രെജീഷ് റെക്കോഡിങ്ങിലാണ്... ഇത്തവണ സ്വന്തം പ്രചാരണത്തിന്

#Election Desk
കെ.എൻ. രെജീഷ് സ്വന്തം പ്രചാരണത്തിനായുള്ള റെക്കോഡിങ്ങിൽ
കെ.എൻ. രെജീഷ് സ്വന്തം പ്രചാരണത്തിനായുള്ള റെക്കോഡിങ്ങിൽ

കരുമാല്ലൂർ: സംസ്ഥാന നേതാക്കൾക്കുവരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗൺസ്‌മെന്റ് നടത്തിയിട്ടുള്ള മുപ്പത്തടം സ്വദേശി കെ.എൻ. രെജീഷ് ഇത്തവണ മൈക്കെടുക്കുന്നത് തനിക്കുവേണ്ടിയാണ്. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ എന്നെ വിജയിപ്പിക്കണമെന്ന് സ്വന്തം വാർഡിലെ സ്ഥാനാർഥികളോട് പറയാനുള്ള റെക്കോഡിങ്ങിന്റെ തിരക്കിലാണ് രെജീഷ്.

ശബ്ദത്തിന്റെ ഗാംഭീര്യവും ചടുലമായ ശൈലിയുംകൊണ്ട് അനൗൺസ്‌മെന്റ് രംഗത്ത് ഇപ്പോൾ തിളങ്ങിനിൽക്കുന്ന വ്യക്തിയാണ് രെജീഷ്. തിരഞ്ഞെടുപ്പായാൽ രെജീഷിന് എന്നും തിരക്കാണ്.

എല്ലാ ജില്ലകളിലേക്കും രെജീഷിന്റെ ശബ്ദമെത്തും. ഇപ്പോൾ റെക്കോഡുചെയ്താണ് അനൗൺസ്‌മെന്റ്. ആദ്യമൊക്കെ ജീപ്പിൽ ലൈവായി പ്രചാരണംനടത്തി ആളുകളെ കൈയിലെടുക്കുമായിരുന്നു. കോടിയേരി ബാലകൃഷ്ണൻ നടത്തിയ യാത്രയിലും മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ ജനമുന്നേറ്റയാത്രയിലും രെജീഷിന്റെ ശബ്ദമായിരുന്നു എല്ലാവരും മൈക്കിലൂടെ കേട്ടത്.

എടയാർ ചുമട്ടുതൊഴിലാളി യൂണിയൻ കൺവീനറും മുപ്പത്തടം സഹകരണബാങ്ക് ഭരണസമിതിയംഗവുമായ രെജീഷിന് ഇത്തവണയാണ് പാർട്ടി മത്സരരംഗത്തേക്ക് അവസരം നൽകിയത്. കടുങ്ങല്ലൂർ പഞ്ചായത്ത് മുപ്പത്തടം 13-ാം വാർഡിലാണ് രെജീഷ് ജനവിധിതേടുന്നത്. വാഹനത്തിലുള്ള അനൗൺസ്‌മെന്റ് അവസാനവട്ടം മാത്രമേ നടത്തുന്നുള്ളൂ. അതിനായുള്ള റെക്കോഡിങ്ങ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

Content Highlights: Regheesh, the famous voice of Kerala election campaigns, now records for his own candidacy. Hear his powerful announcement!