മഞ്ചേശ്വരത്ത് കനലൊരു തരിപോലുമില്ല

#ന്യൂസ് ഡെസ്ക്
ഫോട്ടോ: അഭിലാഷ് ചിറക്കടവ്
ഫോട്ടോ: അഭിലാഷ് ചിറക്കടവ്

മഞ്ചേശ്വരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിൽ ഇക്കുറി എൽഡിഎഫിന് സീറ്റില്ലാതായി. കഴിഞ്ഞതവണ ഒരു സ്വതന്ത്ര ഉൾപ്പെടെ സിപിഎമ്മിന് രണ്ട് സീറ്റും സിപിഐക്ക് ഒരു സീറ്റും ഉണ്ടായിരുന്നു. ഇത്തവണ ഈ മൂന്ന് സീറ്റുകളും നഷ്ടമായി. സിപിഎം ജയിച്ച വാർഡിൽ മുസ്‌ലിം ലീഗും സിപിഐ ജയിച്ച വാർഡിൽ ബിജെപിയുമാണ് ജയിച്ചത്.

മുസ്‌ലിം ലീഗിന് അഭിമാന വിജയം

ഏറെക്കാലത്തെ ഭരണത്തുടർച്ചയ്ക്കുശേഷം കഴിഞ്ഞതവണ അപ്രതീക്ഷിതമായി ഉണ്ടായ ഭരണനഷ്ടം യുഡിഎഫിന് പ്രത്യേകിച്ച് മുസ്‌ലിം ലീഗിന് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ആറ് സീറ്റ് മാത്രമാണ് അന്ന്‌ നേടാനായത്. ചിട്ടയായ പ്രവർത്തനവും പ്രശ്നങ്ങളില്ലാതെ സ്ഥാനാർഥികളെ നിർത്താനായതും ഇത്തവണ നേട്ടമായി. ആറ് സീറ്റ് പന്ത്രണ്ടായി വർധിപ്പിക്കാൻ ലീഗിന് കഴിഞ്ഞു. ഒപ്പം കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. അങ്ങനെ യുഡിഎഫ് 13 സീറ്റ് നേടി ഭരണം തിരിച്ചുപിടിച്ചു.

വൊർക്കാടിയിൽ കോൺഗ്രസിന് നേട്ടം

തിരഞ്ഞെടുപ്പിൽ വൊർക്കാടി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ഇക്കുറി കോൺഗ്രസിന്. പ്രതീക്ഷിക്കാത്ത വിജയമാണ് ഇവിടെ കോൺഗ്രസിനെ തേടിയെത്തിയത്. ആറ് വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു. കഴിഞ്ഞതവണ രണ്ട് സീറ്റുകൾ മാത്രമാണ്‌ നേടാൻകഴിഞ്ഞത്. ഒൻപത് സീറ്റിൽ മത്സരിച്ച മുസലിം ലീഗ് നാല് സീറ്റിൽ മാത്രമാണ് വിജയിച്ചത്. കോൺഗ്രസിന് ഒൻപത് സീറ്റ് നൽകിയിരുന്നെങ്കിലും അവസാനനിമിഷം രണ്ട് സ്ഥാനാർഥികൾ പത്രിക പിൻവലിച്ചിരുന്നു. ഏഴ് സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ആറ് സീറ്റ് നേടാനായി. ഇതോടെ ഏറെക്കാലത്തെ ഇടവേളക്കുശേഷം വൊർക്കാടിയിൽ പ്രസിഡന്റ് പദം കോൺഗ്രസിന് ലഭിക്കും.

Content Highlights: Manjeshwaram Local Body Elections: UDF Sweeps Back to Power, LDF Faces Setback