ആദ്യമൊന്ന് വിറച്ചു, പിന്നെ അക്കരെ കടന്നു; മുൻ എംഎല്‍എ അനില്‍ അക്കരയ്ക്ക് വിജയം

#Election Desk
അനില്‍ അക്കര
അനില്‍ അക്കര

തൃശ്ശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയ മുൻ എംഎല്‍എ അനില്‍ അക്കര വിജയിച്ചു. അടാട്ട് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിൽ നിന്ന് ജനവിധി തേടിയ അദ്ദേഹം 300-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചുകയറി. സിപിഎമ്മിന്റെ കെ.ബി. തിലകനേയും ബിജെപിയുടെ ഹരീഷ്‌ വി.ജിയേയുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

അതേസമയം, പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിക്കുമോ എന്നതറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നു. യുഡിഎഫ്-9, എൽഡിഎഫ്-8 എന്ന നിലയിലാണ് ഇപ്പോഴത്തെ കക്ഷിനില.

നേരത്തെ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച വ്യക്തിയാണ് അനില്‍ അക്കര. 2000-2010 വരെയാണ് അനില്‍ അക്കര അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നത്. 2000-2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായും 2003-10 കാലത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു.

രണ്ടായിരം മുതല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുവരെ കോണ്‍ഗ്രസ് ആയിരുന്നു അടാട്ട് പഞ്ചായത്ത് ഭരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് അധികാരം പിടിച്ചെടുത്തു. ഇത്തവണ, പഞ്ചായത്ത് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അനിലിനെ കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്.

2016-ലെ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് ജയിച്ചാണ് അനിൽ അക്കര നിയമസഭയിലെത്തുന്നത്. എന്നാൽ, 2021-ൽ മണ്ഡലം കൈവിട്ടു. സിപിഎം സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളിയോട് അന്ന് അനിൽ പരാജയപ്പെട്ടു.

Content Highlights: Former MLA Anil Akkara secured a victory in the Thrissur local body elections, winning by over 300 votes in the Adatt Panchayat. See election results and party standings.