പിന്മാറിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് സ്വതന്ത്രനോട് CPM ലോക്കല്‍ സെക്രട്ടറി; ‘സൗഹൃദപരമായ’ ഭീഷണിയെന്ന് വിശദീകരണം

#മാതൃഭൂമി ന്യൂസ്
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാമകൃഷ്ണൻ
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാമകൃഷ്ണൻ

പാലക്കാട്: തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ കൊന്നുകളയുമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി രാമകൃഷ്ണനെതിരേയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ജംഷീര്‍ വധഭീഷണി മുഴക്കിയത്. ഫോണ്‍സംഭാഷണത്തിന്റെ ശബ്ദശകലവും രാമകൃഷ്ണന്‍ പുറത്തുവിട്ടു.

ശനിയാഴ്ച രാത്രിയാണ് ജംഷീര്‍ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയതെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. സിപിഎം അട്ടപ്പാടി ഏരിയ മുന്‍ സെക്രട്ടറിയാണ് രാമകൃഷ്ണന്‍. പിന്നീട് പാര്‍ട്ടിയില്‍നിന്ന് പുറത്തായ ഇദ്ദേഹം നിലവില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.

ജംഷീര്‍ ഫോണില്‍വിളിച്ച് മത്സരത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 'ഏത് ഉടയതമ്പുരാന്‍ വന്നുപറഞ്ഞാലും മാറില്ല' എന്നായിരുന്നു രാമകൃഷ്ണന്റെ മറുപടി. ഇതോടെയാണ് 'ഞങ്ങള്‍ തന്നെ നിങ്ങളെ കൊല്ലേണ്ടിവരും' എന്ന് ജംഷീര്‍ പറഞ്ഞത്. ഇതുവരെ സ്‌നേഹത്തോടെ സംസാരിച്ചെന്നും ഇനി അതുപറ്റില്ലെന്നും ജംഷീര്‍ പറയുന്നത് ശബ്ദശകലത്തിലുണ്ട്. തുടര്‍ന്ന് 'നിങ്ങള്‍ എന്നെ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്' എന്ന് രാമകൃഷ്ണന്‍ ചോദിച്ചപ്പോള്‍ 'തട്ടിക്കളയും' എന്നായിരുന്നു ജംഷീറിന്റെ മറുപടി. എന്ത് എന്ന് രാമകൃഷ്ണന്‍ ആവര്‍ത്തിച്ചപ്പോഴും ജംഷീര്‍ 'തട്ടിക്കളയും' എന്ന് വീണ്ടും മറുപടി നല്‍കി. ഇതോടെ 'ആ തട്ടിക്കോ' എന്ന് രാമകൃഷ്ണന്‍ പറയുന്നതും ശബ്ദശകലത്തിലുണ്ട്.

അതേസമയം, ഭീഷണിയെ സംബന്ധിച്ച് സിപിഎം ഏരിയ നേതൃത്വം വിചിത്രമായ പ്രതികരണമാണ് നല്‍കിയത്. രാമകൃഷ്ണനും ജംഷീറും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും സൗഹൃദത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയതാണെന്നുമാണ് സിപിഎം ഏരിയ സെക്രട്ടറി പറഞ്ഞത്. ഇരുവരും തമ്മില്‍ പിതാവിനെയും മകനെയും പോലെയുള്ള ബന്ധമാണെന്നും സിപിഎം ഏരിയ സെക്രട്ടറി പറഞ്ഞു.

Content Highlights: Independent candidate in Palakkad`s Agali panchayat alleges death threats from CPM local secretary. Audio clip of alleged threat released. CPM`s response calls it `friendly banter`.