ഭാഗ്യം കോൺഗ്രസിനെ കൈവിട്ടു; ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ ബിജെപിക്ക് നറുക്കെടുപ്പിലൂടെ ഭരണം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ബിജെപിക്ക് ഭരണം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നറുക്കെടുപ്പിലൂടെ ബിജെപി സ്ഥാനാർഥികൾ ജയിച്ചു. ബിജെപി സ്ഥാനാർഥി വി. വിനിത പ്രസിഡന്റായും ദിനേശ് കുമാർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

പഞ്ചായത്തിൽ എൻഡിഎയ്ക്ക് കോൺഗ്രസിനും ഏഴുവീതം സീറ്റുകളാണ് ലഭിച്ചിരുന്നത്. എൽഡിഎഫിന് അഞ്ച് സീറ്റുകളും ലഭിച്ചു. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ യുഡിഎഫിനും എൻഡിഎയ്ക്കും ഏഴ് വോട്ടുകൾ വീതം ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.

ആലപ്പുഴ ജില്ലയിലാകെ എട്ട് പഞ്ചായത്തുകളിൽ ബിജെപി ഭരിക്കും. ആലാ, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻ വണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂർ പഞ്ചായത്തുകളാണ് ബിജെപി ഭരിക്കുക. ചെങ്ങന്നൂർ നിയമസഭാ നിയോജകമണ്ഡലത്തിലെ ആകെ പത്ത് പഞ്ചായത്തുകളിൽ അഞ്ചിടത്തും ബിജെപിയാണ് ഭരിക്കുന്നത്. ജില്ലയിലാകെ 72 പഞ്ചായത്തുകളാണുള്ളത്.

Content Highlights: BJP Secures Cherthala Grama Panchayat Leadership Through Lucky Draw