മനക്കോട്ടകള്‍ പൊളിയുമോ; വിധി വരുന്നത് കാത്ത് മുന്നണികള്‍

#കെ. പത്മജന്‍
ആലുവ ചാലയ്ക്കല്‍ ദാറുസ്സലാം എല്‍പി സ്‌കൂളിലെ പോളിങ് ബൂത്തിനുമുൻപില്‍ ഒരുമിച്ചിരുന്നു സംസാരിക്കുന്ന സുഹൃത്തുക്കൾ കൂടിയായ സ്ഥാനാര്‍ഥികളായ അബ്ദുല്‍ഖാദര്‍ (എല്‍ഡിഎഫ്), അബ്ദുല്‍സലാം (യുഡിഎഫ്), കെ എ അബ്ബാസ് (എസ്ഡിപിഐ), വി എ ഇബ്രാഹിംകുട്ടി (വെല്‍ഫെയര്‍ പാര്‍ട്ടി) എന്നിവര്‍
ആലുവ ചാലയ്ക്കല്‍ ദാറുസ്സലാം എല്‍പി സ്‌കൂളിലെ പോളിങ് ബൂത്തിനുമുൻപില്‍ ഒരുമിച്ചിരുന്നു സംസാരിക്കുന്ന സുഹൃത്തുക്കൾ കൂടിയായ സ്ഥാനാര്‍ഥികളായ അബ്ദുല്‍ഖാദര്‍ (എല്‍ഡിഎഫ്), അബ്ദുല്‍സലാം (യുഡിഎഫ്), കെ എ അബ്ബാസ് (എസ്ഡിപിഐ), വി എ ഇബ്രാഹിംകുട്ടി (വെല്‍ഫെയര്‍ പാര്‍ട്ടി) എന്നിവര്‍

കൊച്ചി: ഉറച്ച വോട്ടുകള്‍ മുഴുവന്‍ പെട്ടിയില്‍ വീണെന്ന ആശ്വാസത്തിലാണ് മുന്നണികള്‍. പോളിങ്ങില്‍ പ്രതീക്ഷിച്ചത്ര ഉയര്‍ച്ച ഉണ്ടായില്ലെങ്കിലും ഉറച്ച വോട്ടുകളെല്ലാം ചെയ്യിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് നേതൃത്വം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ഭീഷണി ശക്തമായിരുന്നിട്ടും ജില്ലയില്‍ 77.13 ശതമാനം പോളിങ് നടന്നു. അതുവെച്ചുനോക്കുമ്പോള്‍ ഇക്കുറി എണ്‍പതിനു മുകളിലേക്ക് പോളിങ് കടക്കുമെന്ന് മുന്നണികള്‍ പ്രതീക്ഷിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രീ പോളിങ് കണക്കെടുപ്പുകള്‍. ഇടതുപക്ഷത്തിനുവേണ്ടി കണക്കെടുക്കുന്ന സിപിഎം ഇക്കുറി പണി പാളാതിരിക്കാന്‍ പരമാവധി വെട്ടിക്കുറയ്ക്കലുകള്‍ വരുത്തിയ ലിസ്റ്റാണ് മുകളിലേക്ക് നല്‍കിയത്.

കോര്‍പ്പറേഷനുകളിലാണ് മനക്കോട്ടകള്‍ തകരാന്‍പോകുന്നത്. പതിവു കണക്കെടുപ്പിന് ഇവിടെ പ്രസക്തിയില്ലാതായി. കോവിഡ് കാലത്ത്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 62 ശതമാനത്തിനു മുകളില്‍ പോളിങ് കൊച്ചിയില്‍ നടന്നിരുന്നു. 2015-ല്‍ എഴുപതു ശതമാനത്തിനടുത്ത് പോളിങ് വന്നു. ഇക്കുറി 75 ശതമാനം പോളിങ് മുന്നണികള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, രാവിലെ പ്രതീക്ഷിച്ച പോളിങ് കോര്‍പ്പറേഷനില്‍ ഉണ്ടായില്ല. ഉച്ചയ്ക്കുശേഷമാണ് ബൂത്തുകള്‍ ഉണര്‍ന്നത്. പോളിങ് സ്റ്റേഷനിലേക്ക് എത്താത്ത നഗരത്തിലെ വോട്ടുകള്‍ പാര്‍ട്ടി നേതൃത്വത്തിന് പിടികൊടുക്കാത്തവരുടേതാണെന്ന വിലയിരുത്തലിലാണ് നേതാക്കള്‍. അതുകൊണ്ടുതന്നെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഈ വോട്ടുകള്‍ക്ക് റോള്‍ ഇല്ലെന്നാണ് പറയുന്നത്.

പോളിങ് കൂടിയാല്‍ യുഡിഎഫിനും കുറഞ്ഞാല്‍ എല്‍ഡിഎഫിനും ഗുണംകിട്ടുമെന്ന കണക്കുകൂട്ടലുകള്‍ പഴയതാണ്. ഇപ്പോള്‍ മുന്നണികളെല്ലാം ഒരേ തന്ത്രമാണ് പയറ്റുന്നത്. ഉച്ചയ്ക്കുള്ളില്‍ പരമാവധി ഉറച്ച വോട്ടുകള്‍ ബൂത്തിലെത്തിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചു. അവശേഷിക്കുന്ന വോട്ടുകള്‍ ലിസ്റ്റ് തയ്യാറാക്കി ഉച്ചയ്ക്ക് ശേഷം ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടന്നു.

വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള കൊച്ചി കോര്‍പ്പറേഷന്‍ ഭരണമാണ് എല്‍ഡിഎഫ് ഉറപ്പിക്കുന്നത്. യുഡിഎഫ് പാളയത്തിലുണ്ടായ വിള്ളലുകള്‍ മുതലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. കൊച്ചി കോര്‍പ്പറേഷനില്‍ പശ്ചിമകൊച്ചിയില്‍ വലിയ മുന്നേറ്റമാണ് മുന്നണി പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റെ റിബലുകള്‍ ഇടതു ക്യാമ്പിലേക്ക് വിജയം എത്തിക്കുമെന്നതാണ് മുന്നേറ്റത്തിന്റെ അടിസ്ഥാനം. എറണാകുളം മേഖലയിലും ചില വാര്‍ഡുകളില്‍ യുഡിഎഫിന്റെ റിബലുകള്‍ ശക്തമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. . ഇത്തരം സ്ഥലങ്ങളില്‍ ശക്തമായ ചതുഷ്‌കോണ മത്സരങ്ങളാണ് നടന്നത്. എറണാകുളം മേഖലയില്‍ മിക്ക വാര്‍ഡുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമായതിനാല്‍ ഓരോ വോട്ടും വളരെ വിലപ്പെട്ടതായിരുന്നു. ഇതു മനസ്സിലാക്കിക്കൊണ്ടുള്ള 'അടിയിളക്കല്‍' മിക്ക വാര്‍ഡുകളിലും നടന്നിട്ടുണ്ട്.

എറണാകുളം മേഖലയില്‍ ത്രികോണമത്സരത്തിന്റെ ബലത്തില്‍ യുഡിഎഫ് വിജയം ഉറപ്പിക്കുന്നുണ്ട്. ഇടതുപക്ഷത്തിനൊപ്പംനിന്ന പരമ്പരാഗത സമുദായങ്ങളില്‍നിന്ന് ബിജെപിയിലേക്ക് വോട്ടുമാറിയിട്ടുണ്ടെന്ന വിലയിരുത്തലും മുന്നണിക്കുണ്ട്. അത് യുഡിഎഫിന് ഗുണംചെയ്യുമെന്നാണ് കരുതുന്നത്. കൊച്ചി കോര്‍പ്പറേഷനില്‍ വലിയ വിജയമുണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അവകാശപ്പെടുന്നത്.

പ്രതീക്ഷിക്കാത്ത ചില വാര്‍ഡുകളില്‍ ജയിക്കുമെന്ന വിശ്വാസത്തിലാണ് എന്‍ഡിഎ. എറണാകുളം നഗരത്തില്‍ രണ്ടുവാര്‍ഡുകള്‍ കൂടി പിടിക്കുമെന്ന വിശ്വാസമാണ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്.

മുനിസിപ്പാലിറ്റികള്‍ കൂടുതല്‍ പിടിക്കാനുള്ള നീക്കം ഇടതുപക്ഷത്തുനിന്ന് ഉണ്ടായിട്ടുണ്ട്. നിലവിലുള്ള നാലിടങ്ങളിലും വിജയം ആവര്‍ത്തിക്കുന്ന വോട്ടിങ് നടന്നിട്ടുണ്ടെന്ന് ഇടതുപക്ഷം പറയുന്നു. കളമശ്ശേരി ഉള്‍പ്പെടെ നല്ല പ്രവര്‍ത്തനം നടന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലത്ത് ഇടതുപക്ഷം ഭരണമാറ്റം പ്രതീക്ഷിക്കുന്നു.

ഏലൂര്‍, കോതമംഗലം മുനിസിപ്പാലിറ്റികളില്‍ ഇക്കുറി കൂടുതലായി സീറ്റ് പിടിക്കുമെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ്. തൃപ്പൂണിത്തുറയിലെ പോളിങ് തങ്ങള്‍ക്കനുകൂലമാണെന്ന വിലയിരുത്തലിലാണ് ബിജെപി.

ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് അനായാസ വിജയമാണ് ഉറപ്പിക്കുന്നത്. ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകളിലും രാഷ്ട്രീയാന്തരീക്ഷം വളരെ അനുകൂലമായിരുന്നുവെന്ന വിലയിരുത്തലാണ് യുഡിഎഫിനുള്ളത്. എന്നാല്‍, ബ്ലോക്കിലും ഗ്രാമപ്പഞ്ചായത്തിലും ഇക്കുറി നില മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് ഇടതുപക്ഷം കണക്കുകൂട്ടുന്നത്.

Content Highlights: Explore voter turnout trends and predictions for Kerala`s local body elections, with a focus on Kochi Corporation. See how the results might unfold.