'പുന്നപ്ര-വയലാറിന്റെ പോരാട്ടവീര്യം വിപണിയിൽ വെക്കാനുള്ളതല്ല'; ജി. സുധാകരനെതിരേ വി.എസിന്റെ മകൻ

വി.എ. അരുൺകുമാർ,  ജി. സുധാകരൻ |Photo: Mathrubhumi
വി.എ. അരുൺകുമാർ, ജി. സുധാകരൻ |Photo: Mathrubhumi

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന സി.പി.എം. മുൻനേതാവ് ജി. സുധാകരനെ ലക്ഷ്യമിട്ട് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അധികാരമോഹങ്ങൾക്കും താത്കാലിക ലാഭങ്ങൾക്കും വേണ്ടി ചിലർ സ്വന്തം രാഷ്ട്രീയവേരുകൾ മറന്ന് പുതിയ താവളങ്ങൾ തേടുന്നതു കാണുമ്പോൾ അദ്ഭുതം തോന്നുന്നില്ല, മറിച്ച് സഹതാപം മാത്രമാണെന്ന് അരുൺകുമാർ കുറിച്ചു.

കുറിപ്പിന്റെ ചുരുക്കം: തിരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ടതോടെ ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ആവേശകരമായ ഒരു പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. തിരഞ്ഞെടുപ്പുകാലം പലപ്പോഴും മനുഷ്യരുടെ രാഷ്ട്രീയബോധ്യങ്ങളുടെയും ആദർശസ്ഥിരതയുടെയും ഉരകല്ലു കൂടിയാണ്.

അധികാരമോഹങ്ങൾക്കും താത്കാലിക ലാഭങ്ങൾക്കും വേണ്ടി ചിലർ തങ്ങളുടെ രാഷ്ട്രീയവേരുകൾ മറന്ന് പുതിയതാവളങ്ങൾ തേടുന്നത് കാണുമ്പോൾ അദ്ഭുതം തോന്നുന്നില്ല, മറിച്ച് സഹതാപം മാത്രമാണ്. പുന്നപ്ര-വയലാറിന്റെ മണ്ണിൽനിന്നു പകർന്നുകിട്ടിയ പോരാട്ടവീര്യം വിപണിയിൽ വെക്കാനുള്ളതല്ലെന്ന് ഇത്തരക്കാർ വൈകാതെ തിരിച്ചറിയും.

നിഴലുകൾക്കു വെളിച്ചത്തിനനുസരിച്ച് രൂപം മാറാം. പക്ഷേ, വേരുകൾ എന്നും മണ്ണിൽത്തന്നെ ഉറച്ചുനിൽക്കും. പലയിടങ്ങളിലും പാർട്ടിപ്രവർത്തകർക്കിടയിൽ ചില സ്വരഭേദങ്ങൾ കേൾക്കുന്നുണ്ട്. പ്രസ്ഥാനത്തെ ജീവശ്വാസമായി കാണുന്ന സാധാരണക്കാരുടെ വികാരം ഉൾക്കൊള്ളാൻ പാർട്ടിനേതൃത്വത്തിനു കഴിയുമെന്നും ഒറ്റക്കെട്ടായി നമ്മൾ ഈ പോരാട്ടത്തെ നേരിടുമെന്നും ഉറച്ചുവിശ്വസിക്കുന്നു.

ഭിന്നതകൾ വിതച്ച് കൊയ്യാൻ നോക്കുന്നവർക്കു മുൻപിൽ പതാക താഴെ വെക്കാൻ ഈ പ്രസ്ഥാനം ശീലിച്ചിട്ടില്ല. അച്ഛൻ കാണിച്ചുതന്ന ആദർശത്തിന്റെ നേർവഴിയേ, യാതൊരു ഇടർച്ചയുമില്ലാതെ ഞാൻ ഇവിടെയുണ്ട്.

Content Highlights: VA Arun Kumar slams G Sudhakaran for switching political allegiances in Ambalappuzha.