വി.ഡി. സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ; ‘സർവേകളിൽ കണ്ടത് ജനവികാരം, അത് പരിഗണിക്കണം’

#അരുണ്‍ അമൃതനാഥ് | മാതൃഭൂമി ന്യൂസ്
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ | ചിത്രം: അജിത് ശങ്കരൻ, മാതൃഭൂമി | വി.ഡി. സതീശൻ | Photo: PTI
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ | ചിത്രം: അജിത് ശങ്കരൻ, മാതൃഭൂമി | വി.ഡി. സതീശൻ | Photo: PTI

മലപ്പുറം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച് കോൺഗ്രസിൽ നേരത്തേതന്നെ ചർച്ചകൾ തുടങ്ങിയിരുന്നു. മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ യുഡിഎഫിന് ഭരണം ലഭിക്കും എന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്.

ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങൾ കൈക്കൊള്ളുക എന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. 'സർവേകളിൽ കണ്ടത് ജനങ്ങളുടെ അഭിപ്രായം. മന്ത്രിസഭ ഉണ്ടാക്കുന്ന കാര്യത്തിലടക്കം ജനങ്ങളുടെ വികാരം പരിഗണിച്ചാകും യുഡിഎഫ് മുന്നോട്ട് പോവുക.' അദ്ദേഹം പറഞ്ഞു.

എക്‌സിറ്റ് പോളിൽ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയിരിക്കുന്നത് വി.ഡി. സതീശനാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുവേണം മുഖ്യമന്ത്രി ആരാകണമെന്നുള്ള തീരുമാനം വരേണ്ടതെന്ന മുസ്ലിം ലീഗ് അധ്യക്ഷന്റെ പ്രതികരണം വരുന്നത് എന്നതാണ് ശ്രദ്ധേയം.

യുഡിഎഫിൽ നേതാക്കളുടെ രാജിക്കാര്യത്തിലടക്കം മുസ്ലിം ലീഗിന്റെ നിലപാട് വളരെ നിർണായകമായി മാറാറുണ്ട്. അതുകൊണ്ടുതന്നെ 'ജനവികാരം' എന്ന പേരിൽ ലീഗ് വി.ഡി. സതീശന് നൽകുന്ന ഈ പരോക്ഷ പിന്തുണ യുഎഡിഎഫിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിലുള്ള തീരുമാനത്തിൽ നിർണായകമാകും.

മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണ ലീഗിനുണ്ടെന്ന് നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. ഉചിതമായ സമയത്ത് കോൺഗ്രസ് ഹൈക്കമാൻഡിനേയും സംസ്ഥാന നേതൃത്വത്തെയും ഇക്കാര്യം അറിയിക്കും എന്ന നിലപാടാണ് ലീഗ് അന്ന് കൈക്കൊണ്ടത്.

രമേശ് ചെന്നിത്തലയുമായി ദീർഘകാലമായുള്ള ബന്ധമാണ് മുസ്ലിം ലീഗിനുള്ളത്. കെ.സി. വേണുഗോപാലുമായും ലീഗിന് പ്രത്യേകം പ്രശ്‌നങ്ങൾ ഒന്നുതന്നെ ഉണ്ടായിരുന്നില്ല. ആറുമാസം മുമ്പുവരെ, വി.ഡി. സതീശനോ രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രിയാകട്ടെ എന്ന മൃദുസമീപനമാണ് ലീഗ് സ്വീകരിച്ചിരുന്നത്. എന്നാൽ എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ, വി.ഡി. എന്ന പേരിലേക്ക് എത്തുകയായിരുന്നു.

Content Highlights: Sadiqali Thangal emphasizes respecting public opinion from 2026 exit polls. Implicit endorsement of VD Satheesan for the CM post by the Muslim League. UDF leadership will consider public sentiment for cabinet formation. Shift in Muslim League's stance from neutral to favoring Satheesan.