തിരുവമ്പാടി കോൺഗ്രസിന് വിട്ടുനൽകാൻ മുസ്‌ലിം ലീഗ്; പകരം ആവശ്യപ്പെടുക പട്ടാമ്പി സീറ്റ്

#ന്യൂസ ്ഡെസ്ക്
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: തിരുവമ്പാടി സീറ്റ് ഒടുവിൽ കോൺഗ്രസിന് വിട്ടുനൽകാൻ തയ്യാറായി മുസ്‌ലിം ലീഗ്. പകരം ചോദിച്ചത് പട്ടാമ്പി സീറ്റ്. രാഷ്ട്രീയമായി യു.ഡി.എഫിന് മുൻതൂക്കമുള്ള മണ്ഡലമാണ് തിരുവമ്പാടി. സാമുദായികസമവാക്യമാണ് ഇവിടെ വിജയം നിർണയിക്കുന്നത്. ലീഗ് സ്ഥാനാർഥിയെ നിർത്തിയാൽ വിജയിക്കില്ലെന്നാണ് വിലയിരുത്തൽ. സാധ്യതയുള്ള സീറ്റ് നഷ്ടപ്പെടുത്തേണ്ട എന്നതുകൊണ്ടാണ് മണ്ഡലം വിട്ടുനൽകാൻ തയ്യാറായത്.

കോൺഗ്രസ് ഏറ്റെടുത്താൽ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ എന്നിവരുടെ പേരുകളാണുള്ളത്. നിലന്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനുവേണ്ടി ജോയ് മാറിക്കൊടുത്തതാണ്. ജോയിക്ക് മലപ്പുറത്ത് സുരക്ഷിതമണ്ഡലം നൽകാനില്ല. അതുകൊണ്ട് തിരുവമ്പാടിയിൽ അദ്ദേഹത്തിനുതന്നെയാണ് മുൻതൂക്കം.

പട്ടാന്പിയിൽ കോൺഗ്രസിലെ സി.പി. മുഹമ്മദ് രണ്ടുതവണ എം.എൽ.എ.യായതാണ്. കഴിഞ്ഞതവണ പട്ടാന്പിയിൽ മത്സരിച്ച യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. അതിനിടയിലാണ് ഇങ്ങനെ ഒരു നീക്കം. മണ്ണാർക്കാട് കഴിഞ്ഞാൽ മുസ്‌ലിം ലീഗിന് സ്വാധീനമുള്ള പാലക്കാട്ടെ മണ്ഡലമാണ് പട്ടാന്പി. ലീഗിന് ഇവിടെ വിജയിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

നിലവിൽ പാലക്കാട് ജില്ലയിലെ കോങ്ങാട് കോൺഗ്രസിന് നൽകാൻ ലീഗിൽ ധാരണയായിട്ടുണ്ട്. കെ.എ. തുളസിയായിരിക്കും ഇവിടെ യു.ഡി.എഫ്. സ്ഥാനാർഥി. ബാലുശ്ശേരിയിൽ യു.സി. രാമന് പകരം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജിയെ പരിഗണിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. കോങ്ങാടിനു പകരം ബാലുശ്ശേരി ലീഗിന് നൽകുന്നുണ്ടെങ്കിലും കോങ്ങാട് വിട്ടുനൽകുമ്പോൾ ജില്ലയിലെ മറ്റൊരു മണ്ഡലം പകരം നൽകുക എന്ന രീതിയിലും പട്ടാമ്പി പരിഗണിച്ചേക്കും. 27 സീറ്റുകളിലാണ് മുസ്‌ലിം ലീഗ് മത്സരിക്കുന്നത്. മുന്നണിയിലെ സീറ്റ് വെച്ചുമാറ്റചർച്ചകളാണ് ലീഗിലെ സ്ഥാനാർഥിനിർണയം െെവകാൻ കാരണമാകുന്നത്.

Content Highlights: Muslim League agrees to give up Thiruvambadi seat to Congress., Pattambi is being considered as a compensatory seat for the League., VS Joy and Sony Sebastian are top contenders for Congress in Thiruvambadi., Candidate selection is delayed due to ongoing seat-sharing negotiations within the UDF.