പിഴയ്ക്കാത്ത ചാട്ടം; സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മ ജയിച്ചു

പത്തനംതിട്ട: സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് ജയം. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പള്ളിക്കല്‍ ഡിവിഷനില്‍ 196 വോട്ടിനാണ് സിപിഐയിലെ ശ്രീലത രമേശിനെ ശ്രീനാദേവി പരാജയപ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അതിനാടകീയമായിട്ടായിരുന്നു ശ്രീനാദേവിയുടെ വിജയം.
സംസ്ഥാനതലത്തില്‍ സിപിഐയുടെയും എഐവൈഫിന്റെയും യുവനേതാവായിരുന്ന ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ തവണ പള്ളിക്കല്‍ ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായിരുന്നു. സിപിഐ നേതൃത്വവുമായുണ്ടായ പലവിഷയങ്ങളെത്തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ശ്രീനാദേവി കുഞ്ഞമ്മ പാര്‍ട്ടി വിട്ടത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും രാജിവെച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി പള്ളിക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി.
ശ്രീനാദേവിക്കെതിരേ പത്തുവര്‍ഷം മുന്‍പ് പള്ളിക്കല്‍ ഡിവിഷനില്‍നിന്ന് ജയിച്ച ശ്രീലതാ രമേശിനെയാണ് എല്‍ഡിഎഫ് ഇത്തവണ രംഗത്തിറക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ശ്രീനാദേവിക്ക് 15962 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 15766 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥിയായ എസ്. ചന്ദ്രലേഖ 7318 വോട്ടുകള്‍ നേടി. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലും ഇത്തവണ യുഡിഎഫിനാണ് ഭരണം.
Content Highlights: Sreenadevi Kunjamma, who switched from CPI to Congress, secured a victory in the Pallickal division of Pathanamthitta District Panchayat by 196 votes.