സീറ്റ് നിഷേധിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി വിട്ടു, സ്വതന്ത്രയായി മത്സരിക്കും; സിപിഐ നേതാവ് കോണ്‍ഗ്രസിലേക്ക്

ആലപ്പുഴ: സാമ്പത്തിക ബാധ്യതയുള്ളയാളെന്ന പേരില്‍ സിപിഎം വനിതാ ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതില്‍ പ്രതിഷേധിച്ച് ഇവര്‍ ബ്രാഞ്ച് സെക്രട്ടറിസ്ഥാനവും മറ്റു ഭാരവാഹിത്വങ്ങളും രാജിവെച്ചു. സ്വതന്ത്രയായി മത്സരിക്കും.
മണ്ണഞ്ചേരി പഞ്ചായത്തിലെ ഏക സിപിഎം വനിതാ ബ്രാഞ്ച് സെക്രട്ടറി ചക്കാലവെളി എകെവി ബ്രാഞ്ച് സെക്രട്ടറി അനിതാശിവനാണ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ച് സ്വതന്ത്രയായി മത്സരിക്കുക. ഇവര്‍ മഹിളാ അസോസിയേഷന്‍ ഏരിയ കമ്മിറ്റിയംഗം, ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ മണ്ണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
തദ്ദേശതിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് 18-ാം വാര്‍ഡില്‍ ഇത്തവണ അനിതയാകും സിപിഎം സ്ഥാനാര്‍ഥിയെന്ന് വ്യാപക പ്രചാരണം നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങളും തുടങ്ങി. എന്നാല്‍, ശനിയാഴ്ച വൈകീട്ടു ചേര്‍ന്ന അമ്പനാകുളങ്ങര ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് അനിതയ്ക്കു പകരം മറ്റൊരു വനിതയാണ് മത്സരിക്കുന്നതെന്നു വ്യക്തമാക്കിയത്. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത വനിതയെ സ്ഥാനാര്‍ഥിയാക്കി കെട്ടിയിറക്കിയെന്നാരോപിച്ച് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ അനിതയും മറ്റൊരു വനിതയും ചോദ്യംചെയ്തു.
പ്രകോപിതനായ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇരുവരെയും ലോക്കല്‍ കമ്മിറ്റി യോഗത്തില്‍നിന്ന് ഇറക്കിവിട്ടു. ബഹളമുണ്ടാക്കാന്‍ ഇത് മഹിള അസോസിയേഷന്‍ യോഗമല്ലെന്നും ലോക്കല്‍ കമ്മിറ്റി യോഗമാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പറഞ്ഞതത്രെ.
പിന്നീട് അനിതയെ പാര്‍ട്ടിയുടെ എല്ലാ സാമൂഹികമാധ്യമ ഗ്രൂപ്പുകളില്‍നിന്നു പുറത്താക്കി. പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നു രാജിവെച്ചതായും സ്വതന്ത്രയായി മത്സരിക്കുമെന്നും അനിത മാതൃഭൂമിയോടു പറഞ്ഞു.
ആശ വര്‍ക്കര്‍ എന്നനിലയില്‍ വരുമാനം ലഭിക്കുന്നയാളാണെന്നും സാമ്പത്തിക ബാധ്യതയുള്ളയാളാണെന്നതുമാണ് തന്നെ തഴയാനുള്ള കാരണമായി പാര്‍ട്ടി നേതൃത്വം പറയുന്നതെന്നും അനിത പറഞ്ഞു. എന്നാല്‍, ജില്ലയില്‍ 16 ആശമാര്‍ മത്സരിക്കുന്നുണ്ടെന്നും സാമ്പത്തികബാധ്യത ഗ്രൂപ്പുകളില്‍നിന്നുള്ള വായ്പകള്‍ മാത്രമാണെന്നും അനിത പറഞ്ഞു.
സീറ്റിനായി സിപിഐ നേതാവ് കോണ്‍ഗ്രസിലേക്ക്
സിപിഐ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സിപിഐ നേതാവ്. സിപിഐ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും നിലവിലെ മണ്ഡലം സെക്രട്ടേറിയറ്റംഗവുമാണ് പാര്‍ട്ടി മാറുന്നത്. അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. നഗരസഭയിലെ കുതിരപ്പന്തി വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ഥിയാകുന്നതിനായി നീക്കം നടത്തിയിരുന്നു. എന്നാലിത് പാര്‍ട്ടി നിഷേധിച്ചു. തുടര്‍ന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കുന്നത്.
ഇദ്ദേഹം കഴിഞ്ഞദിവസം ഡിസിസി ഓഫീസിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ രണ്ടു സിപിഐ ഭാരവാഹികളാണ് പാര്‍ട്ടി മാറി മത്സരിക്കുന്നതിനായി രാജിവെക്കുന്നത്.
Content Highlights: CPM Branch Secretary Anita Sivan resigns to contest independently; CPI leader defects to Congress in Alappuzha