മുൻ ഇന്ത്യൻ താരം യു. ഷറഫലി; നിലമ്പൂരിൽ സ്വതന്ത്ര പരീക്ഷണവുമായി എൽഡിഎഫ്

മലപ്പുറം: സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഇത്തവണ ഒരേയൊരു അദ്ഭുതം ഇന്ത്യയുടെ മുൻ അന്താരാഷ്ട്ര ഫുട്‌ബോൾ താരം യു. ഷറഫലി. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം യു. ഷറഫലി മത്സരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ അറിയിച്ചു.
അരീക്കോട് സ്വദേശിയായ ഷറഫലിയെ ആദ്യം ഏറനാട് മണ്ഡലത്തിലേക്കാണ് പരിഗണിച്ചിരുന്നതെങ്കിലും അത് സി.പി.ഐ.യുടെ സീറ്റായതിനാൽ അദ്ദേഹത്തെ നിലമ്പൂരിലേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുൻപ് പി.വി. അൻവർ രാജിവെച്ചതിനെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലും ഷറഫലിയുടെ പേര് ആദ്യഘട്ടത്തിൽ ഉയർന്നു വന്നിരുന്നെങ്കിലും അന്ന് എം. സ്വരാജിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചത്.
കോഴിക്കോട് സർവകലാശാലയ്ക്ക് വേണ്ടി കളിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഫുട്‌ബോൾ ജീവിതം ആരംഭിച്ചത്. പിന്നീട് കേരള ഫുട്‌ബോൾ ടീമിലെ കരുത്തുറ്റ ഡിഫൻഡറായി മാറിയ അദ്ദേഹം, 1985 മുതൽ 1995 വരെ പത്തുവർഷക്കാലം കേരളത്തിനായി സന്തോഷ് ട്രോഫിയിൽ കളിച്ചു. 1992-ലും 1993-ലും കേരളം സന്തോഷ് ട്രോഫി കിരീടം ചൂടിയപ്പോൾ ആ വിജയങ്ങളിൽ ഷറഫലി നിർണായക പങ്ക് വഹിച്ചിരുന്നു. വി.പി. സത്യൻ, സി.വി. പാപ്പച്ചൻ, ഐ.എം. വിജയൻ, എം. ബാബുരാജ് എന്നിവരടങ്ങുന്ന കേരള പോലീസിന്റെയും കേരള ടീമിന്റെയും സുവർണ കാലഘട്ടത്തിലെ പ്രധാന താരമായിരുന്നു അദ്ദേഹം.
ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഷറഫലി, 1993-ൽ നടന്ന സൂപ്പർ സോക്കർ സീരീസിൽ ഇന്ത്യൻ ദേശീയ ടീമിനെ നയിച്ചു. 1994-ൽ കൊറിയയിലും ഹോങ്കോങ്ങിലുമായി നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബെയ്‌റൂത്തിനെതിരെ ഇന്ത്യക്കായി അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്. കളിക്കാരൻ എന്നതിലുപരി കേരള പോലീസ് ടീമിന്റെ മാനേജർ, മുഖ്യ പരിശീലകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.
2022-ൽ കേരളത്തിൽ നടന്ന സന്തോഷ് ട്രോഫി മത്സരങ്ങളുടെ സംഘാടനത്തിലും അദ്ദേഹം ഇവന്റ് കോ-ഓഡിനേറ്ററായി പ്രവർത്തിച്ചിരുന്നു. കായികരംഗത്തെ അനുഭവസമ്പത്താണ് 2023-ൽ അദ്ദേഹത്തെ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചത്.
മലബാർ സ്പെഷ്യൽ പോലീസിൽ 12 വർഷം അസിസ്റ്റന്റ് കമൻഡാന്റായി പ്രവർത്തനമനുഷ്ഠിച്ച യു. ഷറഫലി പിന്നീട് നാലുവർഷം കമൻഡാന്റുമായിരുന്നു. 2026-ലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി അദ്ദേഹം സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു.
നിലമ്പൂരിലെ അദ്ദേഹത്തിന്റെ കുടുംബ-സുഹൃദ് ബന്ധങ്ങളും സിപിഎമ്മിന്റെ ശക്തമായ സംഘടനാ സംവിധാനവും വിജയമുറപ്പിക്കാൻ സഹായിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
Content Highlights: Former Indian football star U Sharafali confirmed as LDF candidate for Nilambur., Resigned from State Sports Council President post to focus on election., Strong organizational support from CPM and local ties expected to bolster campaign., Historical context of candidacy shift from Eranad to Nilambur.