപിടിക്കാനാകുന്ന നിലയുള്ളത്. ഏഴ് പഞ്ചായത്തുകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ഇവിടങ്ങളിൽ ഇനി എന്താകും എന്നത് കണ്ടുതന്നെ അറിയണം.
Content Highlights: Thrissur Local Body Election Results: UDF secures majority in Corporation, LDF faces losses in Grama Panchayats & Municipalities. BJP sees no significant gain.