‘മത്സരിക്കാതെ മറ്റുമാർഗമില്ല’; പയ്യന്നൂരിൽ സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ച് വി. കുഞ്ഞികൃഷ്ണൻ

പയ്യന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ നിന്ന് സിപിഎം പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ മത്സരിക്കും. പയ്യന്നൂർ മണ്ഡലത്തിൽ ടി.ഐ. മധുസൂദനനെ സി.പി.എം. വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞികൃഷ്ണൻ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം സിപിഎം തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
ഇത്രയും ആരോപണങ്ങൾക്ക് വിധേയനായ ഒരു വ്യക്തിയെ വീണ്ടും സ്ഥാനാർഥിയായി പയ്യന്നൂരിൽ മത്സരിപ്പിക്കാൻ ഇടതുപക്ഷം സന്നദ്ധമാകില്ല എന്ന വിശ്വാസത്തിലാണ് നേരത്തേ നിലപാട് പറയാതിരുന്നത്. പക്ഷേ ഇടതുപക്ഷം അദ്ദേഹത്തെ തന്നെ പയ്യന്നൂരിൽ നിന്ന് മത്സരിപ്പിക്കുന്നതിന് വേണ്ടിയുള്ള തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്. അങ്ങനെ വരുമ്പോൾ എന്റെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ലാതെ മറ്റുമാർഗമില്ല. അതിനാൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്നതിന് വേണ്ടിയുള്ള തീരുമാനത്തിൽ എത്തിച്ചേർന്നെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
അഴിമതിക്കെതിരായിട്ടുള്ള പോരാട്ടമെന്നുള്ള നിലയിലാണ് ഇതിനെ കാണുന്നതെന്നും ഇടതുപക്ഷത്തിനെതിരായിട്ടുള്ള ഒരു പോരാട്ടമായി സ്ഥാനാർഥിത്വത്തെ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷം നിലനിൽക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. എന്നാൽ പയ്യന്നൂരിലെ ഇടതുസ്ഥാനാർഥിയെ ഒരു ഇടതുപക്ഷക്കാരനായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത്. ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും ക്രമക്കേട് നടന്നതായി കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. പിന്നാലെ അദ്ദേഹം പുസ്തകവും പുറത്തിറക്കി. പയ്യന്നൂരിലെ സിപിഎമ്മിലെ ഫണ്ട് വിവാദത്തെക്കുറിച്ചാണ് പുസ്തകത്തിലൂടെ വി. കുഞ്ഞികൃഷ്ണൻ വിശദീകരിക്കുന്നത്. ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും മാത്രമായി പാർട്ടിക്ക് നഷ്ടമായത് 91 ലക്ഷത്തോളം രൂപയാണെന്നാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. പാർട്ടിയെ സംരക്ഷിക്കണോ നേതാവിനെ സംരക്ഷിക്കണോ എന്നതായിരുന്നു തന്നെ അലട്ടിയ വിഷയം. നേതാവിനെയല്ല, പാർട്ടിയെയാണ് സംരക്ഷിക്കേണ്ടതെന്നായിരുന്നു താൻ എത്തിച്ചേർന്ന ഉറച്ച തീരുമാനം. എന്നാൽ, പാർട്ടി എന്തായാലും വേണ്ടില്ല നേതാവിനെ സംരക്ഷിക്കുക എന്ന നിലപാടാണ് നേതൃത്വത്തിന്റെത്. അതിനാലാണ് തനിക്ക് ഈ നിലയിൽ തുറന്നെഴുതേണ്ടി വന്നതെന്നും പുസ്തകത്തിൽ വി. കുഞ്ഞികൃഷ്ണൻ പറയുന്നു.
സിറ്റിങ് എം.എൽ.എ. കൂടിയായ ടി.ഐ. മധുസൂദനൻ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. ബാലസംഘം ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സി.പി.എം. ഏരിയാ സെക്രട്ടറി, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം, പയ്യന്നൂർ നഗരസഭാ വൈസ് ചെയർമാൻ, പയ്യന്നൂർ സഹകരണ ആസ്പത്രി പ്രസിഡന്റ്, പയ്യന്നൂർ എ.കെ.ജി. ഹോസ്പിറ്റൽ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം, കേരള പൂരക്കളി അക്കാദമി ഭരണസമിതി അംഗം എന്നീനിലകളിൽ പ്രവർത്തിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയാണ്.
Content Highlights: V Kunhikrishnan announces independent candidacy against CPM nominee TI Madhusoodanan in Payyannur., The decision stems from dissatisfaction over the party's re-nomination of a candidate linked to fund controversies., Kunhikrishnan alleges a loss of 91 lakh rupees in party fund irregularities., The candidate frames his run as a fight against corruption rather than against the Left ideology.