‘ട്രാൻസ്ജെ‍ൻഡറല്ല, എല്ലാ രേഖകളിലും ഞാൻ സ്ത്രീ, വ്യാജപ്രചരണം അവസാനിപ്പിക്കൂ’-അരുണിമ

#ഇലക്ഷൻ ഡെസ്ക്
ചിരിയോടെ... : ജില്ലാ പഞ്ചായത്തിലെ വയലാർ ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ട്രാൻസ്‌വുമൻ അരുണിമ എം. കുറുപ്പ് പത്രിക സമർപ്പിക്കാനെത്തിയപ്പോൾ കളക്ടർ അലക്സ് വർഗീസിന്റെ ടെൻഷനുണ്ടോയെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടു മറുപടി പറയുന്നു | ഫോട്ടോ: സി. ബിജു
ചിരിയോടെ... : ജില്ലാ പഞ്ചായത്തിലെ വയലാർ ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ട്രാൻസ്‌വുമൻ അരുണിമ എം. കുറുപ്പ് പത്രിക സമർപ്പിക്കാനെത്തിയപ്പോൾ കളക്ടർ അലക്സ് വർഗീസിന്റെ ടെൻഷനുണ്ടോയെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടു മറുപടി പറയുന്നു | ഫോട്ടോ: സി. ബിജു

ആലപ്പുഴ: നിയമപരമായി താൻ എല്ലാ രേഖകളിലും സ്ത്രീയാണെന്നും ആറ് വർഷം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ് സ്ത്രീയാണ് ജീവിക്കുന്നതെന്നും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയായി പത്രിക നൽകിയശേഷം ട്രാൻസ്‌ വുമൻ അരുണിമ എം. കുറുപ്പ് പറഞ്ഞു. പിന്നെന്തിനാണ് ഈ വ്യാജ പ്രചാരണം നടത്തുന്നതെന്നും അരുണിമ ചോദിച്ചു.

‘വോട്ടർപട്ടിക, ആധാർ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവയിലെല്ലാം താൻ സ്ത്രീയാണെന്നും ഒരു രേഖയിലും ട്രാൻസ്ജെ‍ൻഡർ എന്നു രേഖപ്പെടുത്തിയിട്ടില്ലെന്നും അരുണിമ പറഞ്ഞു.

വനിതാസംവരണ ഡിവിഷനിൽ ട്രാൻസ്ജെൻഡറിനു മത്സരിക്കാനാകില്ലെന്ന് പ്രചാരണമുണ്ടായിരുന്നു. വെള്ളിയാഴ്ച കളക്ടറേറ്റിൽ ജില്ലാ വരണാധികാരിക്ക്‌ പത്രിക നൽകാനെത്തിയപ്പോൾ തള്ളിപ്പോകുമെന്ന് ആരോ പറഞ്ഞു. ഇത് അരുണിമയെ ഏറെ വിഷമിപ്പിച്ചു. ഇതിനു പിന്നാലെയാണ് മാധ്യമങ്ങളോട് അവർ നിലപാടു വ്യക്തമാക്കിയത്.

ട്രാൻസ്ജെൻഡർ വിഭാഗത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്തവരാണ് വ്യാജപ്രചാരണം നടത്തുന്നത്. ട്രാൻസ്​മെൻ, ട്രാൻസ്​വുമൻ തുടങ്ങിയ വിഭാഗമുണ്ട്.

ശസ്ത്രക്രിയയിലൂടെ ട്രാൻസ് വുമണായവർ സ്ത്രീയായിരിക്കുമെന്ന് സുപ്രീംകോടതിയും കേന്ദ്രവും പറഞ്ഞിട്ടുണ്ട്. സ്ത്രീയാണെന്നുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മാത്രം മതി. സ്ത്രീയെന്നു കളക്ടർ സാക്ഷ്യപ്പെടുത്തിയ രേഖയും കൈയിലുണ്ട്.

നവോത്ഥാനം പറയുന്ന ആളുകൾ എന്തിന് നുണക്കഥ പ്രചരിപ്പിച്ച് വേദനിപ്പിക്കുന്നെന്നും ജനാധിപത്യത്തിലൂടെ നേരിട്ടാൽ പോരേയെന്നും അരുണിമ ചോദിച്ചു.

വ്യാജ പ്രചാരണത്തിനു പിന്നിൽ തോൽക്കുമെന്ന ഭയമാണെന്നും അവർ കൂട്ടിച്ചേർത്തു. ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറൽ സെക്രട്ടറിയുമാണ്.

Content Highlights: 'Legally I Am A Woman, Stop Fake Propaganda': Congress Trans Woman Candidate Arunima M Kurup on Her Nomination