പാലായിൽ ജോസിന് പകരം നിഷയോ? ഒരുമുഴം മുന്നെ റോഷിയുടെ 'പ്രഖ്യാപനം' വെറുതെയല്ല

#സ്വന്തം ലേഖകന്‍
നിഷ, ജോസ് കെ. മാണി, റോഷി അഗസ്റ്റിൻ | Photo: Mathrubhumi
നിഷ, ജോസ് കെ. മാണി, റോഷി അഗസ്റ്റിൻ | Photo: Mathrubhumi

പാലാ: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിക്ക് പകരം ഭാര്യ നിഷ ജോസ് കെ. മാണിയുടെ പേരും പാലാ നിയോജകമണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥി ചർച്ചയിൽ സജീവം. അടുത്തിടെയായി പാലാ മണ്ഡലത്തിലെ മത-സാമുദായിക പരിപാടികളിലും പൊതുചടങ്ങുകളിലും നിഷയുടെ സജീവ സാന്നിധ്യമുണ്ട്. ഇതോടെയാണ് നിഷ സ്ഥാനാർഥിയാകുമോ എന്ന ആകാംക്ഷ പലരും പങ്കുവെക്കുന്നത്. ജോസ് ആകട്ടെ ഇതുവരെയും പാലായിൽ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുമില്ല.

നിഷ സ്ഥാനാർഥിയായി വരാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് റോഷി അഗസ്റ്റിൻ പാലായിൽ പാർട്ടി ചെയർമാൻ തന്നെ മത്സരിക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതെന്ന അടക്കംപറച്ചിലും പാർട്ടിയിലുണ്ട്. ജോസ് കെ. മാണി വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മൈക്ക് പിടിച്ചുവാങ്ങി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് റോഷി പറഞ്ഞത്. തൊട്ടടുത്ത ദിവസവും റോഷി ഇതാവർത്തിച്ചു. എന്നാൽ, ആര് മത്സരിക്കുമെന്ന് ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്ന് ജോസ് ആവർത്തിച്ചതോടെ പാർട്ടിയിൽ ജോസും റോഷിയും രണ്ട് വഴിക്കാണോ എന്ന സംശയവും ഉടലെടുത്തു.

രാജ്യസഭയിൽ ജോസിന് അടുത്ത വർഷം ഡിസംബർ വരെ കാലാവധി ബാക്കിയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ തോൽവി നേരിട്ടത് ഇത്തവണയും ആവർത്തിച്ചാൽ രാജ്യസഭാ സ്ഥാനം കൂടി ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന സാഹചര്യത്തിലാണ് ജോസ് കെ. മാണി ഭാര്യ നിഷയെ പാലായിൽ സ്ഥാനാർഥിയാക്കാൻ ഒരുങ്ങുന്നതെന്നാണ് റോഷിയുടെ അനുയായികൾ കുറ്റപ്പെടുത്തുന്നത്. പാലായിൽ നിഷ സ്ഥാനാർഥിയാവുന്നതിനെ റോഷി അനുകൂലിക്കുന്നില്ല.

നിഷ പാലായിൽ സ്ഥാനാർഥിയാവുന്നത് റോഷി വിഭാഗം ഒരു തരത്തിലും അംഗീകരിക്കാൻ സാധ്യതയില്ല. പാലായിൽ നിഷ വിജയിക്കുകയും ജോസ് കെ. മാണി രാജ്യസഭാംഗമായി തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ പാർട്ടിൽ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുമെന്ന് റോഷി വിഭാഗം കരുതുന്നു. അതിനാൽത്തന്നെ നിഷയെ പാലായിൽ മത്സരിപ്പിക്കാതിരിക്കാനുള്ള പ്രതിരോധം തീർക്കുകയാണ് അവർ.

അതേസമയം, നിഷ പാലാ മണ്ഡലത്തിലെ പൊതുപരിപാടികളിൽ സജീവമായി പങ്കെടുക്കുന്നത് തുടരുന്നുണ്ട്. പുലിയന്നൂർ ക്ഷേത്രത്തിലെ ഉത്സവത്തിൽ നിഷ പങ്കെടുത്തതും ഗാനമേളയിൽ പെൺകുട്ടികളോടൊപ്പം നൃത്തം ചെയ്തതിന്റെ വീഡിയോ വൈറലായിരുന്നു. തുടർന്ന് മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും നിഷ പങ്കെടുക്കുന്നതും ഇതിന്റെയെല്ലാം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും പതിവായിട്ടുണ്ട്. ഇതെല്ലാം നിയമസഭയിലേക്കു മത്സരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്നാണ് എതിർവിഭാഗം വിലയിരുത്തുന്നത്.

 
 

നിഷ വിജയിക്കുകയും ഇടതുമുന്നണി ഭരണത്തിൽ എത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഇടുക്കിയിൽ വിജയിച്ചാൽപോലും റോഷിക്ക് മന്ത്രിസ്ഥാനം കിട്ടണമെന്നില്ല. റോഷിയും പാലാ മണ്ഡലത്തിൽ ചെറുതും വലുതുമായ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.

അതേസമയം, നിലവിൽ പാലാ മുനിസിപ്പാലിറ്റിയിലെ ചെയർപേഴ്‌സണും വൈസ് ചെയർപേഴ്‌സണും വനിതകൾ ആയതിനാൽ നിയമസഭാ മണ്ഡലത്തിലും വനിതാ സ്ഥാനാർത്ഥി വേണമെന്ന് ജോസ് കെ. മാണി വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. സിറ്റിങ് എംഎൽഎ മാണി സി. കാപ്പന് പുറമെ ഷോൺ ജോർജ് എൻഡിഎ സ്ഥാനാർഥിയായി വരുന്നതോടെ നിഷ മത്സരിക്കുകയാണെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും റോഷി വിഭാഗം ചൂണ്ടിക്കാട്ടുന്നു.

നിഷ വരുന്നതിനോട് സിപിഎമ്മിന്റെ നിലപാട് എന്തായിരിക്കുമെന്ന് ഇനിയും വ്യക്തമല്ല. നിഷയുടെ പേരിൽ ജോസും റോഷിയും തമ്മിൽ ഭിന്നത ഉടലെടുത്താൽ അത് കേരള കോൺഗ്രസ് എമ്മിനെ വീണ്ടുമൊരു പിളർപ്പിലെത്തിച്ചാലും അത്ഭുതപ്പെടാനില്ല. യുഡിഎഫിലേക്കു തിരിച്ചുപോവാനുള്ള ജോസ് കെ മാണിയുടെ ശ്രമത്തിനു തടയിട്ടതിനു പിന്നിൽ റോഷി അഗസ്റ്റിന്റെ ശക്തമായ നിലപാടാണെന്നതു വ്യക്തമാണ്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖയായി പുറത്തുവന്നതും ഇത് അടിവരയിടുന്നു.

Content Highlights: will nisha jose k mani contest in palai assembly seat what is the motive behind roshy augstine announcement