രാഷ്ട്രീയം തൊഴിലാക്കി, വേതനം കൈപ്പറ്റി പൊതുജനങ്ങളെ സേവിക്കുന്നതിനോട് യോജിപ്പില്ല-ജോർജ് ഓണക്കൂർ

#കെ.കെ. വിശ്വനാഥൻ
ജോർജ് ഓണക്കൂർ
ജോർജ് ഓണക്കൂർ

പിറവം: രാഷ്ട്രീയം തൊഴിലാക്കിമാറ്റി വേതനം കൈപ്പറ്റി പൊതുജനങ്ങളെ സേവിക്കുകയാണെന്നു പറയുന്ന ഏർപ്പാടിനോട് യോജിപ്പില്ല. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവർ അതേ മേഖലകളിൽ തുടർന്നുകൊണ്ട് ജനസേവനം നടത്തുന്ന രീതിയാണ് തനിക്ക് ആകർഷകമായി തോന്നിയിട്ടുള്ളതെന്നും വിവിധ ലോകരാഷ്ട്രങ്ങളിൽ ആ മാതൃക ദർശിച്ചിട്ടുണ്ടെന്നും മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ പറയുന്നു.

തിരുവനന്തപുരം വട്ടിയൂർക്കാവ് നാലാഞ്ചിറ സുദർശനയിൽ താമസിക്കുന്ന ഡോ. ഓണക്കൂറിന് കോർപ്പറേഷന്റെ കിണവൂർ ഡിവിഷനിലാണ് വോട്ട്. ഏറെ വായിക്കപ്പെട്ട തന്റെ നോവൽ 'പ്രണയതാഴ് വരയിലെ ദേവദാരു' പോലെ നാടിന്റെ നന്മകളും പാരമ്പര്യവും സംസ്കാരവുമെല്ലാം നിറഞ്ഞതാണത്.

ഭൂപരിഷ്‌കരണ നിയമത്തിലൂടെ സർവവും നഷ്ടപ്പെട്ടവരുടെ കഥ പറയുന്ന ഡോ. ഓണക്കൂറിന്റെ 'ഇല്ലം' എന്ന നോവലിന് നേരത്തേ കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിരുന്നു. ജനാധിപത്യ വ്യവസ്ഥിതിയെ അർഥപൂർണമാക്കുന്നത് തിരഞ്ഞെടുപ്പുകളാണ്. അത് സത്യസന്ധമായും നീതിബദ്ധമായും നടക്കണം, പരമാവധി ജന പങ്കാളിത്തമുണ്ടാകണം.

പ്രായപൂർത്തിയായ കാലം മുതൽ ഒരു തിരഞ്ഞെടുപ്പിൽനിന്നും വിട്ടുനിന്നിട്ടില്ല. വിദ്യാർഥി, അധ്യാപകൻ എന്നീ നിലകളിൽ സംഘടനാപരമായ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു വിജയിച്ചിട്ടുണ്ട്. എന്നാൽ, കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി മത്സരത്തിൽ പങ്കെടുക്കാനുണ്ടായ ക്ഷണം വിനയപൂർവം നിരസിക്കുകയായിരുന്നു. എന്റെ ജീവിതം അക്ഷരസപര്യക്ക്‌ സമർപ്പിതമാണ്.

അതിൽ കക്ഷിരാഷ്ട്രീയത്തിന്റെ കറപുരളാതെ സൂക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ, ജനാധിപത്യബോധമുള്ള വ്യക്തി എന്ന നിലയിൽ മുന്നണി പ്രവർത്തകനാകാതെ ഉത്തമ സ്ഥാനാർഥികൾക്ക് അവരുടെ വിജയപഥം തെളിയിച്ചുകൊടുക്കാൻ ശ്രമിച്ചിട്ടില്ലെന്നില്ല. പ്രത്യേകിച്ചും അടുത്ത സ്‌നേഹിതന്മാരും പ്രിയ വിദ്യാർഥികളും സ്ഥാനാർഥികളാകുമ്പോൾ അത് ആവശ്യമായി വരും.

ആദർശരാഷ്ട്രീയത്തിന്റെ വിശ്വസ്തത നമ്മുടെ ഭരണമണ്ഡലത്തിൽ നിലനിൽക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അഴിമതിരഹിതവും വികസനോന്മുഖവുമായ ഭരണവ്യവസ്ഥയ്ക്കാണ് ഓണക്കൂറിന്റെ വോട്ട്. നാടിന്റെ വികസനമാകണം ഭരണകൂടത്തിന്റെ ലക്ഷ്യം. ഒപ്പം നാടിന്റെ സാംസ്‌കാരിക ഭദ്രത നഷ്ടപ്പെടാതെ സൂക്ഷിക്കുകയും വേണം.

Content Highlights: Renowned writer Dr. George Onakkoor shares his views on politics, public service, and ideal governance. Read his thoughts on dedicating life to literature and serving the nation.