സതീശന്റെ മിഷന്‍ 2025, മുന്നിട്ടിറങ്ങി മുരളീധരനും ചെന്നിത്തലയും; കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷനുകളില്‍ യുഡിഎഫിന്റേത് അമ്പരപ്പിക്കുന്ന മുന്നേറ്റം. ആറു കോര്‍പ്പറേഷനുകളില്‍ നാലിടത്തും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് മുന്നണി ഭരണമുറപ്പിച്ചു. കഴിഞ്ഞ തവണ ഒരിടത്താണ് യുഡിഎഫിന് ഭരണമുണ്ടായിരുന്നത്, കണ്ണൂരില്‍ മാത്രം.
കണക്കുകൂട്ടലുകളെ മറികടന്ന് കൊല്ലം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളില്‍ പോലും യുഡിഎഎഫിന്റേത് വന്‍ മുന്നേറ്റമാണ്. ആറില്‍ ഒരിടത്തുമാത്രമാണ് എല്‍ഡിഎഫിന് സാധ്യതയുള്ളത്. കോഴിക്കോട് ഏറ്റവും വലിയ ഒറ്റകക്ഷിയായ എല്‍ഡിഎഫിന് ഭൂരിപക്ഷത്തിന് നാല് സീറ്റിന്റെ കുറവുണ്ട്. ഇവിടെയും എല്‍ഡിഎഫിനെ യുഡിഎഫ് നന്നായി വെള്ളംകുടിപ്പിച്ചു. തിരുവനന്തപുരത്ത് എന്‍ഡിഎ ഭരണം ഏറക്കുറേ ഉറപ്പിച്ചു. കേവലഭൂരിപക്ഷത്തിന് ഒരൊറ്റ സീറ്റിന്റെ മാത്രം കുറവ്.
കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ ഉറച്ച് കോണ്‍ഗ്രസ് ഒരുക്കിയ തന്ത്രങ്ങളുടെ വിജയം കൂടിയാണ് ഫലത്തില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ നടന്ന കെപിസിസി എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ തന്നെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പൊരുക്കം തുടങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അവതരിപ്പിച്ച 'മിഷന്‍ 2025' നയരേഖ ആധാരമാക്കിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
മിഷന്‍ 2025 പ്രകാരം കോര്‍പ്പറേഷനുകളുടെ ചുമതല മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കി. മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ നേരിട്ട് മേല്‍നോട്ടത്തിനിറങ്ങി. കണ്ണൂരില്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും കോഴിക്കോട്ട് രമേശ് ചെന്നിത്തലയ്ക്കും തിരുവനന്തപുരത്ത് കെ. മുരളീധരനുമായിരുന്നു ചുമതല. എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തൃശ്ശൂരില്‍ റോജി എം. ജോണും കൊല്ലത്ത് പി.സി. വിഷ്ണുനാഥും നേരിട്ടിറങ്ങി.
തിരുവനന്തപുരത്ത് ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മുന്നണികളെയാകെ ഞെട്ടിച്ചു. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാനും പ്രചാരണത്തിനും മുരളീധരന്‍ നേരിട്ടിറങ്ങി. മുന്‍ എംഎല്‍എയായിരുന്ന കെ.എസ്. ശബരീനാഥനെപ്പോലെ പ്രമുഖ നേതാവിനെ തന്നെ മത്സരത്തിനിറക്കി. എല്‍ഡിഎഫ്- ബിജെപി ദ്വന്ദത്തിലേക്ക് മാറിയ കോര്‍പ്പറേഷനില്‍, ഭരണം പിടിക്കാന്‍ തന്നെയാണ് തങ്ങളിറങ്ങുന്നതെന്ന സന്ദേശം നല്‍കാന്‍ ഇതിലൂടെ സാധിച്ചു. തിരുവനന്തപുരത്തിന് പുറത്തേക്കും ഈ നീക്കത്തിന്റെ പ്രഭാവം അലയടിച്ചു.
തിരുവനന്തപുരത്തിന് പിന്നാലെ കൊല്ലത്തും തിരഞ്ഞെടുപ്പിന് മുമ്പേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ അണിനിരത്തി. കൊച്ചി കോര്‍പ്പറേഷനില്‍ പ്രമുഖരെ തന്നെ അങ്കത്തിനിറക്കി. തൃശ്ശൂരിലും കടുത്ത പോരാട്ടത്തിന് കളമൊരുക്കി. രൂപവത്കരണം മുതല്‍ ഭരണത്തിലാണെങ്കിലും കോര്‍പ്പറേഷന്‍ വിട്ടുകൊടുക്കാന്‍ കണ്ണൂരിലെ കോണ്‍ഗ്രസും തയ്യാറായിരുന്നില്ല. സിപിഎം വാര്‍ഡുകള്‍ പിടിക്കാന്‍ റിജില്‍ മാക്കുറ്റിയെപ്പോലെ പ്രധാന യുവനേതാക്കളെ ഇറക്കി. ഇതിനിടെ, വോട്ടില്ലാത്ത സെലിബ്രിറ്റി സ്ഥാനാര്‍ഥിയെ മേയര്‍ മുഖമായി അവതരിപ്പിക്കാന്‍ ശ്രമിച്ചത് കോഴിക്കോട് കല്ലുകടിയായി. പിന്നാലെ മേയര്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ട കെ.സി. വേണുഗോപാലിന്റെ അടുത്ത അനുയായി പി.എം. നിയാസ് തോല്‍ക്കുകയും ചെയ്തു.
സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതില്‍ പതിവ് തര്‍ക്കങ്ങള്‍ കുറവായിരുന്നുവെന്നത് യുഡിഎഫിന് ആശ്വസമായി. ഘടകകക്ഷികളുമായി ഏറ്റുമുട്ടലുകള്‍ ഒഴിവാക്കിയതും നേട്ടമായി. രാഷ്ട്രീയ വോട്ടുകള്‍ കൂടി ഫലം നിര്‍ണയിക്കുന്ന കോര്‍പ്പറേഷനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം വോട്ടര്‍മാര്‍ ഏറ്റെടുത്തുവെന്ന് വേണം കരുതാന്‍. തിരഞ്ഞെടുപ്പിനോടുക്കെ പ്രതിസന്ധിയിലാക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദങ്ങളും കാര്യമായ പരിക്കുണ്ടാക്കിയില്ലെന്ന് വേണം കരുതാന്‍.
തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടിയത് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ 2010-ലാണ്. ഉമ്മന്‍ചാണ്ടി കൂടി മുന്നണി മുഖമായിരുന്ന കാലം. അഞ്ചുകോര്‍പ്പറേഷനുകളില്‍ രണ്ടെണ്ണം യുഡിഎഫ് പിടിച്ചു. 59 നഗരസഭകളില്‍ 39 ഇടത്തും യുഡിഎഫ് ഭരണം പിടിച്ചു. 14 ജില്ലാ പഞ്ചായത്തുകളില്‍ എട്ടും 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 92 ഇടത്തും 978 ഗ്രാമപഞ്ചായത്തുകളില്‍ 582 ഇടത്തും യുഡിഎഫ് വിജയിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍ 11,203 അംഗങ്ങളായിരുന്നു യുഡിഎഫിനുണ്ടായിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ യുഡിഎഫിന്റെ റെക്കോര്‍ഡ് വിജയം. എങ്കിലും തൊട്ടടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം നാലുസീറ്റുകളായിരുന്നു എല്‍ഡിഎഫുമായുള്ള വ്യത്യാസം. കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളേക്കള്‍ ഒരെണ്ണം കൂടുതല്‍.
യുഡിഎഫിനെ സംബന്ധിച്ച് നിര്‍ണായകമായ മറ്റൊരു തദ്ദേശ തിരഞ്ഞെടുപ്പ് 2020-ലേതായിരുന്നു. 2015-ല്‍ നിലവില്‍വന്ന കണ്ണൂരൊഴികെ ഒരു കോര്‍പ്പറേഷനിലും ഭരണം ലഭിച്ചില്ല. എങ്കിലും 41 മുനിസിപ്പാലിറ്റികളില്‍ വിജയിക്കാനായി. എല്‍ഡിഎഫുമായി രണ്ടുമുനിസിപ്പാലിറ്റികളുടെ വ്യത്യാസം. മൂന്ന് ജില്ലാ പഞ്ചായത്തുകളില്‍ മാത്രമാണ് ഭരണം ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 38 ഇടത്തും ഗ്രാമപഞ്ചായത്തില്‍ 321 ഇടത്തും മാത്രം ഭരണം. അത്തവണ, പതിവ് തെറ്റിച്ച് കേരളത്തില്‍ തുടര്‍ഭരണമുണ്ടായി. തുടര്‍ച്ചയായി രണ്ടാം തവണ യുഡിഎഫ് പ്രതിപക്ഷത്തുമായി.
കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങളാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായത്. രമേശ് ചെന്നിത്തലയെ ഔദ്യോഗിക നേതൃത്വത്തില്‍നിന്ന് മാറ്റി. ഉമ്മന്‍ചാണ്ടി മരിച്ചു. അടുത്തിടെ കോണ്‍ഗ്രസിലുണ്ടായ വിവാദങ്ങള്‍ ശക്തമായ നേതൃത്വമില്ലാത്തതിന്റേയും ഗ്രൂപ്പുകള്‍ ചിന്നിച്ചിതറിയതിന്റേയും ഫലമാണെന്ന് കോണ്‍ഗ്രസ് നിരീക്ഷകര്‍ വിമര്‍ശിച്ചു. ഇതിനുകൂടിയുള്ള മറുപടിയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നല്‍കുന്നത്. ഇരുവര്‍ക്കുമൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും അടങ്ങുന്ന ഒരു നിരയും 'ടീം കെപിസിസി'യായി നിലകൊണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയിറങ്ങാനുള്ള ആത്മവിശ്വാസം കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും യുഡിഎഫിനും നല്‍കുന്നത്.
Content Highlights: Return of Congress Leadership: The Inside Story of UDF's Advance in Local Body Elections