'നാലിരട്ടി സീറ്റ് വർധിപ്പിച്ച് BJP ഭരണംപിടിക്കും, കോൺഗ്രസ് വട്ടപൂജ്യമാകും'; ബി ഗോപാലകൃഷ്ണന്റെ പ്രവചനം പാളി

തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി. വലിയ പ്രതീക്ഷയോടെ അരങ്ങത്തേക്കിറങ്ങിയ പാർട്ടി ഏഴ് സീറ്റുകളിലൊതുങ്ങി. കഴിഞ്ഞ തവണ ആറ് സീറ്റുകളായിരുന്നു കോർപ്പറേഷനിൽ ബിജെപി നേടിയത്. ഈ അവസരത്തിൽ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ വെള്ളിയാഴ്ച പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
വലിയ അവകാശവാദമായിരുന്നു ബി. ഗോപാലകൃഷ്ണൻ ഇന്നലെ ഉന്നയിച്ചത്. നിലവിൽ ആറ് സീറ്റുകളുള്ള ബിജെപി നാലിരട്ടി സീറ്റ് വർധിപ്പിച്ച് ഭരണം പിടിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസിന്റെ അന്ത്യമാകും ഈ തിരഞ്ഞെടുപ്പെന്നും അഞ്ച മുതൽ പത്ത് വരെ സീറ്റുകളിലേക്കോ അല്ലെങ്കിൽ വട്ടപൂജ്യത്തിലേക്കോ പാർട്ടി കൂപ്പുകുത്തുമെന്നും അദ്ദേഹം പരിഹസിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തൃശൂർ കോർപ്പറേഷൻ ആരെടുക്കും?
ഇന്ന് വന്ന കോളുകളിലും മെസ്സേജുകളിലും ഇത് തന്നെ ആയിരുന്നു ചോദ്യങ്ങൾ. 13 ന് വോട്ടെണ്ണുന്നതിനു മുൻപ് പ്രിയപ്പെട്ടവരുടെ ആകാംഷ മനസിലാക്കുന്നു. തൃശൂർ കോർപ്പറേഷനിൽ 23 സീറ്റുകളുള്ള കോൺഗ്രസിന്റെ അന്ത്യമാകും ഈ തിരഞ്ഞെടുപ്പ്.
നിലവിൽ ആറു സീറ്റുകളുള്ള 4 ഇരട്ടി സീറ്റുകൾ വർധിപ്പിച്ചു ഭരണം പിടിക്കും എന്ന് തന്നെ ഒരു തൃശൂർ നഗര നിവാസി എന്ന നിലയിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. തൃശൂർ കോർപറേഷന്റെ നഗര മേഖലകളിൽ ബിജെപി സമ്പൂർണ ആധിപത്യവുമായി തേരോട്ടം നടത്തും സംശയം വേണ്ട.
ഗ്രാമീണ മേഖലയിൽ ഇടതു സഖ്യവുമായി നേരിട്ടുള്ള പോരാട്ടമാണ് ബഹു ഭൂരിപക്ഷം സീറ്റുകളിലും. 23 സീറ്റുകളുള്ള കോൺഗ്രസ് 5-10 സീറ്റിലേക്ക് ഒതുങ്ങിയാലോ വട്ട പൂജ്യം ആയാലോ അതിശയം വേണ്ട. ഏറ്റവും വലിയ പാർട്ടിയായി ബിജെപി ഒന്നാം സ്ഥാനത്തു തന്നെ ഉണ്ടാകും. മാജിക് നമ്പർ ആയ 27 മറികടക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
ഇനി കേരളത്തിന്റെ പൊതുവിലുള്ള എന്റെ കാഴ്ചപ്പാടിൽ ബിജെപിക്ക് നിലവിൽ ഉള്ള 14 ഗ്രാമപഞ്ചായത്ത് 2 മുൻസിപ്പാലിറ്റി അടക്കം 16 തദ്ദേശ സ്ഥാപന ഭരണം എന്നുള്ളത് അഞ്ച് ഇരട്ടി വർധിച്ചു ഏറ്റവും കുറഞ്ഞത് 75 തദ്ദേശ സ്ഥാപനങ്ങളുടെ, ഭരണം ബിജെപി പിടിക്കും സംശയം വേണ്ട.
https://www.facebook.com/share/p/1B1rCDT3RX/
2020 ലേ തദ്ദേശ ഇലക്ഷനിൽ സംസ്ഥാനത്തു ബിജെപി അംഗങ്ങളുടെ എണ്ണം 1500ൽ താഴെ ആയിരുന്നു എങ്കിൽ അത് 3-4 ഇരട്ടി വർധിപ്പിച്ചു 4000 മുതൽ 5000 ഉറപ്പായുമെത്തും എന്നുതന്നെയാണ് പ്രതീക്ഷ. പ്രിയപ്പെട്ട രാജ്യസ്നേഹികളെ ബിജെപിയുടെ കാര്യകർത്താക്കളെ ബിജെപിയെ നെഞ്ചോട് ചേർത്ത പുതിയ കേരളീയ സമൂഹമേ നിങ്ങളുടെ വിശ്വാസം തകരില്ല. നമ്മൾ മുന്നേറും ബാക്കിയുള്ളവർ പിന്നോക്കം പോകുമ്പോൾ നമ്മളെ മുന്നേറുകയുള്ളൂ. നാളത്തെ പുലരികൾ നമുക്കുള്ളതാണ്. നമുക്ക് മാത്രം.
Content Highlights: BJP faces a major setback in Thrissur Corporation elections, securing only 7 seats despite high hopes. Read about the controversial Facebook post by B. Gopalakrishnan.