മൂന്നുസീറ്റുകൾ തിരിച്ചുപിടിക്കണം; യുഡിഎഫിൽ വെച്ചുമാറ്റ തന്ത്രം

#കെ. പത്മജൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: വെച്ചുമാറ്റത്തിലൂടെ കൈവിട്ടുപോയ മൂന്നുസീറ്റുകൾ ഒന്നിച്ചുപടിക്കാനുള്ള തന്ത്രങ്ങൾ യുഡിഎഫ് ക്യാമ്പിൽ ചർച്ചയാവുന്നു. കളമശ്ശേരി മണ്ഡലം കൊച്ചിയുമായി വെച്ചുമാറണമെന്ന ആവശ്യം മുസ്‌ലിം ലീഗിൽ ശക്തമാണ്. വിഭാഗീയത ശക്തമായി നിലനിൽക്കുന്ന കളമശ്ശേരിയിൽ വീണ്ടും പാർട്ടി സ്ഥാനാർഥി വരുന്നത് തിരിച്ചടിയാവുമെന്നാണ് ലീഗിൽ നടക്കുന്ന ചർച്ച. തുടർച്ചയായി യുഡിഎഫ് വിജയിച്ചുവന്നിരുന്ന മണ്ഡലത്തിന്റ രാഷ്ട്രീയ അന്തരീക്ഷം മുന്നണിക്ക് അനുകൂലമാണെങ്കിലും മുസ്‌ലിം ലീഗിലെ പടലപ്പിണക്കങ്ങൾ മുന്നണിക്കാകെ ദോഷം ചെയ്യുന്നവിധത്തിലാണ്. അതിനാൽ മുൻപ് ലീഗ് മത്സരിച്ചിരുന്ന പഴയ മട്ടാഞ്ചേരി ഉൾപ്പെടുന്ന കൊച്ചി മണ്ഡലം ഇക്കുറി തിരിച്ചുവാങ്ങണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.

കളമശ്ശേരി മണ്ഡല രൂപവത്കരണശേഷംനടന്ന ആദ്യത്തെ രണ്ടുതിരഞ്ഞെടുപ്പുകളിലും മുസ്‌ലിം ലീഗിന് സീറ്റ് പിടിക്കാനായെങ്കിൽ 2021-ലെ തിരഞ്ഞെടുപ്പിൽ 15,336 വോട്ടിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ലീഗിലെ ഗ്രൂപ്പുയുദ്ധം ഒടുവിൽ മുന്നണിയുടെ പരാജയത്തിലേക്ക് വഴിവെയ്ക്കുകയായിരുന്നു.

കൊച്ചിയിൽ കോൺഗ്രസിലും സമാനമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. ഗ്രൂപ്പും കുതികാൽവെട്ടുംമൂലം കൊച്ചി കോൺഗ്രസിന് നഷ്ടമാവുകയായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുള്ളിലെ അടിയൊഴുക്കുമൂലം അന്ന് സ്ഥാനാർഥിയായിരുന്ന ടോണി ചമ്മണിക്ക് 14,079 വോട്ടിന് തോൽക്കേണ്ടിവന്നു. 2016-ലെ തിരഞ്ഞെടുപ്പിലും ഡൊമിനിക് പ്രസന്റേഷന്, റിബലിന്റെ വരവോടെ നേരിയ മാർജിനിൽ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. കോൺഗ്രസിന് തലവേദനയായ കൊച്ചി മുസ്‌ലിം ലീഗിന് കൈമാറിയാൽ അവിടെ വിജയിക്കാൻ സാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

പഴയ മട്ടാഞ്ചേരി മണ്ഡലത്തിൽ 2001-ലും 2006-ലുമെല്ലാം വിജയിച്ച മുസിലിം ലീഗിന് വലിയ ജനകീയാടിത്തറ കൊച്ചിയിലുണ്ട്. കോൺഗ്രസ് ലത്തീൻ സമുദായത്തിനായി കൊച്ചിമണ്ഡലം മാറ്റിവെച്ചിരിക്കുന്നതിനാൽ വെച്ചുമാറുംമുൻപ് അക്കാര്യത്തിലും തീരുമാനമുണ്ടാകേണ്ടതായി വരും. ലത്തീൻ സമുദായത്തിന് വൈപ്പിൻ സീറ്റ് നൽകുന്നതിനെക്കുറിച്ചാണ് നേതാക്കൾ ആലോചിക്കുന്നത്. സഭാവോട്ടുകളുടെ പിൻബലത്തിൽ, അതുവഴി വൈപ്പിൻ സീറ്റും തിരിച്ചുപിടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ തീരുമാനവും ലത്തീൻ സഭയുടെ നിലപാടും ’വെച്ചുമാറ്റതന്ത്ര’ത്തിൽ നിർണായകമാകും.

Content Highlights: UDF discusses seat swap to regain lost seats. Muslim League eyes Kochi, Congress weighs options. Learn about the strategic political maneuvering in Kerala.