കൈപ്പത്തിക്കരുത്തുമായി യുവനിര, പോരാട്ട സാധ്യതയുള്ള സീറ്റുകൾ ചോദിച്ച് യൂത്ത് കോൺഗ്രസ്

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുന്ന സീറ്റുകൾ തേടി യൂത്ത് കോൺഗ്രസ്. പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾക്ക് സ്ഥാനാർഥിനിർണയത്തിൽ പരിഗണന ഉറപ്പാക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടുെവച്ചിട്ടുണ്ട്. സീറ്റുകളുടെ എണ്ണക്കണക്കിനും ശതമാനത്തിനുമപ്പുറം ശക്തമായ പോരാട്ടം ഉറപ്പാക്കാൻ കഴിയുന്ന നിയമസഭാമണ്ഡലങ്ങളാണ് സംഘടന ആവശ്യപ്പെടുന്നത്. ചാത്തന്നൂർ, മാവേലിക്കര, വൈക്കം, ബാലുശ്ശേരി മണ്ഡലങ്ങളും കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില സീറ്റുകളുമാണ് യൂത്ത് കോൺഗ്രസ് നേതൃത്വം ഈ ഗണത്തിൽപ്പെടുത്തിയിട്ടുള്ളത്. ഇതോടൊപ്പം സഭയിൽ യൂത്ത് കോൺഗ്രസിന്റെ പ്രാതിനിധ്യം ഉറപ്പാക്കാൻ ജയസാധ്യതയുള്ള ഏതാനും സീറ്റുകളും തേടുന്നു. അവഗണിക്കപ്പെടുന്നവരും പാർശ്വവത്കരിക്കപ്പെട്ടതുമായ സമുദായങ്ങളിൽനിന്നുള്ളവരെ സഭയിലെത്തിക്കുന്നതിന് കോൺഗ്രസ് നേതൃത്വം മുൻകൈയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യുവനിരയെ രംഗത്തിറക്കിയത് സംഘടനയ്ക്കും പാർട്ടിക്കും ഗുണകരമായി. യൂത്ത് പഞ്ചായത്ത് എന്ന പ്രചാരണപരിപാടി സംഘടിപ്പിച്ചതുവഴി, ഇടതുപക്ഷത്തിന്റെ കോട്ടകളായിരുന്ന സീറ്റുകളിൽ പലതിലും വിജയിക്കാനുമായി. 29 പഞ്ചായത്തുകളിൽ പ്രസിഡന്റ്-വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾമുതൽ മണ്ഡലം പ്രസിഡന്റുവരെയുള്ളവർ എത്തി. പുതുമുഖങ്ങളെ ജനം സ്വീകരിച്ചു.
ഇത് സംഘടനാപരമായി നേട്ടമുണ്ടാക്കി. മുൻകാലങ്ങളിൽ കിട്ടിയതിനെക്കാൾ വലിയ അംഗീകാരമായ, ഈ വിജയം വ്യക്തമായിത്തന്നെ, വയനാട്ടിൽ നടന്ന ക്യാമ്പിൽ കോൺഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്താനുമായി. വിജയത്തുടർച്ചയുണ്ടാക്കാനും നിയമസഭയിൽ യുവനിരയുടെ പ്രാധാന്യം ഉറപ്പാക്കാനുമാണ് സ്ഥാനാർഥിനിർണയച്ചർച്ചകൾ തുടങ്ങുംമുൻപുതന്നെ തങ്ങളുടെ ആവശ്യങ്ങൾ പാർട്ടിനേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.
Content Highlights: Youth Congress Demands Key Assembly Seats for Strong Electoral Performance