19,871 സ്ഥാനാര്‍ഥികൾ; ചരിത്രത്തിലെ ഏറ്റവുംവലിയ സ്ഥാനാര്‍ഥിപ്പട്ടികയെന്ന് ബിജെപി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നും 21,065 സ്ഥാനാര്‍ഥികളാണ് എന്‍ഡിഎ സ്ഥാനാർഥികളായും എന്‍ഡിഎയുടെ പിന്തുണയോടെയും മത്സരരംഗത്തുള്ളതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്. 19,871 സ്ഥാനാര്‍ഥികളാണ് താമര ചിഹ്നത്തില്‍ കേരളത്തില്‍ മത്സരിക്കുന്നത്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്ന പാര്‍ട്ടി ബിജെപിയാണ്. ഏറ്റവുംകൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ചിഹ്നം താമരയാണ്. 89.5 ശതമാനം സീറ്റുകളിലും സ്ഥാനാര്‍ഥികളെ രംഗത്തിറക്കിക്കൊണ്ട് ബിജെപി ചരിത്രത്തിലെ ഏറ്റവുംവലിയ സ്ഥാനാര്‍ഥിപ്പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നതെന്നും അഡ്വ. എസ്. സുരേഷ് പറഞ്ഞു.

നഗരസഭകളില്‍ 99 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. ബ്ലോക്കില്‍ 93 ശതമാനം സീറ്റുകളിലും ബിജെപി-എന്‍ഡിഎ സഖ്യം മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിലും സിപിഎമ്മിലും വിമതശല്യം രൂക്ഷമാണ്. തിരുവനന്തപുരത്തുതന്നെ ഏഴ് വിമത സ്ഥാനാര്‍ഥികളാണ് സിപിഎമ്മിലുള്ളത്. കോണ്‍ഗ്രസില്‍ അഞ്ച് വിമതര്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നു. എന്നാല്‍, എന്‍ഡിഎ ഒരു അച്ചടക്കമുള്ള മുന്നണിയെന്ന നിലയിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എസ്. സുരേഷ് പറഞ്ഞു.

സ്ത്രീ സുരക്ഷാ പെന്‍ഷന്‍ ഫോമുകയുടെയും ക്ഷേമ പെന്‍ഷന്റേയും പേരില്‍ ഭരണസംവിധാനമുപയോഗിച്ച് സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സ്ഥാനാര്‍ഥിയോടൊപ്പം സിപിഎമ്മിന്റെ നേതാക്കള്‍ വീടുകള്‍തോറും കയറി 'സ്ത്രീ സുരക്ഷാ പെന്‍ഷന്‍ ഫോമുകള്‍' എന്ന പേരില്‍ വിതരണം ചെയ്യുകയാണ്. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ പേരില്‍ സിപിഎം ഫോമുകള്‍ വിതരണം ചെയ്യുന്ന രീതി ചട്ടലംഘനമായിക്കണ്ട് പരാതി ലഭിക്കുന്ന ഇടങ്ങളില്‍ നടപടി കൈക്കൊള്ളണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ബിജെപി ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പരാജയഭീതി മൂലം സിപിഎം ക്ഷേമ പെന്‍ഷന്‍ കിട്ടുന്നവരുടെ യോഗങ്ങള്‍ വാര്‍ഡടിസ്ഥാനത്തില്‍ ഒരുമിച്ച് വിളിക്കുകയാണ്. ഞങ്ങള്‍ക്ക് പിണറായി വിജയനോട് പറയാനുള്ളത്, കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നത് അങ്ങയുടെ കുടുംബസ്വത്തില്‍നിന്നല്ല. കേരളത്തിലെ ക്ഷേമപെന്‍ഷന്‍ അങ്ങയുടേയോ അങ്ങയുടെ പാര്‍ട്ടിയുടേയോ ഔദാര്യവുമല്ല. അത് അര്‍ഹരായിട്ടുള്ള പാവങ്ങളുടെ അവകാശമാണ്. ക്ഷേമ പെന്‍ഷന്‍ കിട്ടേണ്ടവരെ പിച്ചച്ചട്ടി എടുപ്പിച്ച പിണറായി വിജയന്‍ ഇപ്പോള്‍ ക്ഷേമ പെന്‍ഷന്റെ പേരില്‍ ആള്‍ക്കാരെ വിളിച്ചുകൂട്ടുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും സുരേഷ് ആരോപിച്ചു. ഇത്തരത്തില്‍ ഭരണസംവിധാനം ഉപയോഗിച്ച് വശീകരിക്കുകയും പ്രലോഭിപ്പിക്കുകയും അതിലൂടെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ വിവസ്ത്രമാക്കി നിര്‍ത്തിയിരിക്കുകയാണെന്നും സുരേഷ് പറഞ്ഞു. കോണ്‍ഗ്രസിന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറി മുതല്‍ കെപിസിസി നേതാക്കള്‍വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍പില്‍ നിന്ന് വിറയ്ക്കുകയാണ്. അതിനെതിരേ പ്രതികരിക്കാനുള്ള ശേഷിപോലും കെ.സി. വേണുഗോപാല്‍ മുതല്‍ ഇങ്ങോട്ടുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇല്ലാതെ പോയത്, അവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഭയക്കുന്നതുകൊണ്ടാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ എന്തെങ്കിലും നടപടിയെടുത്താല്‍ തങ്ങളുടെ കള്ളക്കളികളും അതോടൊപ്പംതന്നെ പുറംപൂച്ചും പുറത്തുവരും എന്നുള്ള ഭയമാണ് കെ.സി. വേണുഗോപാലും വി.ഡി. സതീശനും ഉള്‍പ്പെടെയുള്ള മുഴുവന്‍ നേതാക്കളേയും ഇന്ന് ബാധിച്ചിരിക്കുന്നത്.

പക്ഷേ, ഈ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസെടുക്കാന്‍ എന്താണ് പിണറായി വിജയനെ പിന്തിരിപ്പിക്കുന്ന ഘടകമെന്ന് മനസ്സിലാകുന്നില്ല. ഞങ്ങള്‍ക്ക് പറയാനുള്ളത് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി പടിയടച്ച് പിണ്ഡംവെയ്ക്കാന്‍ ഇവിടത്തെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. അയാളെ ജയിലഴികള്‍ക്കുള്ളിലാക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം. കേരളത്തിലെ പൊതുപ്രവര്‍ത്തന സംസ്‌കാരത്തിന് മുഴുവന്‍ അപമാനമാണ് ഈ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിട്ടുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍. അയാളെ ഇങ്ങനെ അഴിച്ചുവിടാന്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഗൂഢാലോചനയുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേഷ് പറഞ്ഞു.

Content Highlights: BJP Fields Record Number of Candidates in Kerala Elections, Highest Ever