മുൻമേയറും, 'മേയർ സ്ഥാനാർഥിയും' വീണു; തൃശ്ശൂർ കോർപ്പറേഷനിൽ അടപടലം അടിതെറ്റി എൽഡിഎഫ്

തൃശ്ശൂർ: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി. കഴിഞ്ഞ രണ്ട് തവണയും ഭരണത്തിലേറിയ മുന്നണി ഇത്തവണ പതിനൊന്ന് സീറ്റിലേക്ക് ഒതുങ്ങി. ഭരണംപിടിച്ചാൽ മേയറാകുമെന്ന് പ്രതീക്ഷിച്ച എഴുത്തുകാരി ലിസിയും മുൻ മേയർ അജിതാ ജയരാജനും പരാജയപ്പെട്ടത് ഇടതുപക്ഷത്തിന് വലിയ ആഘാതമായി.
ലാലൂർ ഡിവിഷനിൽ നിന്ന് ജനവിധി തേടിയ ലിസി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. കോൺഗ്രസിനൊരു വെല്ലുവിളിയാകാൻ പോലും ഇവർക്ക് സാധിച്ചില്ല. കോൺഗ്രസിന്റെ ലാലി ജെയിംസ് 2483 വോട്ടുകൾ നേടിയപ്പോൾ 956 വോട്ടുകളേ ലിസിയ്ക്ക് നേടാനായുള്ളൂ. എന്നാൽ, ഒരുഘട്ടത്തിൽ മുന്നിട്ടുനിന്ന് അജിത ജയരാജൻ പിന്നീടാണ് പിറകോട്ട് പോകുന്നത്. ഇവിടെ എൻഡിഎയുടെ വിൻഷി അരുൺകുമാർ ആണ് വിജയിച്ചത്.
അരണാട്ടുകരയിൽ താമസിക്കുന്ന ലിസിയെ ലാലൂർ ഡിവിഷനിൽ മത്സരിപ്പിക്കാനുള്ള പാർട്ടി തീരുമാനം പാളിയെന്ന് ഫലം വരുമ്പോൾ വ്യക്തമാണ്. ഇത്തവണ വനിതാസംവരണ ഡിവിഷനായിരുന്നു ലാലൂർ. സ്വതന്ത്ര സ്ഥാനാർഥിയാക്കി മത്സരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് പാർട്ടിചിഹ്നത്തിൽ തന്നെ മത്സരിപ്പിക്കാൻ ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.സിഎസ്ബി ബാങ്കിൽനിന്ന് ചീഫ് മാനേജരായി റിട്ടയർ ചെയ്ത ലിസി പാർട്ടി ഭാരവാഹിത്വം ഒന്നും വഹിച്ചിട്ടില്ല.
Content Highlights: Thrissur Corporation election results: LDF faces unexpected defeat as former Mayor and mayoral candidate lose.