പാലക്കാട്ട് ബിജെപി ഭരണം തടയാന്‍ കരുനീക്കം; സഖ്യസാധ്യത തള്ളാതെ യുഡിഎഫും എല്‍ഡിഎഫും, മാങ്കൂട്ടം മുന്നണിയെന്ന് പരിഹാസം

#ഇലക്ഷന്‍ ഡെസ്‌ക്‌
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

പാലക്കാട്: തദ്ദേശതിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പാലക്കാട് നഗരസഭയില്‍ ഭരണം പിടിക്കാന്‍ മുന്നണികളുടെ കരുനീക്കങ്ങള്‍ സജീവം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷമില്ലാത്തത് ബിജെപിയെ കുഴപ്പിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഭരണത്തിലേറാന്‍ അവസരമുണ്ടെങ്കിലും എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്ത് ഹാട്രിക് ഭരണം തട്ടിത്തെറിപ്പിക്കുമോയെന്ന ആശങ്കയിലാണ് ബിജെപി ക്യാമ്പ്.

ബിജെപിയെ മാറ്റിനിര്‍ത്താന്‍ സഖ്യത്തിലേര്‍പ്പെട്ടാല്‍ അത് നിയമസഭാതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്ക യുഡിഎഫ്, എല്‍ഡിഎഫ് ക്യാമ്പുകളിലുമുണ്ട്. അതിനാല്‍ സംസ്ഥാനനേതൃത്വവുമായുള്ള വിശദചര്‍ച്ചകള്‍ക്കുശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് രണ്ട് മുന്നണികളും.

സ്വതന്ത്രനായി ജയിച്ച എച്ച്. റഷീദിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫും യുഡിഎഫും പിന്തുണച്ചാല്‍ ബിജെപിയെ തടയാനുള്ള വഴി തെളിയും. ഒപ്പം പരസ്യമായ സഖ്യമെന്ന ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാനും കഴിയും.

ബിജെപിയെ ഭരണത്തില്‍നിന്ന് ഇറക്കാന്‍ മതേതരചേരികള്‍ ഒന്നിക്കണമെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇതേ നിലപാട് ശക്തിപ്പെടുത്തി പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും രംഗത്തെത്തി. ബിജെപിയെ മാറ്റിനിര്‍ത്തുകയെന്നത് പ്രധാനലക്ഷ്യമാണെന്നും കൂടിയാലോചിച്ച് എല്ലാ സാധ്യതകളും പരിശോധിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിതല ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂവെന്നാണ് സിപിഎം ജില്ലാസെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിന്റെ പ്രതികരണം.

അതേസമയം, എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നീക്കങ്ങളെ രൂക്ഷമായ ഭാഷയില്‍ ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു. 'മാങ്കൂട്ടം' മുന്നണിയാണ് പാലക്കാട് അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഖജാന്‍ജി ഇ. കൃഷ്ണദാസ് ആരോപിച്ചു. പാലക്കാട്ടെ ജനവിധിയെ അവിഹിത കരാറുകളിലൂടെ മറിച്ചിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി ഈസ്റ്റ് ജില്ലാപ്രസിഡന്റ് പ്രശാന്ത് ശിവന്‍ സാമൂഹികമാധ്യമത്തില്‍ കുറിച്ചു. ഇരുവിഭാഗവും കോഴി പീഡനമുന്നണിക്കാണ് രൂപം നല്‍കാന്‍ തയ്യാറാവുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

സഖ്യം വേണ്ടെന്നോ നിയമസഭാതിരഞ്ഞെടുപ്പ് കഴിയുംവരെ ബിജെപി തുടരട്ടെയെന്നോ എല്‍ഡിഎഫും യുഡിഎഫും തീരുമാനിച്ചാല്‍ ബിജെപിക്ക് ഹാട്രിക് ഭരണത്തിന് വഴിതെളിയും. മുന്‍ നഗരസഭാചെയര്‍മാന്‍ ഇ. കൃഷ്ണദാസ്, പി. സ്മിതേഷ് എന്നിവരുടെ ഉള്‍പ്പെടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

Content Highlights: Palakkad Municipality: BJP faces challenges as LDF and UDF explore alliance options to prevent a hat-trick rule. Learn about the latest political maneuvers.