ഏകാധിപത്യ രീതി, ഗ്രൂപ്പ് താത്പര്യങ്ങൾക്ക് മാത്രം മുൻഗണന; ബൽറാമിനെതിരേ തൃത്താല കോൺഗ്രസിൽ പടയൊരുക്കം

തൃത്താല: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താല കോൺഗ്രസിൽ വീണ്ടും ഭിന്നത രൂക്ഷം. നിയോജകമണ്ഡലത്തിൽ മുൻ എംഎൽഎ വി.ടി. ബൽറാമിനെതിരേ കോൺഗ്രസിനുള്ളിൽത്തന്നെ പ്രതിഷേധം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. ബൽറാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുന്നയാളാണെന്നും ഏകാധിപത്യ രീതിയാണെന്നുമാണ് ചില നേതാക്കളുടെ ആരോപണം.
ബൽറാമിന്റെ നടപടികളിൽ പ്രതിഷേധിച്ച് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പ്രത്യേക ഗ്രൂപ്പ് യോഗം ചേർന്നെന്നും വിവരമുണ്ട്. പാർട്ടിക്കുള്ളിലെ കെ. കരുണാകരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ബൽറാമിന്റെ ഏകാധിപത്യപരമായ പ്രവർത്തനശൈലിയെ പ്രവർത്തകർ കടുത്ത ഭാഷയിൽ വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് കെ. കരുണാകരൻ ഫൗണ്ടേഷന്റെ പേരിൽ പുതിയ ഗ്രൂപ്പ് രൂപവത്കരണം നടന്നത്. ഡിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 30-ലധികം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം.
ബൽറാം, ഗ്രൂപ്പ് താത്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്നുവെന്നും സാധാരണ പ്രവർത്തകരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നുമാണ് പ്രധാന ആരോപണം. പാർട്ടിക്ക് വഴങ്ങാത്ത രീതിയിലാണ് ബൽറാം പ്രവർത്തിക്കുന്നതെന്നും പാർട്ടിക്ക് അതീതമായി കാര്യങ്ങൾ ചെയ്യുന്നുവെന്നും പ്രവർത്തകർ ആരോപിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ പരാജയത്തിന് കാരണം ഇത്തരം ആഭ്യന്തര തർക്കങ്ങളാണെന്നും ഈ ഗ്രൂപ്പ് വിലയിരുത്തുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എം.ബി. രാജേഷിനെതിരേ ശക്തമായ പോരാട്ടം നടക്കാനിരിക്കെ, കോൺഗ്രസിനുള്ളിലെ ഈ വിഭാഗീയത വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
Content Highlights: V.T. Balram accused of autocratic leadership and group favoritism., A new faction of Congress leaders has formed in Thrithala to oppose him., Infighting intensifies ahead of the upcoming assembly elections., Internal disputes are cited as a key reason for his previous electoral defeat.