കേരളത്തിൽ തൂക്കുസഭയ്ക്കും സാധ്യത, BJP 11 സീറ്റുകൾ വരെ നേടാം; ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ

ന്യൂഡൽഹി: കേരളത്തിൽ തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകളും എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകളും നേടാമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. അതേസമയം ബിജെപി 3 മുതൽ 11 സീറ്റുകൾ വരെ നേടാമെന്നും എൽഡിഎഫും യുഡിഎഫും അധികാരത്തിലേറാനുള്ള സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എക്‌സിറ്റ് പോളുകളിലെല്ലാം യുഡിഎഫ് ഭരണത്തിലേറുമെന്നാണ് പ്രവചിച്ചിരുന്നത്. എൽഡിഎഫിന് തുടർഭരണ സാധ്യതയില്ലെന്നുമായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ ഇതാദ്യമായാണ് എൽഡിഎഫിന് തുടർഭരണസാധ്യത നിലനിർത്തിക്കൊണ്ടുള്ള എക്‌സിറ്റ് പോൾ ഫലം പുറത്തുവരുന്നത്. എൽഡിഎഫ് 64 സീറ്റുകൾ നേടുമെന്നാണ് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചിക്കുന്നതെങ്കിലും പരമാവധി ഒൻപത് സീറ്റുകൾ അധികമായി നേടാനുള്ള സാധ്യതയും പ്രവചിക്കുന്നു. അതായത് എൽഡിഎഫ് 73 സീറ്റുകൾ വരെ നേടാമെന്നർഥം. കേവലഭൂരിപക്ഷം മറികടന്ന് അധികാരത്തിലെത്താനുള്ള സാധ്യത ഈ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.
യുഡിഎഫിന് 69 സീറ്റുകളാണ് പ്രവചിക്കുന്നത്. അതേസമയം തന്നെ ഒൻപത് സീറ്റുകൾ വരെ പരമാവധി കൂടുതലായി നേടാമെന്നും പ്രവചിക്കുന്നു. അതായത് പരമാവധി യുഡിഫ് 78 സീറ്റുകൾ വരെ നേടാം. എൻഡിഎ ഏഴുസീറ്റുകൾ നേടുമെന്നുമാണ് പ്രവചനം. നാലുസീറ്റുകളുടെ വ്യത്യാസവും പ്രവചിക്കുന്നു. ആകെ യുഡിഎഫ് 40-43% വരെ വോട്ടുകളും എൽഡിഎഫ് 38-41% വരെ വോട്ടുകളും സമാഹരിക്കുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. എൻഡിഎ 20-23% വരെ വോട്ടുകൾ നേടാമെന്നുമാണ് പ്രവചനം.
അസമിലും പശ്ചിമ ബംഗാളിലും ബിജെപി അധികാരത്തിലെത്തുമെന്നും ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ബംഗാളിൽ ബിജെപി 181 മുതൽ 203 സീറ്റുകളും തൃണമൂൽ കോൺഗ്രസ് 89 മുതൽ 111 സീറ്റുകൾ വരെയും നേടും. അസമിൽ ബിജെപി 93 മുതൽ 111 വരെ സീറ്റുകളും കോൺഗ്രസ് 14 മുതൽ 32 വരെ സീറ്റുകളും നേടാമെന്നുമാണ് എക്‌സിറ്റ് പോൾ പ്രവചനം.
തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണത്തിലേറാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. ഡിഎംകെ 114 മുതൽ 136 വരെ സീറ്റുകൾ നേടാം. ടിവികെ 52 മുതൽ 74 വരെയും എഐഡിഎംകെ 34 മുതൽ 56 വരെ സീറ്റുകളും നേടാം.
Content Highlights: Today's Chanakya predicts a close contest in Kerala between LDF and UDF., LDF projected to win 55-73 seats, while UDF is projected to win 60-78 seats., BJP is expected to secure 3-11 seats in Kerala with a potential hung assembly., BJP predicted to win in West Bengal and Assam., DMK projected to secure victory in Tamil Nadu.