കാലിടറാതെ കാൽനൂറ്റാണ്ട്; മടുക്കക്കാർക്ക് മടുത്തില്ല, 'അന്നമ്മച്ചേച്ചി ഞങ്ങൾക്കെന്നും പൊന്നാണ്'

കൂത്താട്ടുകുളം: പ്രായം എൺപതിലെത്തിയെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പെത്തിയാൽ അന്നമ്മ ആൻഡ്രൂസ് ഫോമിലാകും. കാൽനൂറ്റാണ്ടായി ഇലഞ്ഞി പഞ്ചായത്തിലെ മടുക്ക വാർഡിലെ പഞ്ചായത്തംഗമാണ് അന്നമ്മ. അഞ്ചുതവണ അങ്കത്തിനിറങ്ങി. അഞ്ചുതവണയും വിജയം. മൂന്നു വട്ടം ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റായി. നിലവിലുള്ള സമിതിയിലും പഞ്ചായത്തംഗമാണ്.
പ്രായമേറെയെത്തിയെങ്കിലും മടുക്കക്കാർക്ക് മടുപ്പില്ല. അന്നമ്മച്ചേച്ചി തന്നെ മത്സരത്തിലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മടുക്കയുടെ ഹൃദയമിടിപ്പ് അടുത്തറിയുന്നയാളാണ് താനെന്ന് അന്നമ്മ ആൻഡ്രൂസ് പറയുന്നു. പക്ഷേ, ഇക്കുറി അങ്കത്തട്ടിലേക്കില്ല. പ്രായം, ആരോഗ്യം എല്ലാം പരിഗണിച്ച് കളത്തിന് പുറത്തുനിന്നുള്ള സഹായങ്ങൾ നൽകും.
െഡയറി ഡിവലപ്‌മെൻറ് വകുപ്പിൽ ഉണ്ടായിരുന്ന ജോലി രാജിവെച്ചാണ് നിയമപഠനം പൂർത്തിയാക്കിയത്. 45-ാം വയസ്സിൽ വക്കീലായി. പത്ത് വർഷം കഴിഞ്ഞ് രാഷ്ട്രീയത്തിലേക്കെത്തി. 1990-ലാണ് രാഷ്ട്രീയക്കളരിയിലേക്കിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ത്രാസ് അടയാളത്തിൽ ബാലറ്റ് പേപ്പറിൽ ആദ്യ സ്ഥാനംപിടിച്ച് കളത്തിലിറങ്ങിയത് നിറമുള്ള ഓർമ്മയാണെന്ന് അന്നമ്മ പറയുന്നു.
ആദ്യ മത്സരത്തിൽ തന്നെ വിജയിച്ചു. പിന്നെ എല്ലാ തിരഞ്ഞെടുപ്പിലും മത്സരിച്ചത് കൈപ്പത്തി ചിഹ്നത്തിലാണ്. കൂടുതൽ ഭൂരിപക്ഷത്തോടെ, തന്നെ ജയിപ്പിച്ചത് മടുക്കക്കാർക്ക് തന്നോടുള്ള സ്നേഹത്തിന്റെ അളവായി അന്നമ്മച്ചേച്ചി കരുതുന്നു.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എതിർ ചേരികളിലായവർ അന്നമ്മ ആൻഡ്രൂസിന്റെ വിജയത്തിനായി ഒപ്പംകൂടിയത് രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദത്തിന്റെ പ്രതിഫലനമായി മാറി. പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റതും ഒരു നിയോഗമായി. ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം ലഭിച്ചത് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി.
സർക്കാർ ജോലി, വക്കീൽ പണി, ജനപ്രതിനിധി എന്നിങ്ങനെ പല വേഷങ്ങളിൽ തിളങ്ങുമ്പോഴും വായനയും എഴുത്തും മുടക്കിയില്ലെന്ന് അവർ പറയുന്നു. നാല് നോവലുകൾ എഴുതി പൂർത്തിയാക്കി. നക്ഷത്രങ്ങളെ സാക്ഷി, മനസ്സിലുറങ്ങുന്ന സ്മരണകൾ, മനസ്സിലൊരു സ്മാരകം, സ്വർഗസീമ എന്നിവ അന്നമ്മയുടെ അക്ഷരങ്ങളോടുള്ള അടുപ്പത്തിന്റെ തെളിവായി വായനക്കാരുടെ മുന്നിലെത്തി.
'അന്നമ്മച്ചേച്ചി ഞങ്ങൾക്കെന്നും പൊന്നാണ്, മടുക്കക്കാർക്ക് മടുപ്പില്ല....’ആരാധകരുടെ പിന്തുണ തെളിയിക്കുന്ന പഴയ മുദ്രാവാക്യങ്ങളെഴുതിയ പുസ്തകത്താളുകളും തിരഞ്ഞെുടുപ്പ് പ്രചാരണ നോട്ടീസുകളും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
Content Highlights: Meet Annamma Andrews, a 25-year political veteran from Madukka Ward, Ilanji Panchayat. Despite her age, locals want her to contest again. Learn about her journey.