ഏഴ് മണ്ഡലങ്ങളിൽ സി.പി.എം; തൃശൂർ ജില്ലയിൽ ഇടതിന്റെ ചിത്രമായി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുപക്ഷത്തിന്റെ പട്ടികയ്ക്ക് ഏതാണ്ട് രൂപമായി. ഏഴിടങ്ങളിൽ സി.പി.എം. സ്ഥാനാർഥികളെ നിശ്ചയിച്ചു. പുതുക്കാട് കെ.കെ.രാമചന്ദ്രൻ, മണലൂരിൽ സി.രവീന്ദ്രനാഥ്, ഗുരുവായൂരിൽ എൻ.കെ. അക്ബർ, ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു, കുന്നംകുളത്ത് എ.സി. മൊയ്തീൻ, ചേലക്കരയിൽ യു.ആർ. പ്രദീപ്, വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എന്നിവരാണ് പട്ടികയിൽ.

സി.പി.ഐയുടെ നിലവിലെ തീരുമാനം തൃശ്ശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ, ഒല്ലൂരിൽ കെ.രാജൻ, നാട്ടികയിൽ ഗീതാ ഗോപി, കൊടുങ്ങല്ലൂരിൽ വി.ആർ. സുനിൽകുമാർ, കയ്പമംഗലത്ത് കെ.കെ. വത്സരാജ് എന്നിവരെ മത്സരിപ്പിക്കാനാണ്.

മുന്നണിയിലെ കേരള കോൺഗ്രസ് എമ്മിന്റെ സീറ്റായ ചാലക്കുടിയിൽ മാത്രം കൃത്യമായ തീരുമാനമായില്ല. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ, മുൻ മത്സരത്തിലെ സ്ഥാനാർഥി ഡെന്നീസ് കെ. ആന്റണി തുടങ്ങിയവരുടെ പേരാണ് കേട്ടിരുന്നത്.

എന്നാൽ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കാൻ ജില്ലാ ഘടകം തീരുമാനിച്ചതായാണ് വിവരം. അങ്ങനെയെങ്കിൽ തുടർച്ചയായി മൂന്നുതവണ ചാലക്കുടി മുനിസിപ്പൽ‌കൗൺസിലറായ വി.ജെ. ജോയിയെയാണ് പരിഗണിക്കുക. ജോയിക്ക് മറ്റുള്ളവരേക്കാളും വിജയസാധ്യത പാർട്ടി വിലയിരുത്തുന്നുണ്ട്.

സ്ഥാനാർഥി നിർണയത്തിൽ എൻ.ഡി.എ.യാണ് ഏറെ പിന്നിൽ. തൃശ്ശൂർ മണ്ഡലത്തിൽ മാത്രമാണ് സ്ഥാനാർഥിയായത്.

പത്മജാ വേണുഗോപാലാണ് രംഗത്തെന്ന് ഏതാണ്ട് ഉറപ്പായി. ജില്ലയ്ക്കു പുറമേനിന്നുള്ള ജേക്കബ് താേമസും എം.ടി. രമേശും മത്സരിക്കാനുണ്ടാകുെമന്നാണ് സൂചന. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.കെ. അനീഷ് കുമാറും ബി. ഗോപാലകൃഷ്ണനും ജില്ലയിൽ മത്സരത്തിനുണ്ടാകും. മറ്റു സ്ഥാനാർഥികളെപ്പറ്റി സൂചന പോലുമായില്ല.

Content Highlights: The LDF candidate list for Thrissur district assembly seats is nearing completion with CPM naming seven candidates while CPI and Kerala Congress M finalize their choices.