ആദ്യമായി സീറ്റ്‌; 2 തവണ BJP രണ്ടാമതെത്തിയ ചാത്തന്നൂരിൽ ഫോർവേഡ് ബ്ലോക്കിനെ ഇറക്കാൻ യുഡിഎഫ്

#ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്
Congress flags | Photo: Mathrubhumi
Congress flags | Photo: Mathrubhumi

ന്യൂഡൽഹി: കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ പുതിയ പരീക്ഷണത്തിന് യുഡിഎഫ്. ഇത്തവണ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെ മത്സരിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. പ്രചാരണത്തിന് ഇറങ്ങാൻ കോൺഗ്രസ് നേതൃത്വം ദേവരാജനോട് ആവശ്യപ്പെട്ടതായാണ് സൂചന. കൊല്ലം ആണ് ഫോർവേർഡ് ബ്ലോക്ക് ആവശ്യപ്പെട്ടതെങ്കിലും സീറ്റ് വിട്ട് നൽകാൻ കോൺഗ്രസ് തയ്യാറായില്ല.

ചാത്തന്നൂർ നിയമസഭാമണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയത് ബിജെപി നേതാവായ ബി.ബി. ഗോപകുമാർ ആയിരുന്നു. കഴിഞ്ഞ തവണ ബി.ബി. ഗോപകുമാർ - 42090 വോട്ട് നേടിയതോടെ ബിജെപിയുടെ എ ക്ളാസ് മണ്ഡലമായി ചാത്തന്നൂർ മാറിയിരുന്നു. മുതിർന്ന നേതാവായ എൻ പീതാംബരക്കുറുപ്പ് മത്സരിച്ചിട്ടും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

2016-ലും കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ മത്സരിച്ചിട്ടും മൂന്നാമതായി. ഇത്തവണ മുൻ എംഎൽഎ പ്രതാപവർമ്മ തമ്പാന്റെ മകൾ ചൈത്ര തമ്പാനെ രംഗത്ത് ഇറക്കി ബിജെപിയിലേക്കുള്ള വോട്ട് ഒഴുക്കിന് തടയിടാൻ ആയിരുന്നു ആദ്യഘട്ടത്തിൽ കോൺഗ്രസിലെ ആലോചന. എന്നാൽ, ഫോർവേഡ് ബ്ലോക്കിന് കൊല്ലം ജില്ലയിൽ സീറ്റ് നൽകണമെന്ന തീരുമാനം ഉണ്ടായതോടെയാണ് ജി. ദേവരാജൻ ചാത്തന്നൂരിൽ എത്തുന്നത്.

മൂന്ന് തവണ തുടർച്ചയായി മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചുവന്ന ജി.എസ് ജയലാലിനെ ടേം വ്യവസ്ഥ പ്രകാരം മാറ്റി മുതിർന്ന നേതാവ് ആർ രാജേന്ദ്രനെയാണ് സിപിഐ പരിഗണിക്കുന്നത്. 1965-ൽ മണ്ഡലം രൂപംകൊണ്ട ശേഷം നടന്ന 15 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 12 തവണയും ഇടതുപക്ഷത്തെ വിജയിപ്പിച്ച മണ്ഡലമാണ് ചാത്തന്നൂർ. ദേവരാജന്റെ ദേശിയ പ്രതിച്ഛായ മണ്ഡലത്തിൽ ഗുണംചെയ്യുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. ഇത് ആദ്യമായിട്ടാണ് ഫോർവേഡ് ബ്ലോക്കിന് യുഡിഎഫിൽ നിയമസഭാ സീറ്റ് നൽകുന്നത്.

Content Highlights: UDF allocates a seat to the Forward Bloc for the first time in Kerala assembly history., G. Devarajan to contest from Chadayamangalam to counter BJP's growing influence., Historical context: Chadayamangalam has been a Left-leaning stronghold for decades., Strategic shift: Replacing local candidates with a national-profile leader to regain lost ground.